ഡോ. കെ മുരളീധരന്‍ നായര്‍
കാര്‍പാര്‍ക്കിങിന് ഉത്തമമായ സ്ഥാനം എവിടെയാണ്?
ഒരു വീടിനെ സംബന്ധിച്ച് ഒന്നാം സ്ഥാനം തെക്കു കിഴക്ക് ഭാഗമായ അഗ്നികോണാണ്. രണ്ടാംസ്ഥാനം വടക്കുപടിഞ്ഞാറ് വായൂകോണാണ്. ഈ രണ്ട് സ്ഥാനവുമാണ് ഉത്തമമായിട്ട് കാണുന്നത്. ഒരു കാരണവശാലും തെക്കു പടിഞ്ഞാറ് കന്നിമൂല ഭാഗത്ത് കാര്‍പോര്‍ച്ച് ഉണ്ടാക്കരുത്. വേണ്ടി വന്നാല്‍ വടക്കുകിഴക്കു ഭാഗത്ത് കാര്‍, പാര്‍ക്കു ചെയ്യുന്നതില്‍ തെറ്റില്ല. കാര്‍ഷെഡ് പണിയുമ്പോള്‍ അതിനടിയില്‍ സെപ്റ്റിക് ടാങ്കോ വാട്ടര്‍ ടാങ്കോ പണിയാന്‍ പാടില്ല.
ഒരു ചെറിയ വീട് പണിയുമ്പോള്‍ പൂജാ മുറിക്ക് സ്ഥലം കൊടുക്കാനില്ലെങ്കില്‍ വിളക്കു വച്ച് ആരാധിക്കാന്‍ വീടിന്റെ ഏതു ഭാഗമാണ് നല്ലത്?
പൂജാമുറി പണികഴിപ്പിക്കുവാന്‍ സ്ഥലമില്ലാത്തവര്‍ കിഴക്കേ ചുമരില്‍ ഒരു ചെറിയ സ്റ്റാന്റ് വച്ച് (സ്റ്റാന്റിന്റെ പൊക്കം ഗൃഹനാഥയുടെ കണ്ഠത്തിനു സമമായിരിക്കണം) അത്യാവശ്യം, മഹാഗണപതി, ദേവി എന്നിവരുടെ പടങ്ങള്‍ വച്ച്, മുന്നില്‍ ചെറിയ വിളക്ക്, വച്ച് അതില്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും തിരിനാളം വരത്തക്ക രീതിയില്‍ ദീപം കൊളുത്തി പ്രാര്‍ഥിക്കുന്നത് സര്‍വ ഐശ്വര്യവും ഉണ്ടാക്കിത്തരും.
കുടുംബത്തില്‍ വച്ച് ആരാധിച്ചിരുന്ന ഒരു വിഗ്രഹം ആ കുടുംബത്തില്‍ ഒരു അനിഷ്ട സംഭവം ഉണ്ടായതിനെ തുടര്‍ന്ന് ദേവപ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍, നിങ്ങള്‍ ആരാധിച്ചു വന്നിരുന്ന മൂര്‍ത്തി ഇതല്ലെന്നും ഇത് ജലസമാധി ചെയ്ത് മറ്റൊരു വിഗ്രഹം സ്ഥാപിക്കണമെന്നും പറയുന്നതു ശരിയോ തെറ്റോ?
കുടുംബത്തില്‍ വര്‍ഷങ്ങളായി ആരാധിച്ചു വന്നിരുന്ന മൂര്‍ത്തി ഏതുമാകട്ടെ, അവയെ ജലസമാധി ചെയ്യുന്നത് ശരിയല്ല. മറിച്ച് ചെറിയൊരു അമ്പലമുണ്ടാക്കി, പ്രശ്‌നത്തില്‍ പറയുന്ന പ്രകാരം, ദേവനേയോ, ദേവിയേയോ പ്രതിഷ്ഠ നടത്തി ആരാധിക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ പഴയ വിഗ്രഹത്തിനു ചെയ്തു വന്നിരുന്ന പൂജകള്‍ പഴയതുപോലെ ചെയ്യേണ്ടതാണ്.
ഫഌറ്റുകളില്‍ വാസ്തു ശാസ്ത്രം എത്രത്തോളം പാലിക്കാന്‍ കഴിയും?
ഫഌറ്റില്‍ അറുപതു ശതമാനം മാത്രമേ വാസ്തുശാസ്ത്രം പരിപാലിക്കാന്‍ കഴിയൂ. പണ്ടുകാലത്തെ ഫഌറ്റുകളില്‍ നാലുമൂലയിലും ടോയ്‌ലറ്റുകള്‍ വരുമായിരുന്നു. ഇന്നത് മാറി. ഒരു ഫഌറ്റിന്റെ പ്ലാന്‍ തയ്യാറാക്കുമ്പോള്‍ വാസ്തുവിദഗ്ധന്റെ സേവനം തേടാറുണ്ട്. കൂടാതെ ഫഌറ്റിന്റെ ആവശ്യക്കാര്‍ വാസ്തു നിര്‍മിതി വേണമെന്ന് താല്പര്യപ്പെടാറുണ്ട്. പ്രത്യേകമായി ശ്രദ്ധിക്കേണ്ടത് അടുക്കള കിഴക്കു ഭാഗത്തോ, വടക്കു ഭാഗത്തോ ആയിരിക്കണം. തെക്കു പടിഞ്ഞാറ് വരാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫഌറ്റിലെ ബെഡ്‌റൂം പ്രത്യേകിച്ച് മാസ്റ്റര്‍ ബെഡ്‌റൂം തെക്ക് കിഴക്ക്, അഗ്നികോണില്‍ ആകരുത്. മറ്റുള്ള ഭാഗങ്ങളില്‍ വരുന്നതില്‍ തെറ്റില്ല. വിളക്കു കത്തിക്കുവാന്‍ കിഴക്കിന്റെ ഭാഗം തെരഞ്ഞെടുക്കുക. ടോയ്‌ലറ്റിന്റെ ചുമരില്‍ വരാതെ ശ്രദ്ധിക്കണം.
വീടിന്റെ നിര്‍മിതിക്ക് ഉപയോഗിക്കാവുന്ന തടികള്‍ ഏതെല്ലാം?
സാമ്പത്തികമായി കഴിവുള്ളവര്‍ വീട് പണിയുമ്പോള്‍ പരിപൂര്‍ണമായി തേക്കിന്‍ തടികള്‍ ഉപയോഗിക്കുന്നത് നല്ലതാണ്. സാധാരണക്കാര്‍ക്ക് വീടിന്റെ പ്രധാനവാതിലും അതിനോട് ചേര്‍ന്നുള്ള ജനലും പണിയാന്‍ തേക്കിന്‍ തടി ഉപയോഗിക്കാം. അകത്തുള്ള എല്ലാ വാതിലും ജനലും പണിയാന്‍ ആഞ്ഞില്‍, പ്ലാവ്, മഹാഗണി എന്നിവ എടുക്കുന്നത് നല്ലതാണ്. ഒരു കാരണവശാലും അക്കേഷ്യ എന്ന മരം വീടു നിര്‍മിതിക്ക് ഉപയോഗിക്കരുത്. അത് നെഗറ്റീവ് ആണ്. വീടിന്റെ പ്രധാന വാതിലിന്റെ കട്ടലപ്പടിയും ഡോറും ഒരേ ഇനം തടി തന്നെയായിരിക്കണം. കൂടാതെ പ്രധാന വാതില്‍ ലോഹം നിര്‍മിച്ചവയാകരുത്. തടി തന്നെയായിരിക്കണം. തടിക്കു മാത്രമേ ഊര്‍ജത്തെ ആഗിരണം ചെയ്യാനുള്ള കഴിവുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: