കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമെതിരെ അതിശക്തമായ ആരോപണമാണ് നിലനില്‍ക്കുന്നത്. സുധാകരന് ഇപ്പോള്‍ ജാമ്യത്തിലാണ്. സതീശന് അത്രത്തോളമെത്തിയില്ലെങ്കിലും ആരോപണത്തില്‍ ഉറച്ചുതന്നെ നില്ക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്- ‘ഇയാളെ മാഷെന്ന് വിളിക്കാന്‍ തന്നെ ലജ്ജിക്കുന്നു’ എന്നാണ് സുധാകരന് പറഞ്ഞത്. സതീശന് അങ്ങിനെ പറയേണ്ട സാഹചര്യം എത്തിയില്ല. എത്തിയാല്‍ അതുക്കുംമേലെ പറഞ്ഞാലും അത്ഭുതപ്പെടാനില്ല.
സുധാകരനും സതീശനും എതിരെ നടപടിയും ആരോപണവുമായി മുന്നേറുമ്പോള്‍ വീണുകിട്ടിയ കോടാലിയാണ് കൈതോലപ്പായയില്‍ പൊതിഞ്ഞ പണം. അതുപറഞ്ഞ ജി. ശക്തിധരന് കോണ്‍ഗ്രസിന്റെ കോടാലിക്കൈയാണെന്ന് എന്തായാലും സിപിഎം ഇതുവരെ പറഞ്ഞിട്ടില്ല, പറയുമായിരിക്കാം. അത്രയും പകയും വിദ്വേഷവും ശക്തിധരനെതിരെ സിപിഎം ചൊരിയുകയാണ്. ഏതായാലും ശക്തിധരന്റെ ആരോപണങ്ങളെ മിതമായ ഭാഷയിലേ ഇ.പി.ജയരാജന് തള്ളിപ്പറഞ്ഞുള്ളൂ. ‘ശക്തിധരന് ഒരു പരാതിയും സിപിഎമ്മിനെതിരെ ഉന്നയിച്ചില്ല. വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും മാത്രം. പറഞ്ഞ കാര്യങ്ങളെല്ലാം അടിസ്ഥാനരഹിതം, അത്രമാത്രം. ജയരാജന് പറഞ്ഞത് സാന്റിയാഗോ മാര്‍ട്ടിന്റെ രണ്ടുകോടി വാങ്ങിയതിന്റെ കുറ്റബോധം കൊണ്ടാണോ എന്തോ!
കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് ബെന്നി ബെഹനാന് എം.പി ഡിജിപിക്ക് രേഖാമൂലം പരാതി നല്‍കിയെങ്കിലും പോലീസ് ഇതുവരെ നടപടികളിലേക്കു കടന്നില്ല. എംപിയുടെ പരാതി ഡിജിപി അനില്‍കാന്ത് കഴിഞ്ഞദിവസം എഡിജിപി എം.ആര്.അജിത്കുമാറിനു കൈമാറിയിരുന്നു. പരാതിയില്‍ എന്തു ചെയ്യണമെന്ന് ഉന്നത പൊലീസുദേ്യാഗസ്ഥരുടെ കൂടിയാലോചന കഴിഞ്ഞു. എന്നിട്ടും നടപടികളിലേക്ക് കടന്നിട്ടില്ല. കടക്കേണ്ട എന്ന നിര്‍ദ്ദേശം കേട്ടാല്‍ റാന്മൂളാന് മാത്രം അറിയുന്ന ആളിന്റെ കയ്യിലാണ് പരാതി എന്ന പരിഭവമുണ്ട്. സത്യസന്ധനാണ് പുതിയ ഡിജിപി എന്നാണ് പറയപ്പെടുന്നത്. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് കണ്ടറിയണം. അതേസമയം എം.വി.ഗോവിന്ദന് ഒരുപടികൂടി കടന്ന് പറഞ്ഞു.
പഴമുറം കൊണ്ടു സൂര്യനെ മറയ്ക്കാമെന്നു ധരിച്ചതുപോലെ സിപിഎമ്മിന്റെ നേതൃനിരയില്‍ സംശുദ്ധ ജീവിതം നയിക്കുന്ന നേതാക്കന്മാരെ കളങ്കപ്പെടുത്താമെന്ന് ആരു വിചാരിച്ചാലും നടക്കില്ലെന്നുറച്ച അഭിപ്രായമാണദ്ദേഹത്തിന്. കൈതോലപ്പായയും പഴമുറവും അങ്ങിനെ സജീവചര്‍ച്ചയാവുകയാണ്. പണ്ട്, ചെമ്പില്‍ സ്വര്‍ണം കൊണ്ടുപോയെന്നതു പോലെ എന്തെല്ലാം തോന്ന്യാസം പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദന്റെ ഭാഷ്യം.
അന്തസ്സോടെയും വസ്തുതാപരമായും കാര്യങ്ങള്‍ പറയുന്നതിനു പകരം അവിടെ ഫെയ്സ്ബുക്കില്‍ എഴുതിയിരിക്കുന്നു, ഇവിടെ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു എന്നൊക്കെപ്പറഞ്ഞു മാധ്യമങ്ങള്‍ അജന്‍ഡ നിശ്ചയിച്ചു പുകമറ സൃഷ്ടിച്ചു ചര്‍ച്ചയ്ക്കു വിളിച്ചാല്‍ അതിനു കൂട്ടുനില്ക്കാന് സഖാക്കളെ കിട്ടില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ വലതുപക്ഷ ആശയം ഉല്പാദിപ്പിക്കുന്ന മാധ്യമശൃംഖല കേരളത്തിലെപ്പോലെ ലോകത്തെവിടെയും ഉണ്ടാകില്ലെന്നും ഗോവിന്ദന്റെ പരിഭവം.
‘ഓലപ്പാമ്പു കാട്ടി സിപിഎമ്മിനെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചാല്‍ വഴങ്ങാന്‍ മനസ്സില്ല. ഇപ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ക്കെതിരെ അവിടെയും ഇവിടെയുമുള്ള ചില ആളുകളെ ഉപയോഗിച്ചു വലിയ കള്ളത്തരം പ്രചരിപ്പിക്കുകയാണ്. പുകമറ സൃഷ്ടിച്ചു പാര്‍ട്ടിയെ കരിവാരിത്തേക്കാമെന്നാണു മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റുമെല്ലാം കരുതുന്നതെങ്കില്‍ വരികള്‍ക്കിടയില്‍ വായിക്കാന്‍, കാണുന്നതിനപ്പുറം കാണാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ഇന്നു ശേഷിയുണ്ട് എന്ന കാര്യം മറക്കണ്ട’ എന്ന മുന്നറിയിപ്പും നല്‍കുകയാണ് ഗോവിന്ദന്. ഇതെല്ലാം കാണുമ്പോള്‍ ജി.ശക്തിധരന്റെ ഫേസ് ബുക്ക് കുറിപ്പ് ഓര്‍ത്തുപോകുന്നു. ദീര്‍ഘമായ ആ കുറിപ്പിലെ ചിലഭാഗങ്ങള്‍:
‘… ഞാന്‍ മലയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ പലവട്ടം നേരില്‍ പോയി പരാതി സമര്‍പ്പിച്ചിട്ടും മൊഴികൊടുത്തിട്ടും സൈബര്‍ വിഭാഗത്തില്‍ പരാതി എഴുതിക്കൊടുത്തിട്ടും ഫലമുണ്ടായില്ല. നീതി നിര്‍വഹിക്കപ്പെടില്ല എന്ന് അറിയുമ്പോള്‍, അതും ഒരു ഒളിയുദ്ധത്തില്‍, ഒരു കുടുംബം എത്ര നിസ്സഹായാവസ്ഥയില്‍ ചെന്നുപെടുന്നു എന്നത് ഒരാള്‍ക്ക് അനുഭവിക്കുമ്പോഴേ മനസ്സിലാകൂ.
പാര്‍ട്ടി നേതൃത്വത്തിന്റെ ഒത്താശയോടെ എന്റെ കുടുംബത്തെ അപമാനിക്കുമ്പോള്‍ എന്റെ കൂടെപ്പിറപ്പു പോലെ ഉള്ള ഒരാള്‍ക്ക് ഒരു ദുഖവുമില്ല? പാര്‍ട്ടിയിലെ അടിമത്വം അങ്ങിനെയാണ്. ആ നേതാവിനും ഒരു മകള്‍ ഉണ്ട്. എത്ര ദുഃഖഭാരത്തോടെയാണ് ഞാന്‍ എന്റെ മക്കളുടെയും ഭാര്യയുടെയും കഥ വിവരിക്കുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകബുദ്ധി അദ്ദേഹത്തിനുമുണ്ടായില്ല. ഭയമാണ് അദ്ദേഹത്തിനും.
1994 ജൂണ്‍ 30നായിരുന്നു എന്റെ അച്ഛന്റെ മരണം. അന്ന് അനുശോചനം അറിയിക്കാന്‍ വിവിധ തുറകളില്‍പ്പെട്ട വന്‍ ജനാവലി എന്റെ വീട്ടില്‍ എത്തിയിരുന്നു. അക്കൂട്ടത്തില്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ട് ശ്രീ കെ.ജി.മാരാര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ തൊട്ടടുത്ത് ഇരുന്നത് സഖാവ് ഇ.കെ.നായനാര്‍ ആയിരുന്നു. മനസ്സ് വീര്‍പ്പുമുട്ടുന്നുണ്ടാകുന്നത് കാരണമാകാം, മാരാര്‍ജി നായനാരെ ഓര്‍മ്മിപ്പിക്കുന്നത് കേട്ടു. ‘ഞാന്‍ ഈ വീട്ടില്‍ മുമ്പൊരു പാതിരാത്രി വന്നിരുന്നു നായനാരെ’. ഞാനും നായനാരും ഒരേപോലെ മാരാര്‍ജിയുടെ മനസ്സ് കൂടുതല്‍ തുറക്കരുതേ എന്ന് ആഗ്രഹിച്ചുപോയി. എന്തെന്നാല്‍ ആ രാത്രിയില്‍ കണ്ണൂരില്‍ സ്കോര്‍ ബോര്‍ഡില്‍ ചത്തുമലച്ചവരുടെ എണ്ണം ഏഴോ എട്ടോ എത്തിയിരുന്നു.
ഒരു മനുഷ്യസ്നേഹിക്കു ആ ദിവസം ട്രിവാന്‍ഡ്രം ഹോട്ടലില്‍ കിടന്നിട്ട് ഉറക്കം വന്നില്ല. അദ്ദേഹത്തിന്റെ പേരാണ് മാരാര്‍ജി. എന്റെ വീട്ടില്‍ ഇരുന്നു അരമണിക്കൂറോളം നേരം സംസാരിക്കുമ്പോഴും മാരാര്‍ജി കണ്ണ് തുടച്ചുകൊണ്ടേയിരുന്നു. നേരം വെളുത്തോട്ടെ; ആദ്യ ബസില്‍ തന്നെ എകെജി സെന്ററില്‍ പോകാമെന്ന് വാക്കുകൊടുത്തു പിരിഞ്ഞു. രാവിലെ ചെന്നപാടെ നായനാരോട് രാത്രി നടന്ന സംഭാഷണ വിവരം പറഞ്ഞപ്പോള്‍ ഒരു കുട്ടിയെപ്പോലെ കരയുകയായിരുന്നു നായനാര്‍. കൂടുതല്‍ നീട്ടുന്നില്ല. ഉച്ചയ്ക്ക് പ്രാദേശിക വാര്‍ത്ത കേട്ടപ്പോള്‍ കേരളം ദീര്‍ഘനിശ്വാസം വിട്ടു. ‘ഇതുവരെ ഒരാളും കൊല്ലപ്പെട്ടിട്ടില്ല. കണ്ണൂര്‍ ശാന്തം’
ആ കേരളം സൃഷ്ട്ടിച്ചത് ആരെന്ന് ഏതെങ്കിലും മലയാളി അറിഞ്ഞിട്ടുണ്ടോ? അമേരിക്കയും സോവിയറ്റ് റഷ്യയും ഒരേ ബട്ടണില്‍ അമര്‍ത്തിയപോലെ.ഒരു ജന്മമേ ഉള്ളൂ മനുഷ്യന്. അര വയസ് മാത്രമുള്ള പേരക്കുട്ടിയെ അസഭ്യം പറഞ്ഞ പോസ്റ്റ് എം.എ.ബേബിക്ക് ഫോര്‍വേര്‍ഡ് ചെയ്തപ്പോള്‍ കണ്ണീര് മുറ്റിവീഴുന്ന ഒരു ചിഹ്നമായിരുന്നു പ്രതികരണം. അദ്ദേഹത്തിന്റെ കണ്ണിലും കണ്ണീര് ഊറുന്നതും പൊട്ടുന്നതും കണ്ടു…..’ അങ്ങിനെ പോകുന്നു കുറിപ്പ്.
എന്റെ വ്യക്തിപരമായ അക്കൗണ്ട് പ്രവര്‍ത്തനം മരവിപ്പിക്കുകയാണ്. ഇത് ഒരു ചുവട് പിന്നോട്ട് വെക്കലല്ല. ഫേസ് ബുക്കിലെ എന്റെ അക്കൗണ്ട് മരവിപ്പിച്ചാലേ ഈ സമൂഹത്തില്‍ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കൂ എന്നൊരു സന്ദേശമാണ് സൈബര്‍ കാളികൂളി സംഘം നല്‍കുന്നത്. അവരുടെ കണ്‍കണ്ട ദൈവത്തെ ആരും വിമര്‍ശിക്കാന്‍ പാടില്ല. വിമര്‍ശനങ്ങള്‍ക്കും തെറ്റ് തിരുത്തലുകള്‍ക്കും അതീതനാണ് അവരുടെ ദൈവം എന്നത് എല്ലാവരും സമ്മതിച്ചുകൊടുക്കണം. ഇതെന്താ വെള്ളരിക്കാപട്ടണമാണോ?’
പ്രതികരിക്കാൻ ഇവിടെ എഴുതുക: