തിരുവനന്തപുരം: ദേശാഭിമാനി മുന്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജി ശക്തിധരന്റെ ‘കൈതോലപ്പായ’ കഥയില്‍ പരാമര്‍ശിക്കുന്നത് തന്നെക്കുറിച്ചാണെന്നു വെളിപ്പെടുത്തി മുന്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്. സിന്ധു ജോയി. തിരുവനന്തപുരം മുതല്‍ ടൈംസ് സ്ക്വയര്‍ വരെ പ്രശസ്തനായ സിപിഎം നേതാവ് കൈതോലപ്പായയില്‍ രണ്ടുകോടി രൂപ കൊണ്ടുപോയി എന്ന ശക്തിധരന്റെ ഫേസ് ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. പോസ്റ്റില്‍ ‘മുഖ്യമന്ത്രി വിളിച്ചു മുന്നറിയിപ്പ് കൊടുത്ത് മന്ത്രിയും തോഴിയും .നക്ഷത്ര ഹോട്ടലില്‍ നിന്ന് മുങ്ങിയത് കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോയുടെ പ്രതിദിന റിപ്പോര്‍ട്ടില്‍ അച്ചടിച്ചുവെച്ചിട്ടുണ്ട്. നായിക ഇന്ന് പാര്‍ട്ടിയില്‍ ഇല്ല” . എന്ന പരാമര്‍ശം ഉണ്ടായിരുന്നു. മുഖ്യമന്ത്രിയുടേയോ മന്ത്രിയുടേയോ തോഴിയുടേയോ പേരു പറയാതെയായിരുന്നു ശക്തിധരന്റെ പരാമര്‍ശം. പരാമര്‍ശിക്കുന്ന തോഴി താനാണെന്ന് സ്വയം പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുകയാണ് സിന്ധു ജോയി.
‘ദേശാഭിമാനി’യില്‍ ഏറെനാള്‍ പ്രവര്‍ത്തിച്ച ഒരു സഖാവ് തന്നെ ആരുടെയോ ചട്ടുകമായി എഴുതി പറത്തിയ ‘കൈതോലപ്പായ’ കഥയില്‍ എനിക്കെതിരെയുമുണ്ടായി ദുഷ്ടലാക്കുള്ള ഒരു പരോക്ഷ പരാമര്‍ശം എന്നു പറഞ്ഞുകൊണ്ട് എഴിതിയ ഫേസ് ബുക്ക് പോസ്റ്റിലാണ് സിന്ധു ജോയിയുടെ വിശദീകരണം.
”ഈ കഥയില്‍ ഞാനെങ്ങനെ നായികയായി എന്ന് നോക്കാം. കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ 16 വര്‍ഷം മുന്‍പ് നടന്ന ഒരു ചടങ്ങില്‍ എസ് എഫ് ഐയുടെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ഞാനും പങ്കെടുത്തിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍. ചടങ്ങിനുശേഷം സര്‍വകലാശാല യൂണിയന് ഭാരവാഹികളും എസ് എഫ് ഐ സഖാക്കളും ചേര്‍ന്ന ഒരു സംഘം എറണാകുളം പാലാരിവട്ടത്തുള്ള റിനൈസെന്‍സ് ഹോട്ടലിന്റെ റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ കയറി. താഴത്തെ നിലയിലെ റെസ്റ്റോറന്റില്‍ ഒഴികെ മറ്റൊരിടത്തും ഞങ്ങളില്‍ ഒരാള്‍ പോലും കയറിയില്ല; മുറിയെടുത്തില്ല. അന്ന് എന്നോടൊപ്പം ഉണ്ടായിരുന്ന സഖാക്കളാരും മരിച്ചിട്ടില്ല; ജീവനോടെയുണ്ട്. അവര്‍ക്കറിയാം ഈ സത്യങ്ങള്‍. പക്ഷെ, കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഈ നുണക്കഥ കേരള രാഷ്ട്രീയത്തിലെ മലീമസമായ ജഡിലസ്ഥലികളില്‍ കാതോടു കാതോരം സഞ്ചരിക്കുന്നുണ്ട്. പിന്നീട് എപ്പോഴോ കഥാപശ്ചാത്തലം തിരുവനന്തപുരം മസ്കറ്റ് ഹോട്ടല്‍ ആക്കി’
എന്നാണ് സി്ന്ധു ജോയി എഴുതുന്നത്.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ചിലര്‍ ചേര്‍ന്ന് രൂപീകരിച്ച ആ പഴയ ‘സിന്‍ഡിക്കേറ്റ്’ അന്നത്തെ ഇടതുപക്ഷ സര്‍ക്കാരിലെ മൂന്നു മന്ത്രിമാരെ തേജോവധം ചെയ്യാന്‍ തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായിരുന്നു തതനിക്കെതതിരായ അപവാദം എന്നും സി്ന്ധു പറയുന്നു.
”അവര്‍ മൂന്നുപേര്‍ക്കുമെതിരെ വ്യത്യസ്തമായ മൂന്ന് ആരോപണങ്ങളാണ് ഉയര്‍ത്തിയത്. അതില്‍ ഇരയാവുകയായിരുന്നു ഞാന്‍. കൊച്ചിന് യൂണിവേഴ്സിറ്റിയിലെ ചടങ്ങുകഴിഞ്ഞു ഞങ്ങളുടെ സംഘം ഭക്ഷണത്തിനു കയറിയപ്പോള്‍ തന്നെ മൂന്നു മൊബൈല്‍ നമ്പറുകളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഫോണ്‍ കോളുകള്‍ എത്തി.ഈ കോളുകളില്‍ ഒന്ന് എന്റെ സുഹൃത്തായ കൊച്ചിയിലെ റിപോര്‍ട്ടര്‍ക്ക് ആയിരുന്നു. അവന് ഉടനടി എന്നെ വിളിച്ചു: ‘സിന്ധു, നീ എവിടെയാണ്?’
‘ഭക്ഷണം കഴിച്ചു കൈകഴുകുന്നു.’ ഞാന്‍ മറുപടി പറഞ്ഞു. മന്ത്രിയോടൊപ്പം ഹോട്ടല്‍ മുറിയിലാണെന്ന് കഥയിറങ്ങിയിരിക്കുന്നുവെന്നും സൂക്ഷിക്കണം എന്നും അവന് പറഞ്ഞു.അപ്പോള്‍ എനിക്കതിന്റെ ഗൗരവം മനസിലായില്ല. ഞാന്‍ കൊച്ചിയിലെ എന്റെ ആന്റിയുടെ വീട്ടിലേക്ക് പോയി. പിന്നീടാണ് ഈ നുണബോംബ് അതിന്റെ സകല ദുര്‍ഗന്ധങ്ങളോടും കൂടി പൊട്ടിത്തുതുടങ്ങിയത്’ സിന്ധു ജോയി ഫേസ് ബുക്കില്‍ കുറിച്ചു.
സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിന്ധുജോയി വിവാഹശേഷം രാഷ്ട്രീയം വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: