രാജ്യത്ത് പൊതു സിവില്‍ കോഡ് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ ഭോപ്പാലില്‍ പറഞ്ഞതിന്റെ പേരില്‍ വലിയ കോലാഹലമാണ് നടക്കുന്നത്. ഭരണഘടന തുല്യാവസരങ്ങളെക്കുറിച്ച് പറയുമ്പോള്‍ എങ്ങനെയാണ് രണ്ട് നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു രാജ്യത്തിന് മുന്നോട്ടുപോകാനാവുകയെന്ന ചോദ്യമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. പൊതു സിവില്‍ കോഡ് നടപ്പാക്കണമെന്ന് സുപ്രീംകോടതി തന്നെ ആവശ്യപ്പെട്ടിരിക്കെ ചിലയാളുകള്‍ ഇതിന്റെ പേരില്‍ ജനങ്ങളെ പ്രകോപിപ്പിക്കുകയും ഭിന്നിപ്പിക്കുകയുമാണെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. പൊതു സിവില്‍ കോഡിന്റെ കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് മുത്തലാഖ് ശിക്ഷാര്‍ഹമാക്കുന്ന നിയമത്തെ എതിര്‍ത്തതിന്റെ ഉദാഹരണം എടുത്തുപറഞ്ഞ് കുറ്റപ്പെടുത്തുകയും ചെയ്തു. മുത്തലാഖ് മുസ്ലിം വനിതകളെ മാത്രമല്ല, അവരുള്‍പ്പെടുന്ന കുടുംബങ്ങളെ തന്നെ നശിപ്പിക്കുമെന്നും, ഇക്കാരണത്താലാണ് നിരവധി മുസ്ലിം രാജ്യങ്ങള്‍ അത് നിരോധിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. മുത്തലാഖ് ഇസ്ലാമിന്റെ അവിഭാജ്യഘടകമാണെന്ന് ഈ രാജ്യങ്ങള്‍ക്കൊന്നും തോന്നിയില്ല. എന്നിട്ടും ഇവിടെ അങ്ങനെ ചിത്രീകരിക്കുകയായിരുന്നു. ഇതുതന്നെയാണ് പൊതു സിവില്‍ കോഡ് നടപ്പാക്കുന്നതിനെ എതിര്‍ക്കുന്നതിലുള്ളത്. പുരുഷന്മാര്ക്കൊപ്പം മുസ്ലിം വനിതകള്‍ക്കും തുല്യാവകാശം ലഭിക്കുന്നതിനെ ഇക്കൂട്ടര്‍ അംഗീകരിക്കുന്നില്ല. പൊതു സിവില്‍ കോഡിനെ എതിര്‍ത്ത് മുസ്ലിം മതമൗലികവാദികളുമായി ചേര്‍ന്ന് കഴിയുന്നത്ര ബഹളമുണ്ടാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളും ശ്രമിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതു സിവില്‍ കോഡിനെക്കുറിച്ച് പറയുന്നതില്‍ അതിശയിക്കേണ്ട ഒരു കാര്യവുമില്ല. കാരണം മോദി ബിജെപിയുടെ നേതാവാണ്. ബിജെപി നേതൃത്വം നല്കുന്ന സര്‍ക്കാരാണ് ഒന്‍പത് വര്‍ഷമായി രാജ്യം ഭരിക്കുന്നത്. പൊതു സിവില്‍ കോഡ് രാജ്യത്തിന് ആവശ്യമാണെന്നും, അത് നടപ്പാക്കുമെന്നും നിയമസഭാ-ലോക്സഭ തെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ പ്രകടനപത്രികകളില്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഭരിക്കാന്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ഇത് നടപ്പാക്കാനുള്ള ബാധ്യത ബിജെപിക്കുണ്ട്. ബിജെപി ഭരണമുള്ള ചില സംസ്ഥാനങ്ങള്‍ ഇത് നടപ്പാക്കാനെടുക്കുന്ന നടപടികള്‍ പല ഘട്ടങ്ങളില്‍ എത്തിനില്‍ക്കുകയാണ്. ഉത്തരാഖണ്ഡും ഗുജറാത്തും അസമുമൊക്കെ ഇതില്‍പ്പെടുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും ഇതിനുണ്ട്. അപ്പോള്‍ രാജ്യത്ത് മുഴുവനായി പൊതു സിവില്‍ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി പറയുന്നതില്‍ യാതൊരു അസ്വാഭാവികതയുമില്ല. ബിജെപിയുടെ കാതലായ വിഷയങ്ങളായിരുന്നു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കലും, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവും. ഇതില്‍ ആദ്യത്തേത് പ്രാവര്‍ത്തികമായി കഴിഞ്ഞു. രണ്ടാമത്തേത് സാക്ഷാല്‍ക്കാരത്തിന്റെ പാതയിലാണ്. അവശേഷിക്കുന്ന ഒന്നാണ് പൊതു സിവില്‍ കോഡ് നടപ്പാക്കല്‍. ജനസംഘത്തിന്റെ കാലം മുതല്‍ ഉന്നയിച്ചുപോരുന്ന വിഷയവുമാണിത്. ഇത് ബിജെപിയുടെ അജണ്ടയാണെന്ന് അംഗീകരിച്ചുകൊണ്ടാണ് ജനങ്ങള്‍ രാജ്യം ഭരിക്കാന്‍ ആ പാര്‍ട്ടിയെ ആവര്‍ത്തിച്ച് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രതിപക്ഷത്തെ ചില പാര്‍ട്ടികളെപ്പോലെ അധികാരം ലഭിക്കുമ്പോള്‍ ഇരട്ടത്താപ്പ് സ്വീകരിക്കുന്ന നയം ബിജെപിക്കില്ല.
ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്വങ്ങള്‍, ആര്‍ട്ടിക്കിള്‍ 44 എന്നിവയില്‍ രാജ്യത്ത് പൊതു സിവില്‍ കോഡ് കൊണ്ടുവരണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇന്ത്യയിലെല്ലായിടത്തും പൗരന്മാര്ക്ക് ബാധകമാവുന്ന പൊതു സിവില്‍ കോഡ് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നാണ് ആര്‍ട്ടിക്കിള്‍ 44 വ്യക്തമായി പറയുന്നത്. രാജ്യത്ത് ഇപ്പോള്‍ തന്നെ പൊതുവായ ക്രിമിനല്‍ നിയമമുണ്ട്. കോണ്ട്രാക്റ്റ് ആക്ട്, വസ്തു കൈമാറ്റ നിയമം എന്നിങ്ങനെ മറ്റ് പൊതുനിയമങ്ങളുമുണ്ട്. ഇതുപോലൊരു പൊതുനിയമം വിവാഹം, വിവാഹമോചനം, പിന്തുടര്ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവയുടെ കാര്യത്തിലും കൊണ്ടുവരാനാണ് പൊതു സിവില്‍ കോഡ്. അത് ഏക നിയമമല്ല, ഏകീകൃത നിയമമാണെന്ന വസ്തുത വിസ്മരിക്കാന്‍ പാടില്ല. എല്ലാ പൗരന്മാരും ഒരേ മതവിശ്വാസം പുലര്‍ത്തണമെന്നതോ അനുഷ്ഠിക്കണമെന്നതോ പൊതു സിവില്‍ കോഡിന്റെ ലക്ഷ്യമല്ല. ഇതെല്ലാം മറച്ചുപിടിച്ചുകൊണ്ടുള്ള കുപ്രചാരണമാണ് ചിലര്‍ നടത്തുന്നത്. പൊതു സിവില്‍ കോഡ് നിലവില്‍ വന്നാല്‍ കബറടക്കാന്‍ പോലും അനുവദിക്കില്ലെന്ന ശുദ്ധ നുണ മതമൗലികവാദികളും തീവ്രവാദികളും പ്രചരിപ്പിക്കുന്നു. ഇതിനെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളാണ് പൊതു സിവില്‍ കോഡിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനയെയും എതിര്‍ക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെ നേട്ടം കൊയ്യുന്ന പാര്‍ട്ടികളാണിത്. മതത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന മുസ്ലിംലീഗിനെപ്പോലുള്ള തനി വര്‍ഗീയ പാര്‍ട്ടികളും ഇതുതന്നെ ചെയ്യുന്നു. ഇവര്‍ പറയുന്നത് അംഗീകരിക്കുന്നതുപോയിട്ട്, ചെവികൊടുക്കേണ്ട ആവശ്യംപോലും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: