തൃശൂര്‍: തൃശൂര്‍ മത്സ്യമാര്‍ക്കറ്റില്‍ ബംഗാളില്‍ നിന്ന് ട്രെയിനില്‍ കൊണ്ടുവന്ന പഴകി പുഴുവരിച്ച മത്സ്യം പിടികൂടിയ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ. അനീഷ്കുമാര്‍ ആരോപിച്ചു. ഇടതുപക്ഷ യൂണിയനില്‍ പെട്ട 4 മൊത്തക്കച്ചവടക്കാരാണ് മത്സ്യം കൊണ്ടുവന്നത്. ഇവര്‍ക്ക് വേണ്ടി സിപിഎം നേതൃത്വം ഇടപെട്ടത് കൊണ്ട് പോലീസും ഭക്ഷ്യസുരക്ഷാ വിഭാഗവും കേസ് ദുര്‍ബലപ്പെടുത്തിയിരിക്കുകയാണ്.
പിടിച്ചെടുത്ത മത്സ്യത്തില്‍ ഒരുഭാഗം കച്ചവടക്കാര്‍ക്ക് തന്നെ രഹസ്യമായി കൈമാറിയതായും ആരോപണമുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഗൗരവമായ കുറ്റകൃത്യം പ്രതികള്‍ നടത്തിയിട്ടും ഇതുവരെ ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കുകയോ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ഉണ്ടായിട്ടില്ല. പ്രതികളെ നിഷ്പ്രയാസം കണ്ടെത്താമെന്നിരിക്കെ അന്വേഷണ ഉദ്യേഗസ്ഥര്‍ മന:പൂര്‍വ്വം ഇരുട്ടില്‍തപ്പി പ്രതികളെ രക്ഷപ്പെടുത്തുകയാണ്.
പഴകിയ മീന്‍ ഒറീസയില്‍ നിന്നും ബംഗാളില്‍ നിന്നും നിസ്സാര വിലയ്ക്ക് വാങ്ങി തൃശൂര്‍ മാര്‍ക്കറ്റില്‍ വന്‍ വിലയ്ക്ക് സ്ഥിരമായി വില്‍ക്കുന്ന റാക്കറ്റില്‍ പെട്ടവരാണ് ഈ സംഭവത്തിന് പിന്നിലും പ്രവര്‍ത്തിച്ചിട്ടുള്ളത്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും ഭരണാധികാരികള്‍ തയ്യാറാവണം. ജനങ്ങളുടെ ജീവന് വെച്ചാണ് ഉദ്യോഗസ്ഥര്‍ പന്താടുന്നത്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അനീഷ്കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: