കണ്ണൂര്‍: വളപട്ടണത്തെ സ്വകാര്യ പ്ലൈവുഡ് ഫാക്റ്ററി ഉടമസ്ഥര്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി അതിക്രമിച്ച് കയറി കൈവശപ്പെടുത്തിയിട്ടും കണ്ടില്ലെന്ന് നടിച്ച് ജില്ലാ ഭരണകൂടം. കയ്യേറ്റം സംബന്ധിച്ച് സമയാസമയം അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
കയ്യേറിയ സ്ഥലത്ത് നിരന്തരമായി പ്ലൈവുഡ് ഫാക്റ്ററിയിലെ മാലിന്യം തള്ളുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി 2006 ല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
സര്‍ക്കാര്‍ പുറമ്പോക്ക് കയ്യേറി 13 കമ്പനികള്‍ മരവ്യവസായത്തിനാവശ്യമായ നിര്‍മ്മാണം നടത്തി നിരന്തരമായി പ്രവര്‍ത്തിച്ചിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ നടപടിയുണ്ടായില്ല.അധികൃതര്‍ പുറമ്പോക്ക് കയ്യേറ്റവുമായി ബന്ധപ്പെട്ട് പ്ലൈവുഡ് ഫാക്റ്ററി ഉടമകള്‍ക്ക് നോട്ടീസ് അയച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ കണ്ണൂര്‍ താലൂക്ക് ഓഫീസ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് കയ്യേറ്റ സ്ഥലം തിട്ടപ്പെടുത്തി അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന് സ്ഥലം ഒഴിയാന്‍ ആവശ്യപ്പെട്ട് 2019 ഫെബ്രുവരിയില്‍ 13 ഫാക്റ്ററി ഉടമകള്‍ക്കും 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയും ചെയ്തു.
ഇതിനെതിരെ ഒരു വ്യവസായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2019 സപ്തംബറില്‍ പരാതി തള്ളി. പിന്നീട് 2019 സപ്തംബര്‍ മൂന്നിന് കലക്ടറുടെ ചേംബറില്‍ വ്യവസായ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കയ്യേറ്റം നിലനിര്‍ത്തിക്കൊണ്ട് എല്ലാ പ്ലൈവുഡ് കമ്പനികളുടെയും തല്‍സ്ഥിതി നിലനിര്‍ത്താനും നിമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കി നല്‍കാനും നിര്‍ദ്ദേശം നല്‍കി.
2021 നവംബര്‍ ആറിന് ചിറക്കല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഗ്രാമപഞ്ചായത്ത്‌രാജ് ആക്റ്റ് 254 (2) പ്രകാരം ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് 13 കമ്പനികള്‍ക്കും നോട്ടീസ് നല്‍കിയെങ്കിലും ആരും തന്നെ മറുപടി നല്‍കിയില്ല.
ഈ സാഹചര്യത്തില്‍ വിഷയം പഞ്ചായത്ത് സെക്രട്ടറി ജില്ലാ കലക്റ്ററുടെയും കണ്ണൂര്‍ തഹസില്‍ദാരുടെയും ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ഭരണ പ്രതിപക്ഷ കക്ഷികളില്‍ നിര്‍ണ്ണായക സ്വാധീനമുള്ള വ്യവസായികളെ ഭയപ്പെടുന്ന ജില്ലാ ഭരണകൂടം ഇതിനെതിരെ ഇതുവരെ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. നിലവിലുള്ള കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തതിനാല്‍ പുതിയ പുറമ്പോക്ക് തേടുകയാണ് കയ്യേറ്റക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: