കോഴിക്കോട്: ഇഎംഎസിനെ സിപിഎം തള്ളിപ്പറയുകയാണോയെന്ന് വ്യക്തമാക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. പൊതു സിവില്‍ കോഡിനെക്കുറിച്ച് ഇഎംഎസിന്റെ അഭിപ്രായം ചിന്ത പ്രസിദ്ധീകരിച്ച തെരഞ്ഞെടുത്ത ചോദ്യോത്തരങ്ങള്‍ എന്ന ഗ്രന്ഥപരമ്പരയിലെ ഒന്നാം വാള്യത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
‘ഭരണഘടനയിലെ ഏകീകൃത സിവില്‍ നിയമ വകുപ്പും ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിലെ വിവാഹമോചിതയ്ക്ക് ചെലവിന് കൊടുക്കുന്നത് സംബന്ധിച്ച വകുപ്പും റദ്ദാക്കരുതെന്ന് ആവശ്യപ്പെടുക മാത്രമല്ല കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ട്ടി ചെയ്യുന്നത്. ഏകീകൃത സിവില്‍ നിയമത്തിലേക്കുള്ള നീക്കം ത്വരിതപ്പെടുത്താന്‍ ജനാധിപത്യ മഹിളാ അസോസിയേഷന് അടക്കം ബഹുജനസംഘടനകള്‍ നടത്തുന്ന സമരം പ്രോത്സാഹനാര്‍ഹമാണെന്നുകൂടി പാര്‍ട്ടി അഭിപ്രായപ്പെടുന്നു. (06:09, 1985)’ എന്നാണ് ഇഎംഎസ് വ്യക്തമാക്കിയത്. എന്നാല്‍ പിണറായി വിജയനും എം.വി. ഗോവിന്ദനും മുസ്ലിം തീവ്രവാദസംഘത്തെ പ്രീണിപ്പിക്കാന്‍ ഇഎംഎസ്സിനെ തള്ളിപ്പറയുകയാണ്.
1985ല്‍ കോഴിക്കോട് നടന്ന ഡിവൈഎഫ്ഐ ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന സഭയില്‍ പ്രൊഫ. ഇര്ഫാന് ഹബീബും സമാപന സമ്മേളനത്തില്‍ ഇഎംഎസ് നമ്പൂതിരിപ്പാടും ശരീയത്ത് നിയമം പരിഷ്കരിക്കണമെന്നും പൊതു സിവില്‍ കോഡ് നടപ്പാക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇന്ന് സിപിഎമ്മിന്റെയും വര്‍ഗ ബഹുജനസംഘടനകളുടെയും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് മുസ്ലിം തീവ്രവാദ ഫ്രാക്ഷനുകളാണ്. കോണ്‍ഗ്രസിനെ മൊഴിചൊല്ലിയാല്‍ മുസ്ലിം ലീഗിനെ രണ്ടാം കെട്ടിന് തയാറാണെന്നാണ് സിപിഎം നിലപാട്. സിപിഎം താലിബാന്സംഘത്തിന് കീഴടങ്ങിയിരിക്കുന്നു. മുസ്ലിം സമൂഹത്തില്‍ നവോത്ഥാനത്തിന് നേതൃത്വം നല്കിയ ചേകനൂര്‍ മൗലവിയോടൊപ്പമാണോ അതോ അദ്ദേഹത്തെ ഉന്മൂലനം ചെയ്ത ഭീകര സംഘത്തോടൊപ്പമാണോ സിപിഎം എന്ന് വ്യക്തമാക്കണം.
പൊതു സിവില്‍ കോഡ് ഒരു മതപരമായ പ്രശ്നമല്ല. സുപ്രീം കോടതി പലതവണ ആവശ്യപ്പെട്ടതാണത്. ഭരണഘടന മുന്നോട്ടുവെച്ച നിര്ദ്ദേശകതത്ത്വത്തെ എതിര്‍ക്കുന്ന സിപിഎം കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനാണ് ശ്രമിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിലൂടെ തറക്കല്ലിട്ടുതുടങ്ങിയ നീക്കമാണ് പൊതു സിവില്‍ നിയമത്തിനെതിരായ നിലപാടിലൂടെ മുസ്ലിം വര്‍ഗീയ ശക്തികളിലേക്ക് പാലം പണിയാന്‍ ഇപ്പോള്‍ തുടരുന്നത്, അദ്ദേഹം പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്, വൈസ് പ്രസിഡന്റുമാരായ പി. ഹരിദാസന്, അഡ്വ.കെ.വി. സുധീര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: