പാലക്കാട്: ‘കുംഭചേന കുടത്തോളം’ എന്ന പഴമൊഴി അര്‍ഥമാക്കുന്നത് കുംഭമാസത്തില്‍ ചേന നട്ടാല്‍ നല്ല വിളവുതരും എന്നതാണ്. കുംഭത്തില്‍ കുപ്പയിലും ചേന നട്ട് ഇത് അന്വര്ഥമാക്കിയിരിക്കുകയാണ് അഞ്ചുമൂര്‍ത്തി മംഗലത്തെ വിജി സുന്ദരന്റെ വീട്ടിലെ ചേനക്കൃഷി.
വളരെ കുറച്ച് പരിചരണത്തിലൂടെ നല്ല വിളവ് തരുന്ന കൃഷിയാണ് ചേന. നാരുകളാല്‍ സമ്പന്നവും മഗ്നീഷ്യം സിങ്ക് ഫോസ്ഫറസ്, കാല്‍സ്യം പ്രോട്ടീന്‍ എന്നിവയുടെ കലവറയുമാണ്. കൃഷി ചെയ്യാന്‍ സ്ഥലപരിമിതിയുള്ളവര്‍ക്ക് ചാക്കിലോ വലിയ ഗ്രോബാഗിലോ മണ്ണില്ലാതെ തന്നെ ഇത് ചെയ്യാം.
നല്ല വലിപ്പമുള്ള പ്ലാസ്റ്റിക് ചാക്കില്‍ പകുതിയോളം കരിയിലകള്‍ നിറക്കുക. അതിനു മുകളിലേക്ക് അരക്കിലോ മുതല്‍ ഒരു കിലോ വരെ വലിപ്പമുള്ള ചേനവിത്ത് വയ്ക്കുക. ചേനവിത്തിന് മുകളിലേക്ക് ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി എന്നിവചേര്‍ത്ത് ഇട്ടുകൊടുക്കുക. അതിന് മുകളില്‍ വീട് വൃത്തിയാക്കുമ്പോള്‍ കിട്ടുന്ന കരിയിലകള്‍ ഉള്‍പ്പെടുന്ന കുപ്പ ഇട്ടുകൊടുക്കാം. ചാക്ക് നല്ലപോലെ സൂര്യ പ്രകാശം ലഭിക്കുന്നവിധത്തില്‍ ടെറസിലോ മുറ്റത്തൊ ഇഷ്ടികയ്ക്കു മുകളില്‍ വയ്ക്കുക. കനം കുറവായതിനാല്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റാനും എളുപ്പമാണ്.
നിത്യവും വീട് വൃത്തിയാക്കുമ്പോള്‍ ലഭിക്കുന്ന ചപ്പുചവറുകള്‍ ഉള്‍പ്പെടുന്ന കുപ്പയും കൂടാതെ മുട്ടത്തോട് പച്ചക്കറി വെസ്റ്റ് തുടങ്ങിയ അടുക്കള മാലിന്യങ്ങളും ഇട്ടുകൊടുക്കാം. ഇതിനോടൊപ്പം ഇഎം സൊല്യൂഷനോ ഡികമ്പോസ്ര് ലായനിയോ തളിച്ച് കൊടുക്കുകയാണെങ്കില്‍ വേസ്റ്റ് മൂലമുണ്ടാകുന്ന ദുര്‍ഗന്ധം ഒഴിവാക്കാം. വലിപ്പമുള്ള ചേന വിളവെടുക്കുന്നതിനോടൊപ്പം വീട്ടിലെ ജൈവമാലിന്യ നിര്‍മാര്‍ജനവും ഇതുവഴി നടക്കും. വിളവെടുപ്പ് കഴിയുമ്പോള്‍ നല്ല ജൈവവളം ലഭിക്കുകയും അത് പച്ചക്കറി കൃഷിക്ക് ഉപയോഗിക്കുകയും ചെയ്യാമെന്ന് പരീക്ഷണത്തിന് നേതൃത്വം നല്കിയ കൃഷി അസിസ്റ്റന്റ് മഹേഷ് ചിലമ്പത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: