തിരുവനന്തപുരം: കൈതോലപ്പായയില്‍ പണം കടത്തിയെന്ന ആരോപണത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സികളായ ഇ ഡിക്കും സിബിഐയ്ക്കും പരാതി നല്‍കുമെന്ന് ബെന്നി ബഹനാന് എംപി. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണത്തിനായി ഡിജിപിക്ക് പരാതി നല്‍കിയിട്ട് ഒരു മറുപടിയും ലഭിച്ചില്ല. ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിനെയും പാര്‍ട്ടിസെക്രട്ടറി മാധ്യമങ്ങള്‍ക്കെതിരെ തിരിഞ്ഞതിനെയും അദ്ദേഹം വിമര്‍ശിച്ചു. തിരുവനന്തപുരത്ത് കേസരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം നേതാവിനു ശതകോടീശ്വരന്മാര് കൈമാറിയ പണം താന്‍ താമസിച്ച മുറിയില്‍ വച്ച് എണ്ണി തിട്ടപ്പെടുത്തിയെന്നും പണം കൊണ്ടുപോകാന്‍ കൈതോലപ്പായ വാങ്ങാന്‍ പോയ സംഘത്തില്‍ താനും ഉണ്ടായിരുന്നതായും ശക്തിധരന് വെളിപ്പെടുത്തിയിട്ടുണ്ട്. സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ശക്തിധരന്റെ പോസ്റ്റില്‍ പറഞ്ഞ ടൈം സ്ക്വയറില്‍ പോയ പ്രമുഖനേതാവ് പിണറായി വിജയനാണ്. കൈതോലപ്പായ വാങ്ങാന്‍ പോയതില്‍ ഉന്നതനായ നേതാവിന്റെ ചേട്ടന്റെ മകനും ഉള്‍പ്പെട്ടിരുന്നുവെന്ന് പറഞ്ഞത് ദേശാഭിമാനിയുമായി ബന്ധമുള്ള കെ. വേണുഗോപാലിനെക്കുറിച്ചാണെന്നും ബെന്നി ബഹന്നാന് പറഞ്ഞു.
ശക്തിധരന് പോസ്റ്റില്‍ പറഞ്ഞ കാലഘട്ടത്തില്‍ എറണാകുളത്ത് ചികിത്സ തേടിയത് പി. ജയരാജനാണ്. ഇന്ന് മന്ത്രിയായിരിക്കുന്നയാളും പണം കൈമാറുമ്പോള്‍ മുറിയിലുണ്ടായിരുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്രയും നേതാക്കന്മാരെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുമ്പോള്‍ അന്വേഷണം നടത്തണം. ശക്തിധരന്റെ മൊഴിയെടുത്താല്‍ കൂടുതല്‍ പേരുകള്‍ പുറത്തുവരും അതിനാലാണ് മെഴിയെടുക്കാത്തത്. വെളിപ്പെടുത്തലുകള്‍ തെറ്റാണെങ്കില്‍ ശക്തിധരനെതിരെ നടപടി സ്വീകരിക്കണമെന്നും ബെന്നി ബഹനാന് പറഞ്ഞു. ഒരു എംപിയായ താന്‍ ഡിജിപിക്ക് പരാതി നല്‍കിയിട്ട് ഇന്നേവരെ മറുപടി ലഭിച്ചിട്ടില്ല. ഡിജിപി ഭരണപരമായ മര്യാദ കാണിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ എംപിമാരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ ഡിജിപി മറുപടി നല്കാന് തയാറാകുന്നില്ല. മറുപടി നല്‍കാത്ത ഡിജിപിയുടെ നിലപാടിനെതിരെ എംപിയെന്ന നിലയില്‍ പരാതിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: