കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ സ്ഥാനം സംബന്ധിച്ച തര്‍ക്കത്തില്‍ ഒടുവില്‍ ലീഗിന് കീഴടങ്ങി കോണ്‍ഗ്രസ്. മേയര്‍ പദവി പങ്കിടാന്‍ ധാരണയായതായി സൂചന. ധാരണയുടെ ഭാഗമായി ജനുവരിയില്‍ മുസ്ലിം ലീഗിന് മേയര്‍ സ്ഥാനം കൈമാറാന്‍ ഇന്നലെ കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ചര്‍ച്ചയില്‍ തീരുമാനമായതായാണ് വിവരം.
നിലവില്‍ മേയര്‍ പദവി വഹിക്കുന്ന കോണ്‍ഗ്രസ്സിന് മൂന്നു വര്‍ഷം, ശേഷിച്ച രണ്ട് വര്‍ഷം മുസ്ലിം ലീഗിന് എന്നതാണ് ധാരണ. ഒത്തുതീര്‍പ്പ് ധാരണ സംസ്ഥാന നേതൃത്വങ്ങളുടെ അനുമതിയോടെ നാളെയൊ മറ്റന്നാളോ പ്രഖ്യാപിച്ചേക്കും.
കണ്ണൂര്‍ ഗസ്റ്റ് ഹൗസിലാണ് ഇന്നലെ രാവിലെ സതീശന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നത്. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറി സി. മമ്മൂട്ടി പങ്കെടുത്തു. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതൃത്വം തെരഞ്ഞെടുപ്പില്‍ വിജയിച്ചല്സമയത്ത് മേയര്‍ സ്ഥാനം പങ്കിടാന്‍ ധാരണയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഏതാനും ദിവസങ്ങളായി കോണ്‍ഗ്രസുമായി കോര്‍പ്പറേഷനില്‍ നിസ്സഹരണത്തിലായിരുന്നു ലീഗ് നേതൃത്വം.
ഭരണം രണ്ടര വര്‍ഷം പിന്നിട്ടിട്ടും പദവി കൈമാറാത്ത കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗം കോര്പ്പറേഷന് പരിപാടികളില്‍ നിന്ന് ലീഗ് കൗണ്‍സിലര്‍മാര്‍ മാറി നില്ക്കാന് തീരുമാനിച്ചിരുന്നു.
കെപിസിസി പ്രസിഡന്റ് കെ. സുധാകരനും മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും നടത്തിയ പ്രാഥമിക ചര്‍ച്ചയിലാണ് കണ്ണൂരില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും മുസ്ലീം ലീഗ് നേതാവ് സി. മമ്മൂട്ടിയുടെയും സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ ധാരണയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: