തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന് എംപിയുടെ സ്വകാര്യ ബില്ലിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്ത്. പാര്‍ട്ടിയോട് ആലോചിക്കാതെയാണ് ഇത്തരത്തില്‍ ഒരു നടപടി ഹൈബിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. അനാവശ്യ ചര്‍ച്ചകളിലേക്ക് വഴിവെയ്ക്കുന്ന നടപടിയായിരുന്നെന്നും കോണ്‍ഗ്രസ് നേതൃത്വം വിമര്‍ശിച്ചു.
കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് മാറ്റണമെന്നത് ഹൈബി ഈഡന്റെ പ്രസ്താവനയ്ക്കെതിരെ ശശി തരൂര്‍, അടൂര്‍ പ്രകാശ് എംപി, കെ.എസ്. ശബരീനാഥന്, കെ. മുരളീധരന് എംപി എന്നിവരും എതിര്‍ത്തു. തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് മാറ്റണമെന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടില്ലെന്നാണ് അടൂര്‍ പ്രകാശ് എംപി പ്രതികരിച്ചത്. തലസ്ഥാനം തിരുവനന്തപുരത്തുനിന്ന് മാറ്റുന്നത് അത്ര എളുപ്പമല്ല. അതിനു വേണ്ടി ശ്രമിക്കുന്നതും ശരിയല്ല. പണ്ടു മുതലേ തിരുവനന്തപുരം തന്നെയല്ലേ തലസ്ഥാനം. അത് ഒരു സുപ്രഭാതത്തില്‍ മാറ്റുന്നത് ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണെന്നും തോന്നുന്നില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
തലസ്ഥാനത്തെ സംബന്ധിക്കുന്ന ചര്‍ച്ച ഇപ്പോള്‍ അനാവശ്യമാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്.ശബരീനാഥന് പ്രതികരിച്ചത്. തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനമായതിനു പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. ഗൗരവമുള്ള മറ്റു വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മാത്രമേ ഈ ചര്‍ച്ച ഉപകരിക്കൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ട്ടിയോട് ചോദിക്കാതെ ഹൈബി ഇത്തരത്തിലൊരു ബില്‍ അവതരിപ്പിച്ചത് തെറ്റാണ്. തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ തുടരണം. എല്ലാ എംപിമാരും അവരവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം ആവശ്യപെട്ടാല്‍ എന്താവും സ്ഥിതി. വടകരയില്‍ തലസ്ഥാനം വേണമെന്ന് താന്‍ ആവശ്യപ്പെട്ടാല്‍ എന്താകും അവസ്ഥയെന്നും കെ. മുരളീധരന് എംപി ചോദിച്ചു.
വിഷയം ഗൗരവമായി കാണുന്നില്ലെന്ന് നേതൃത്വം പറയുമ്പോഴും ബുധനാഴ്ച ചേരുന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തേക്കും. കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡന് ഇത്തരത്തിലൊരു ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം തേടി. അടിയന്തിരമായി ഇതില്‍ അഭിപ്രായം അറിയിക്കണമെന്നും അതിനുശേഷം മാത്രമേ കേന്ദ്ര സര്‍ക്കാരിന് ഇതില്‍ തുടര്‍ നടപടി സ്വീകരിക്കാനാകൂ എന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നത്.
എന്നാല്‍ ഹൈബി ഈഡന്റെ ഈ നിര്‍ദ്ദേശം അപ്രായോഗികമാണെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇക്കാര്യം ഫയലിലും കുറിച്ചു. ബില്ലില്‍ ശക്തമായ എതിര്‍പ്പ് അറിയിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനവും. വികസനത്തിനായി ഒരിഞ്ച് ഭൂമിയേറ്റെടുക്കാനില്ലാത്ത കൊച്ചി നഗരത്തില്‍ ഭൂമിയേറ്റെടുത്ത് തലസ്ഥാനം മാറ്റാന്‍ കഴിയില്ല. ഇതുമൂലം വരുന്ന വന്‍ സാമ്പത്തിക ബാധ്യതയും ഏറ്റെടുക്കാന്‍ സാധിക്കില്ല. ഇക്കാര്യം സംസ്ഥാനം കേന്ദ്രത്തേയും അറിയിക്കും.
വ്യവസായ തലസ്ഥാനമായ എറണാകുളത്തെ സംസ്ഥാന തലസ്ഥാനമാക്കേണ്ടതല്ലേയെന്ന ചര്‍ച്ചകള്‍ നേരത്തെയും ഉയര്‍ന്നിരുന്നു. ഹെക്കോടതി ബഞ്ച് തിരുവനന്തപുരത്തേക്ക് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമരങ്ങള്‍ വരെ തലസ്ഥാനത്തുണ്ടായി. ഇത്തരം ചര്‍ച്ചകള്‍ക്കിടെയാണ് കേരള തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബില്‍ അവതരണത്തിന് ഹൈബി ഈഡന് അനുമതി തേടിയത്. കേരളത്തിന്റെ വടക്കേ അറ്റത്തും മധ്യകേരളത്തിലുള്ളവര്‍ക്കും തലസ്ഥാനത്തെ ഓഫീസുകളിലെത്താന്‍ ദീര്‍ഘദൂരം സഞ്ചരിക്കേണ്ടി വരുന്നു എന്നാണ് ബില്ലില്‍ ചൂണ്ടികാട്ടുന്നത്. 1954 ലാണ് സംസ്ഥാന തലസ്ഥാനമായി തിരുവനന്തപുരത്തെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: