പ്രൊഫ. കെ.ശശികുമാര്‍
ഭാഷയിലെ പദങ്ങള്‍ ഒരു നിശ്ചിത സംവിധാനത്തില്‍ അടുക്കിച്ചേര്‍ത്തുവച്ചിരിക്കുന്ന ശബ്ദകോശമാണ് നിഘണ്ടു. വികസ്വരമായ ഭാഷയ്‌ക്കും കലയ്‌ക്കും ശാസ്ത്രത്തിനും ഒരനിവാര്യതതന്നെയാണ് കോശഗ്രന്ഥങ്ങള്‍. ഭാഷകളുടെ വൈജ്ഞാനികസമ്പത്തിന്റെ ക്രോഡീകരണമാണ് നിഘണ്ടുവിജ്ഞാനീയം എന്നു പറയാം.
വിഷയം, സ്വഭാവം, സംവിധാനം, പ്രയോജനം എന്നിവയെ ആധാരമാക്കി ഭിന്നരീതിയിലുള്ള ഒട്ടേറെ നിഘണ്ടുക്കള്‍ ലോകഭാഷകളിലുണ്ട്. എന്‍സൈക്ലോപീഡിയ, ലക്‌സിക്കണ്‍, ഗ്ലോസറി എന്നിവ നോക്കുക. വിവരവ്യവസായയുഗത്തില്‍ ഈ വൈജ്ഞാനികശാഖ ഏറെ വളര്‍ന്നിരിക്കുന്നു.
ആദ്യത്തെ നിഘണ്ടു ആരുടെ? ഏതുഭാഷയില്‍? എവിടെനിന്ന്? അഭിമാനപൂര്‍വം എഴുതട്ടെ; ഭാരതത്തിലെ വൈദികസംസ്‌കൃതഭാഷയില്‍ യാസ്‌ക്കമുനി. മറ്റൊരു പരാമര്‍ശംകൂടി ആദ്യനിഘണ്ടുകാരനെക്കുറിച്ച് വ്യാസഭാരതത്തിലുണ്ട്. ശാന്തിപര്‍വത്തില്‍ ‘വൃഷാകപി’ എന്നൊരാളാണ് ആദ്യത്തെ നിഘണ്ടുനിര്‍മാതാവെന്ന് പ്രസ്താവമുണ്ട്. പ്രഥമന്‍ നിരുക്തകാരനായ യാസ്‌ക്കന്‍തന്നെ.
യാസ്‌ക്കന്റെ നിഘണ്ടുവിന് ആദ്യപരിഗണന നല്കുക. വേദത്തിലുപയോഗിച്ച ശബ്ദങ്ങളുടെ കോശമാണ് യാസ്‌ക്കന്റെ നിഘണ്ടു. വേദമന്ത്രങ്ങളെ ആദ്യം വിഗ്രഹിച്ചുടച്ച് പദങ്ങളാക്കും. പിന്നീട് ഈ പദങ്ങളെ വര്‍ഗീകരിക്കും. ഈ വര്‍ഗസംഘാതമാണ് യാസ്‌ക്കനിഘണ്ടു. അതായത് ചതുര്‍വേദങ്ങളിലെ അര്‍ത്ഥയുക്താക്ഷരമായ ശബ്ദങ്ങളുടെ സംഗ്രഹം പ്രാഗ്നിഘണ്ടുവെന്ന് നമുക്കുപറയാം. നിഘണ്ടുവിന്റെ വ്യാഖ്യാനമാണ് നിരുക്തം (Etymology). . ഇതാവട്ടെ ആറുവേദാംഗങ്ങളിലൊന്നും.
ആദ്യനിഘണ്ടുവിന് ആകെ അഞ്ച് അധ്യായങ്ങളാണുള്ളത്. ആദ്യത്തെ മൂന്നധ്യായത്തില്‍ 1,250 വാക്കുകള്‍. നാലാം അധ്യായത്തില്‍ 278 ഐകപദികങ്ങള്‍ കാണാം. ഒരേ അര്‍ത്ഥമുള്ള പദങ്ങള്‍ക്കാണ് ഐകംപദികം (Synonym) എന്നുപറയുന്നത്. അഞ്ചാം അധ്യായത്തില്‍ 151 ദേവതകളുടെ പട്ടിക കാണാം. യാസ്‌ക്കമുനിയുടെ വക പ്രസ്താവനയുമുണ്ട്.
ഒരുപക്ഷെ ആദ്യത്തെ ശബ്ദാഗമചിന്തകന്‍ യാസ്‌ക്കമുനിയാവണം. അര്‍ത്ഥമില്ലാത്ത വാക്കുകള്‍ ‘അധേനു’ ആണെന്ന് യാസ്‌ക്കന്‍ സിദ്ധാന്തിച്ചു. അധേനു എന്നാല്‍ മച്ചിപ്പശു. ‘വാചം ധേനും ഉപാസീത’ എന്ന് മറ്റൊരു മന്ത്രം. അര്‍ത്ഥം: വാക്കുകളെ പശുക്കളെ എന്നപോലെ ഉപാസിക്കുക. ‘ഗമ്’ ധാതുവിനോട് ‘നി’ എന്ന ഉപസര്‍ഗം ചേര്‍ത്ത് ‘നിഘണ്ടു’ എന്ന പദം ഉണ്ടാവുന്നുവെന്ന് യാസ്‌ക്കന്‍ സിദ്ധാന്തിക്കുന്നു. നിഘണ്ടു നിഗൂഢങ്ങളായ മന്ത്രാര്‍ത്ഥങ്ങളെ അറിയിക്കുന്നുവെന്ന് ദുര്‍ഗാചാര്യന്റെ പ്രസ്താവവുമുണ്ട്.
നിഘണ്ടു നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്‌കൃത സാഹിത്യത്തിലൊരു ഫലിതമുണ്ട്. വേദവുമായി ബന്ധപ്പെടുത്തിയാണ് യാസ്‌ക്കന്‍ ഈ തമാശ പറയുന്നത്. തത്വസാക്ഷാത്ക്കാരം നേടിയ ഋഷിമാര്‍ പ്രസ്തുത സാക്ഷാത്ക്കാരം നേടാത്ത സാധാരണക്കാരുടെ ഗുണത്തിനുവേണ്ടി നിര്‍മിച്ചതാണത്രെ നിഘണ്ടു.
നിഘണ്ടു ചിന്തയില്‍ അമരസിംഹനേയും അമരകോശത്തേയും അവഗണിക്കുന്നതും അകറ്റിനിര്‍ത്തുന്നതും പാപമാണ്. സംസ്‌കൃതഭാഷയിലെ ഏറ്റവും മികച്ച പ്രാമാണികമായ നിഘണ്ടു അമരകോശം തന്നെ. ‘നാമലിംഗാനുശാസന’മെന്നാണ് യഥാര്‍ത്ഥനാമം. അനുഷ്ടുപ്പുവൃത്തത്തില്‍ ഹൃദിസ്ഥമാക്കുന്നതിനു സൗകര്യമുള്ള 1,535 ശ്ലോകങ്ങളായിട്ടാണ് ഈ നിഘണ്ടുവിന്റെ നിര്‍മാണം. പതിനായിരത്തോളം വരുന്ന സംസ്‌കൃതശബ്ദങ്ങളെ 26 വര്‍ഗങ്ങളായി തിരിച്ച് മൂന്നു കാണ്ഡങ്ങളിലായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. അമരകോശത്തിന്റെ സശ്രദ്ധമായ പഠനം സംസ്‌കൃതഭാഷയിലും വ്യാകരണത്തിലും സമഗ്രജ്ഞാനം നേടാനുപകരിക്കും.
അമരകോശത്തിന്റെ ആദ്യഭാഗം 1796-ല്‍ തമിഴ്‌ലിപിയില്‍ റോമിലാണ് അച്ചടിച്ചത്. സമ്പൂര്‍ണ്ണമായി അമരം സംസ്‌കൃതലിപിയില്‍ 1831-ല്‍ കല്‍ക്കത്തയില്‍നിന്നും അച്ചടിച്ചുപ്രസിദ്ധീകരിച്ചു. എച്ച്.ടി. കോണ്‍ബ്രൂക്കാണ് പ്രസാധകന്‍. ഫ്രഞ്ചുഭാഷയിലും അമരകോശം വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: