തിരുവനന്തപുരം : കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന് എംപിയുടെ ബില്ലിന് പിന്നില്‍ കച്ചവട താത്പ്പര്യമാണെന്ന് ബിജെപി നേതാവ് വി.വി. രാജേഷ്. ഹൈബി ഈഡന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച ബില്‍ സംബന്ധിച്ച് സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ് അതിനിടയിലാണ് ബിജെപി നേതാവും ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനമാണ് കൊച്ചി. അവിടേയ്ക്ക് കേരളത്തിന്റെ തലസ്ഥാനം മാറ്റണമെന്ന ബില്ലിന് പിന്നില്‍ കച്ചവട താത്പ്പര്യങ്ങളാണുള്ളത്. തിരുവനന്തപുരം എംപി വിഷയത്തില്‍ ഇടപെടാന്‍ വൈകിയതിനേയും വി.വി. രാജേഷ് വിമര്‍ശിച്ചു.
കഴിഞ്ഞ മാര്‍ച്ചിലാണ് സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. വിഷയത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് തേടി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്ത് കത്ത് അയയ്ക്കുകയും ചെയ്തു. ഹൈബി ഈഡന്റെ ഈ നിര്‍ദ്ദേശം അപ്രായോഗികമാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇക്കാര്യം ഫയലിലും കുറിച്ചു. ബില്ലില്‍ ശക്തമായ എതിര്‍പ്പ് അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനവും. വികസനത്തിനായി ഒരിഞ്ച് ഭൂമിയേറ്റെടുക്കാനില്ലാത്ത കൊച്ചി നഗരത്തില്‍ ഭൂമിയേറ്റെടുത്ത് തലസ്ഥാനം മാറ്റാന്‍ കഴിയില്ല. ഇതുമൂലം വരുന്ന വന്‍ സാമ്പത്തിക ബാധ്യതയും ഏറ്റെടുക്കാന്‍ സാധിക്കില്ല. ഇക്കാര്യം സംസ്ഥാനം കേന്ദ്രത്തേയും അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: