തൃശൂര്‍: ഇലത്താള കലാകാരന് വല്ലച്ചിറ ചരളിയില്‍ കൃഷ്ണന്‍കുട്ടി നായരുടെ മകന് ചെറുശ്ശേരി ശ്രീകുമാര്‍ (കുട്ടന് നായര്‍ 41) അന്തരിച്ചു. പനി ബാധിച്ച് ഇന്നലെയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിത്. നഷ്ടമായത് ഇലത്താള വാദനത്തിലെ യുവകലാകാരനെയാണ്. തൃശൂര്‍, ആറാട്ടുപുഴ, തൃപ്രയാര്‍, കൂടല്‍മാണിക്യം, തൃപ്പുണിത്തുറ, ഉത്രാളിക്കാവ് തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക ഉത്സവങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നു. ഭൗതികശരീരത്തില്‍ വാദ്യകലാരംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സംസ്കാരം ഉച്ചക്ക് ഒരു മണിയോടെ പാറമേക്കാവ് ശാന്തിഘട്ടില്‍. അമ്മ സരസ്വതി അമ്മ. ഭാര്യ സിനി. മക്കള്‍ നിരഞ്ജന്, അഭിമന്യു.
വേര്‍പാടിന്റെ വേദനയില്‍ വല്ലച്ചിറയും ചെറുശ്ശേരിയും; ഓര്‍മയായത് കുടുംബത്തിന്റെ ഏക ആശ്രയം
തൃശൂര്‍: ഇലത്താളകലാകാരന്‍ ചെറുശ്ശേരി കുട്ടന്നായരുടെ വേര്‍പാടിന്റെ വേദനയിലാണ് വല്ലച്ചിറയും ചേര്‍പ്പും ചെറുശ്ശേരിയും ഉള്‍പ്പെടെയുള്ള വാദ്യഗ്രാമങ്ങളും വാദ്യകലാകാരന്മാരും. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി വാദ്യകലാരംഗത്ത് ശ്രദ്ധേയസാന്നിധ്യമായിരുന്നു കുട്ടന് എന്നു വിളിക്കുന്ന ശ്രീകുമാര്‍. മേളപ്രമാണിയായ പണ്ടാരത്തില്‍ ചെറുശ്ശേരി കുട്ടന്മാരാരുടെ താളക്കാരനായാണ് കൂടുതലും വാദ്യവേദികളില്‍ പങ്കെടുക്കാറുള്ളത്.
തൃശൂര്‍ പൂരം തിരുവമ്പാടി വിഭാഗത്തിന്റെ മേളനിരയിലാണ് കുട്ടന് കൊട്ടിയിരുന്നത്. പെരുവനം പൂരം, ആറാട്ടുപുഴ പൂരം, ഊരകം പുറപ്പാട്, തൃപ്രയാര്‍, തൃക്കൂര്, തൃപ്പൂണിത്തുറ, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവം എന്നിങ്ങനെ കേരളത്തിലെ ഒട്ടുമിക്ക പൂരം, ഉത്സവം, താലപ്പൊലി എന്നിവയില്‍ മേളനിരയില്‍ പങ്കെടുത്തു.
തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഏകാദശിയോടനുബന്ധിച്ച തായമ്പകോത്സവത്തിലും കുട്ടന് സ്ഥിരസാന്നിധ്യമായിരുന്നു. ഊരകം അമ്മതിരുവടി ക്ഷേത്രത്തിലും ഏത് വിശേഷത്തിനും വര്‍ഷങ്ങളായി കുട്ടനുണ്ട്. തൃശൂര്‍ പൂരം തിരുവമ്പാടി വിഭാഗത്തിലെ മേളനിരയിലായിരുന്നു കൊട്ടിയിരുന്നത്. ഭാര്യയും രണ്ടുകുട്ടികളും വയോധികരായ അച്ഛനമ്മമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഈ യുവതാളക്കാരന്. വാദ്യകലക്കൊപ്പം മികച്ച ക്ഷീരകര്‍ഷകനുമായിരുന്നു കുട്ടന്. നിത്യവും പുലര്‍ച്ചെ 3 മണിയോടെ ഉണര്‍ന്ന് പശുക്കറവയും പാല്വില്പ്പനയുമായി സജീവമായിരുന്നു. ചെറുശ്ശേരിയിലും സമീപപ്രദേശങ്ങളിലുമായി ഒട്ടനവധി വീടുകളിലും കടകളിലും പാല് കൊടുത്തിരുന്നതും കുട്ടനായിരുന്നു. സഹപ്രവര്‍ത്തകരായ വാദ്യകലാകാരന്മാര്ക്കും ആസ്വാദകര്‍ക്കും കുട്ടനെക്കുറിച്ച് നല്ലതു മാത്രമേ പറയാനുളളൂ. കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്ന കുട്ടന് പനിയെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. ഇന്നലെ പുലര്‍ച്ചെ 4 മണിയോടെയായിരുന്നു മരണം. സഹപ്രവര്‍ത്തകന്റെ പെട്ടെന്നുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ് വാദ്യകലാകാരന്മാരും സഹൃദയരും ക്ഷേത്രസമിതിപ്രവര്ത്തകരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: