ന്യൂദല്‍ഹി : ഭീകരവാദം മേഖലാതല, ആഗോള സമാധാനത്തിന് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ വിപത്തിനെ ഒരുമിച്ച് നേരിടണമെന്ന് അദ്ദേഹം ഷാങ്ഹായ് സഹകരണ സംഘടന(എസ്സിഒ) രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.
ചില രാജ്യങ്ങള്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയെ തങ്ങളുടെ നയമായി സ്വീകരിച്ചിട്ടുണ്ട്. അത്തരം രാജ്യങ്ങളെ വിമര്‍ശിക്കാന്‍ ഷാങ്ഹായ് സഹകരണ സംഘടന അംഗരാജ്യങ്ങള്‍ മടിക്കരുതെന്നും പാകിസ്ഥാനെ പേരെടുത്ത് പറയാതം എസ്സിഒ വെര്‍ച്വല്‍ ഉച്ചകോടിയെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞു.
തീവ്രവാദത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് മോദി ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനെ സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകളും പ്രതീക്ഷകളും മിക്ക ഷാങ്ഹായ് സഹകരണ സംഘടന അംഗരാജ്യങ്ങളുടേതിന് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. അയല്‍രാജ്യങ്ങളില്‍ അസ്ഥിരത പടര്‍ത്തുന്നതിനോ തീവ്രവാദ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോ അഫ്ഗാനിസ്ഥാന്റെ ഭൂമി ഉപയോഗിക്കാതിരിക്കേണ്ടത് ആവശ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
വിവാദങ്ങള്‍, സംഘര്‍ഷങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവ നിലനില്‍ക്കുന്ന ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും ഭക്ഷ്യ, ഇന്ധന, വളം പ്രതിസന്ധി വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, യുറേഷ്യന്‍ മേഖലയിലെ മുഴുവന്‍ സമാധാനത്തിനും സമൃദ്ധിക്കും വികസനത്തിനുമുള്ള ഒരു പ്രധാന വേദിയായി ഷാങ്ഹായ് സഹകരണ സംഘടന ഉയര്‍ന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാങ്ഹായ് സഹകരണ സംഘടനയുടെ അധ്യക്ഷത വഹിക്കുന്ന രാജ്യമെന്ന നിലയില്‍ എസ്സിഒയുടെ ബഹുമുഖ സഹകരണം പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ഇന്ത്യ നിരന്തരമായ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മോദി പറഞ്ഞു. സംഘടനയിലെ സഹകരണത്തിനായി ഇന്ത്യ അഞ്ച് പുതിയ മേഖലകള്‍ സൃഷ്ടിച്ചിട്ടുണ്ട്.സ്റ്റാര്‍ട്ടപ്പുകളും പുത്തന്‍ ആശയങ്ങളും പരമ്പരാഗത വൈദ്യശാസ്ത്രം, യുവജന ശാക്തീകരണം, ഡിജിറ്റല്‍ ഉള്‍പ്പെടുത്തല്‍, പങ്കിടുന്ന ബുദ്ധ പൈതൃകം എന്നിവയാണ് അത്.
എസ്സിഒ രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിനായി യുവ ശാസ്ത്രജ്ഞ സമ്മേളനം, എഴുത്തുകാരുടെ സമ്മേളനം, സ്റ്റാര്‍ട്ടപ്പ് ഫോറം, യുവജന സമിതി തുടങ്ങി നിരവധി പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഈ സംവിധാനങ്ങള്‍ എസ്സിഒ രാജ്യങ്ങളിലെ യുവാക്കളുടെ സാധ്യതകള്‍ വിപുലീകരിക്കാനും അവര്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കാനും ലക്ഷ്യമിടുന്നു. എസ്സിഒയുടെ നവീകരണത്തിനുമുള്ള നിര്‍ദേശങ്ങളെ ഇന്ത്യ സ്വാഗതം ചെയ്യുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
അംഗരാജ്യങ്ങളായ ചൈന, റഷ്യ, കസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, പാകിസ്ഥാന്, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന് എന്നിവ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.ഇറാന്, ബെലാറസ്, മംഗോളിയ എന്നിവയെ നിരീക്ഷക രാജ്യങ്ങളായി ക്ഷണിച്ചിട്ടുണ്ട്. സംഘടന പാരമ്പര്യമനുസരിച്ച് അധ്യക്ഷത വഹിക്കുന്ന രാജ്യത്തിന്റെ അതിഥിയായി തുര്‍ക്ക്മെനിസ്ഥാനെയും ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടന്ന സമര്‍ഖണ്ഡ് ഉച്ചകോടിയില്‍ ഇന്ത്യ എസ്സിഒയുടെ ചാക്രിക അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: