ചെന്നെെ: ഈയിടെ തമിഴ് നടൻ ദളപതി വിജയിനെ ബിജെപിയിലേക്ക് ക്ഷണിച്ചത് അണ്ണാമലൈയാണ്. അഴിമതിയ്‌ക്കെതിരായ കുരിശുയുദ്ധത്തില്‍ ബിജെപിയ്‌ക്കൊപ്പം ചേരാനാണ് കഴിഞ്ഞ ദിവസം വിജയിനോട് അഭ്യര്‍ത്ഥിച്ചത്. ഇതിനോട് വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ വിജയ് സിനിമയിൽ നിന്ന് സുദീര്‍ഘമായി ഇടവേളയെടുക്കാന്‍ പോകുന്നതായാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. 2024 ജനുവരിയോടെ വെങ്കട്ട് പ്രഭു ചിത്രം പൂർത്തിയാക്കിയ ശേഷം ഇടവേളയെടുത്ത് രാഷ്‌ട്രീയത്തിൽ ഇറങ്ങുമെന്നാണ് പറയപ്പെടുന്നത്. 2024 മെയിലാണ് ലോക്സഭാ പൊതുതെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പ് മോദി സര്‍ക്കാരിന് നിര്‍ണ്ണായകമാണ്. തമിഴ്നാട്ടില്‍ നിന്നും പരമാവധി സീറ്റുകള്‍ തേടാന്‍ ബിജെപി കരുക്കള്‍ നീക്കുന്നു.
ഇതിന് പിന്നാലെ 2026ല്‍ തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരികയാണ്. ഇതിലും ബിജെപി ഒരു മുഖ്യതാരമുഖത്തെ തേടുന്നുണ്ട്. ഈ അവസരം വിജയ് സ്വീകരിക്കുമോ എന്നറിയണം. നേരത്തെ രജനീകാന്ത് ബിജെപിയിലേക്ക് വരുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അദ്ദേഹം അവസാന നിമിഷം പിന്‍മാറി. എന്തായാലും 2024 ജനവരി മുതല്‍ മൂന്ന് വർഷം മുതൽ നാല് വർഷം വരെ വിജയ് ഇടവേളയെടുക്കാൻ സാദ്ധ്യതയുണ്ടെന്ന് പറയപ്പെടുന്നു. തന്റെ രാഷ്‌ട്രീയ ചായ് വുകള്‍ വിജയ് ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
വിജയ് സ്വന്തം രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. നിരവധി ആരാധകരാണ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ ഇക്കാര്യം പങ്കുവയ്‌ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: