രാഷ്ട്രസേവ
എന്താണ് രാഷ്ട്രസേവ?
നമ്മുടെ ചിന്തകള്‍ രാഷ്ട്രത്തിന്റെ ന്യായോചിതമായ താല്പര്യങ്ങള്ക്കു അനുരൂപമായിരിക്കണം. രാഷ്ട്രത്തിന്റെ അന്തസ്സും സാംസ്ക്കാരിക മേന്മയും ഉജ്വലമായി കാത്തു സൂക്ഷിക്കാന്‍ വേണ്ടി നമ്മില്‍ ഉല്‍കൃഷ്ട ഭാവങ്ങളും ആവേശവും ഉണ്ടായിരിക്കണം. നമ്മുടെ കര്‍മ്മം രാഷ്ട്രത്തിന്റെ ഉന്നതിക്കു സഹായകമാകമാകണം. ഇതു രാഷ്ട്രസേവയാണ്. അന്യവ്യക്തികളുടെ ചിന്തകളെയും ഭാവങ്ങളെയും ഈ വഴിക്കു തിരിക്കുകയും അവയ്ക്കനുരൂപമായി കര്‍മ്മം ചെയ്യാന്‍ അവര്‍ക്കു പ്രേരണ നല്‍കുകയും ചെയ്യുക ഇതും രാഷ്ട്രസേവയാണ്.
എന്തിനു രാഷ്ട്രസേവ ചെയ്യണം?
രാഷ്ട്രത്തിന്റെ നന്മയിലാണു വ്യക്തിയുടെയും സകലരുടെയും നന്മ അടങ്ങിയിരിക്കുന്നത്.
അന്യരാഷ്ട്രങ്ങള്ക്കു സാമ്പത്തികമായോ, രാഷ്ട്രീയമായോ നമ്മുടെ രാഷ്ട്രത്തെ, അതായതു വ്യക്തികളായ നമ്മെ അവരുടെ അടിമകളാക്കാന്‍ ആവാതിരിക്കണം.
നാം നമ്മുടെ രാഷ്ട്രത്തിന്റെ പുരോഗതിയുടെ സ്വരൂപവും മാര്‍ഗവും സ്വയം സ്വതന്ത്രമായി തീരുമാനിക്കണം. ഈ സശക്തമായ സ്ഥിതി നിരന്തരം നില നില്‍ക്കണം. അന്യരാഷ്ട്രങ്ങള്ക്കു തങ്ങളുടെ സ്വാര്ത്ഥതാല്പര്യങ്ങള് സാധിക്കാനായി കൈകടത്താനാവരുത്.
ഏതൊരു ദേവസംസ്ക്കാരത്തിലാണോ നാം ജനിക്കുകയും പോഷണം പ്രാപിക്കുകയും വളരുകയും ചെയ്തത്, അതിന്മേല് വൈകൃതം നിറഞ്ഞ മറ്റു സംസ്ക്കാരങ്ങള്‍ക്കു മേല്‍ക്കോയ്മ സ്ഥാപിക്കാനാവരുത്.
സേവയും, സദ്കര്‍മ്മങ്ങളും, സഹകരണവും ഭാരതത്തിന്റെ മുഖമുദ്രയാണ്. നാം ഈ മുഖമുദ്രയും ഖ്യാതിയും അക്ഷുണ്ണമായി നില നിര്‍ത്തണം.
വയം രാഷ്ട്രേ ജാഗൃയാമ പുരോഹിതാഃ (ശ്രേഷ്ഠരായ നാം രാഷ്ട്രത്തെ ജാഗരൂകമാക്കി നില നിര്‍ത്തുന്നു) ഈ വചനം നിറവേറ്റാനായി രാഷ്ട്രസേവ ചെയ്യണം.
രാഷ്ട്രസേവ എങ്ങനെ ചെയ്യണം?
ഏതു വ്യക്തിയും ഏതു രാഷ്ട്രവും സ്വാവലംബിയും ആത്മവിശ്വാസിയും ആയിരിക്കുന്നുവോ, ആ വ്യക്തിയെയോ രാഷ്ട്രത്തെയോ ആര്‍ക്കും അടിമപ്പെടുത്താനാവില്ല.ഏതൊരു വ്യക്തിയും രാഷ്ട്രവും തന്റെ സംസ്ക്കാരത്തെ പരിരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുവോ, ആ വ്യക്തിയെയോ, രാഷ്ട്രത്തെയോ ആര്‍ക്കും അധഃപതിപ്പിക്കാനാവില്ല. അതിനാല്‍ രാഷ്ട്രത്തിന്റെ പൗരന്മാരില് സ്വാവലംബനവും, ആത്മവിശ്വാസവും, സംസ്ക്കാര നിഷ്ഠയും വളര്‍ത്തുന്നതായ ദൃഷ്ടികോണവും, അഭിലാഷങ്ങളും, പരിപാടികളും തിരഞ്ഞെടുക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യണം. ഉദാഹരണമായി
(1) സ്വന്തം കുട്ടികളെ ഭാരതീയ സംസ്ക്കാരത്തിന്റെ മഹിമയും സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രവും അതിലെ മര്‍മ്മപ്രധാനമായ സംഭവങ്ങളും സരസവും ഭാവാത്മകവുമായ രൂപത്തില്‍ പറഞ്ഞു കേള്‍പ്പിക്കുക. അവയില്‍ അഭിമാനം കൊള്ളുന്ന ഭാവന അവരില്‍ വളര്‍ത്തുക.
(2) തങ്ങളുടെ കുട്ടികള്‍ക്കു മൈത്രേയി, കരുണ, പ്രജ്ഞ, ആദിത്യന്, വിശ്വാമിത്രന്, വിക്രമന് എന്നിങ്ങനെയുള്ള ശ്രേഷ്ഠമായ സംസ്ക്കാരപൂര്‍ണ്ണമായ പൗരാണിക നാമങ്ങള്‍ ഇടുക. തങ്ങളുടെ പരിചയക്കാര്‍ക്കും ഇപ്രകാരം ചെയ്യാന്‍ പ്രേരണ നല്‍കുക.
(3) സ്വന്തം കുടുംബത്തില്‍ അമ്മൂമ്മ, കുഞ്ഞമ്മ, ചിറ്റപ്പന്, മാമന് ഇത്യാദി സംബോധനം വീണ്ടും പ്രാബല്യത്തില്‍ കൊണ്ടുവരിക.
(4)സ്വന്തം കുട്ടികള്‍ക്കു ചെറുപ്പം മുതലേ രാഷ്ട്ര ഭാഷയോടും ദേവഭാഷയായ സംസ്കൃതത്തോടും പ്രതിപത്തി തോന്നുന്നതിനുള്ള വിദ്യാഭ്യാസ സൗകര്യം ഏര്‍പ്പെടുത്തുക.
(5)ഭാരതീയ സംസ്ക്കാരവും ദേവഭാഷയായ സംസ്കൃതവും പ്രചരിപ്പിക്കുന്നതി
നും പ്രസിദ്ധീകരിക്കുന്നതിനും വേണ്ടി തന്റെ സമയത്തിന്റെയും, പരിശ്രമത്തിന്റെയും ബുദ്ധിയുടെയും ധനത്തിന്റെയും ഒരംശം നിരന്തരം വിനിയോഗിച്ചുകൊണ്ടിരിക്കുക. ഇതു രാഷ്ട്രസേവയുടെ ഉല്‍കൃഷ്ട മാര്‍ഗമാണ്.
(6) കരുണാ ഭാവവും, സേവാഭാവവും, സഹകരണഭാവവും ജാഗരൂകമാക്കി നില നിര്‍ത്താനുള്ള ചില പ്രായോഗിക ഉപയോഗങ്ങള്‍ മുമ്പ് കൊടുത്തിട്ടുണ്ട്. അവ സ്വയം അനുവര്‍ത്തിക്കുകയും അപ്രകാരം ചെയ്യാന്‍ കുടുംബാംഗങ്ങളെ, വിശിഷ്യാ കുട്ടികളെ ശീലിപ്പിക്കുകയും ചെയ്യുക.
(7) ടെലിവിഷന്‍, സിനിമ, പത്രമാസികകള്‍ മുതലായ മാദ്ധ്യമങ്ങളിലൂടെയുള്ള അഭദ്രവും ഉത്തേജനാത്മകവുമായ പ്രക്ഷേപണങ്ങളുടെ മേല്‍ നിയന്ത്രണം ചെലുത്താന്‍ പൊതുജനാഭിപ്രായം ഉണ്ടാക്കാന്‍ ശ്രമിക്കുക. അശ്ലീലമായ പത്രമാസികകള്‍ വാങ്ങാതിരിക്കുകയും ഇത്തരം പ്രക്ഷേപണങ്ങള്‍ കേള്‍ക്കാതിരിക്കുകയും ചെയ്യുക.
(8) സ്വദേശനിര്മ്മിതവും വിദേശനിര്മ്മിതവുമായ ഒരേ വസ്തു വില്ക്കപ്പെടുകയാണെങ്കില് സ്വദേശ നിര്‍മ്മിതമായ വസ്തുതന്നെ വാങ്ങുക.
(9) താങ്കള്‍ ജോലിക്കാരനാണെങ്കില്‍ കൃത്യസമയത്തു ജോലിക്കെത്തുക. തന്റെ ജോലി സത്യസന്ധതയോടും ഉത്തരവാദിത്തത്തോടും നിര്‍വഹിക്കുക. ജോലി സമയം മുഴുവന്‍ ഏകാഗ്രതയോടെ കര്‍ത്തവ്യം നിര്‍വഹിക്കുന്നതു ഉത്തമമായ രാഷ്ട്രസേവയാണ്.
(10) താങ്കള്‍ വ്യാപാരി ആണെങ്കില്‍ മായം ചേര്‍ക്കുന്ന അനീതി പരവും പാപപൂര്ണ്ണവുമായ പ്രവൃത്തി ഒരിക്കലും ചെയ്യാതിരിക്കുക. മായം ചേര്‍ക്കുന്നതു മൂലം നിരപരാധികളായ ആളുകളുടെ ആരോഗ്യത്തിനു ഹാനി സംഭവിക്കുമെന്ന് അറിവുണ്ടായിട്ടും ഈ ദുഷ്കര്‍മ്മം ചെയ്യുന്നതു സ്വന്തം ജീവാത്മാവിനെ ദുര്‍ഗതിയിലേക്കു തള്ളി വീഴ്ത്തുകയാണ്. ഇത്തരം വമ്പിച്ച വില കൊടുക്കേണ്ടി വരുന്ന കച്ചവടം ചെയ്യാതിരിക്കൂ.
തന്റെ കടയില്‍ വരുന്നതു കുട്ടിയോ, മുതിര്‍ന്നവരോ ആരുമാകട്ടെ, സകലരോടും ഒരേ വില പറയുക. ശരിയായ തൂക്കം തൂക്കുക. ഇതുമൂലം താങ്കളെപ്പറ്റിയുള്ള മതിപ്പു വര്‍ദ്ധിക്കുകയും വ്യാപാരത്തില്‍ ഉന്നതി ഉണ്ടാകുകയും ചെയ്യും.
ദുഷ്പ്രവണതകള്‍ (മദ്യപാനം, ദുശ്ശീലങ്ങള്‍, പാഴ്ച്ചെലവ്, വൃത്തികേട്, ദുരാചാരങ്ങള്‍, അഴിമതി മുതലായവ) ഉന്മൂലനം ചെയ്യുന്നതിനും, സദ്പ്രവണതകള് (വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പരിസര സംരക്ഷണം, സ്വാശ്രയശീലം, ഗ്രാമ വികസനം, ശുചിത്വം, ചികിത്സാസേവ മുതലായവ) അഭിവൃദ്ധിപ്പെടുത്തുന്നതിനും വേണ്ടി തന്റെ സമയത്തിന്റെയും പ്രഭാവത്തിന്റെയും, ജ്ഞാനത്തിന്റെയും, പരിശ്രമത്തിന്റെയും ഒരംശം പതിവായി വിനിയോഗിച്ച് രാഷ്ട്രത്തെ സംസ്ക്കാര സമ്പന്നവും സമുന്നതവും, സമ്പന്നവും ആക്കുന്ന പുണ്യ പ്രവര്‍ത്തനം നിര്‍വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: