ഒറ്റപ്പാലം: ഒറ്റപ്പാലത്തിന്റെ ഏറ്റവും പരിചിത മുഖങ്ങളില്‍ ഒരാളാണ് ഇന്നലെ അന്തരിച്ച അഡ്വ. കെ. കൃഷ്ണകുമാര്‍. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും ഒരാളെപ്പോലും നോവിക്കാതെ സൗഹൃദ സംഭാഷണത്തിലും പെരുമാറ്റത്തിലും ഏവരെയും ആകര്‍ഷിച്ചിരുന്ന വ്യക്തിത്വത്തിനുടമയായിരുന്നു കൃഷ്ണകുമാര്‍.
ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെത്തന്നെ രാഷ്ട്രീയത്തിലും സജീവസാന്നിധ്യമായിരുന്നു. ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായിരുന്ന വിദ്യാര്‍ഥി മോര്‍ച്ചയിലൂടെയാണ് സംഘടനാ രംഗത്തേക്ക് കടന്നുവരുന്നത്. എന്‍എസ്എസ് കോളേജില്‍ വിദ്യാര്‍ഥിമോര്‍ച്ചക്ക് സജീവസാന്നിധ്യമുണ്ടാക്കുവാനും ഒരു യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറെ വിജയിപ്പിച്ചെടുക്കുവാനും കഴിഞ്ഞിരുന്നു. ബിജെപി രൂപംകൊണ്ട് കുറഞ്ഞ വര്‍ഷങ്ങളെ ആയുള്ളുവെങ്കിലും വിദ്യാര്‍ഥിരംഗത്ത് ശക്തമായ സാന്നിധ്യമുണ്ടാക്കുവാന്‍ കഴിഞ്ഞിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെയാണ് പൊതുരംഗത്തേക്കുള്ള പ്രവേശം.
കോളേജ് വിദ്യാഭ്യാസത്തിന് ശേഷം നിയമബിരുദം നേടുകയും ഒറ്റപ്പാലത്തെ പ്രമുഖ അഭിഭാഷകരിലൊരാളാകുവാനും അദ്ദേഹത്തിന് കഴിഞ്ഞു. രണ്ടുതവണ ഒറ്റപ്പാലം നഗരസഭയില്‍ ബിജെപി
കൗണ്‍സിലറായ കൃഷ്ണകുമാര്‍ പാര്‍ട്ടിയുടെ മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്നു. കൂടാതെ ഒറ്റപ്പാലം നഗര്‍ കാര്യവാഹ്, താലൂക്ക് സഹകാര്യവാഹക്, നഗര്‍ സംഘചാലക് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 1996ലെ നിമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയുമായിരുന്നു.
ഏറ്റെടുക്കുന്ന പ്രവൃത്തികളും ചുമതലകളും നിസ്വാര്‍ഥമായി ചെയ്യുവാന്‍ കൃഷ്ണകുമാര്‍ പ്രത്യേക നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നു. ഒറ്റപ്പാലം വേങ്ങേരി ശിവക്ഷേത്ര സമിതി സെക്രട്ടറിയുമായിരുന്നു. സൗമ്യമായ പെരുമാറ്റത്താല്‍ ഏവരെയും ആകര്‍ഷിക്കുവാന്‍ കൃഷ്ണകുമാറിന് കഴിഞ്ഞിരുന്നുവെന്നതാണ് പ്രത്യേകത. തന്റെ കേസിലെ കക്ഷികളോടും ഹൃദ്യമായ പെരുമാറ്റം പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ത്തന്നെ വിദൂരപ്രദേശങ്ങളില്‍ നിന്നുള്ളവര്‍പോലും കേസുകള്‍ ഏല്‍പ്പിക്കുവാന്‍ കൃഷ്ണകുമാറിനെ സമീപിച്ചിരുന്നു. അവസാനനിമിഷംവരെയും കര്‍മപദത്തില്‍ സജീവമായിരുന്നു അദ്ദേഹം. ഇന്നലെ ചിന്മയ മിഷനില്‍ നടക്കുന്ന ഗീതാജ്ഞാന യജ്ഞം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.
അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം സംഘപ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വലിയൊരു നഷ്ടമാണുണ്ടായിട്ടുള്ളത്. വിഷ്ണുപാദം പൂകിയ അദ്ദേഹത്തിന് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക