ഉപദേശോപാഖ്യാനം
വസിഷ്ഠന് പറഞ്ഞു, ‘രാമചന്ദ്ര! ഇനിയും ശ്രദ്ധിച്ചു കേട്ടുകൊള്ളുക. അറ്റമില്ലാതുള്ള കാലത്തില്‍ എത്ര നിസ്സാരമാണ് ഈ നൂറുവര്‍ഷം? നീ ഓര്‍ക്കുക, ഈ നൂറുവര്‍ഷം മഹായുസ്സായുള്ളവന് എന്താഗ്രഹമുണ്ടായിടുന്നു? ഭവാന് ദുഃഖദായിനിയായുള്ള ആഗ്രഹങ്ങളെ വിട്ട് ഏതുരൂപനാകുന്നവോ ആ രൂപത്തെയാണ്ട് നീ ശുദ്ധബുദ്ധേ! ലീലയായി വിഹരിക്കുക. രത്നം ആഗ്രഹിക്കാതിരിക്കുമ്പോള്‍ ആ ലോകം നന്നായി പ്രവര്‍ത്തിക്കുന്നതെങ്ങനെ? ഇഹം ഇച്ഛിക്കാതിരുന്നീടിലും സത്താമാത്രേണ ലോകം അങ്ങനെതന്നെ പ്രവര്‍ത്തിക്കും.
അതുകൊണ്ട് കര്‍മ്മം ചെയ്യലും കര്‍മ്മം ചെയ്യാതിരിക്കലും ആത്മാവില്‍ രണ്ടും ഉറച്ചതാണെന്നോര്ക്കുക. ഒന്നും ആഗ്രഹിക്കാതിരിക്കനിമിത്തം അകര്ത്താവിന്റെ സാന്നിദ്ധ്യമാത്രത്വംകൊണ്ട് കര്‍ത്താവുമാകുന്നു. കര്‍ത്തൃത്വവും അകര്‍ത്തൃത്വവും രണ്ടുമുണ്ടെന്നു ധരിച്ചുകൊള്ളുക. ഇവയില്‍ ഇഷ്ടമുള്ളതിനെ കൈക്കൊണ്ടു ധന്യനാകുന്ന നീ ബുദ്ധിസ്ഥിരനായി ഭവിച്ചാലും. എപ്പോഴും ഞാന്‍ അകര്ത്താവെന്നുറപ്പായ ഭാവനകൈക്കൊണ്ട് കര്‍മ്മങ്ങളൊക്കെയും ചെയ്യുന്നതാകിലും കര്‍മ്മത്തോട് ഒട്ടലുണ്ടായിടാ എന്ന കാര്യം നീ നന്നായി ധരിക്കുക. സ്വന്തം ചേതസ്സിന് ഒട്ടും പ്രവൃത്തിയില്ലാതെവന്നീടുകില് ജന്തു നിശ്ചയമായും പരമായ വിഷയത്തില്‍ ഔല്സുക്യഹീനതയെ പ്രാപിക്കുന്നു. എന്നതുകൊണ്ട് രാഘവ! നിത്യവും ഞാന്‍ അകര്‍ത്താവാണ് എന്നുള്ള ഭാവന വര്‍ദ്ധിച്ചിടുന്നു. അതുകൊണ്ട് പരമാമൃതരൂപയാകുന്ന സമത ശേഷിക്കുന്നു. ഒക്കെയും ഞാന്‍ ചെയ്തുകൊണ്ടീടുന്നു എന്നു മഹാകര്ത്തൃത്വമാര്ന്നു നീ പ്രവര്‍ത്തിച്ചുകൊള്ളുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ഉത്തമം തന്നെയാണ്. മഹാകര്ത്തൃത്വമെന്നതില് സീമയില്ലാത്തതായ ഈ ജഗത്ഭ്രമം നിസ്സന്ദേഹം ഞാന്‍തന്നെയാണു ചെയ്യുന്നതെന്നതാണ് അഭിമാനം. അതുകൊണ്ട് ആയതില്‍ അന്യനില്ലാതെയാകുമ്പോള് രാഗാദികള്‍ ഉണ്ടാകുന്നതെങ്ങനെ? അന്യന് എന്റെ ദേഹത്തെ ലാളിച്ചുവെന്നതും അന്യന് എന്റെ ദേഹത്തെ ദഹിപ്പിച്ചുവെന്നതും കര്മ്മവിപാകമാണ്. അതുകൊണ്ട് മോദത്തിനും ഖേദത്തിനും അവകാശമെന്താണ്?
ശുദ്ധബുദ്ധേ! ഖേദമോദങ്ങളില് സ്വന്തം ആത്മകര്ത്തൃത്വമായീടുന്ന ഒന്നിനാല്‍ തന്നുടെ സങ്കല്പമില്ലാതെയായാല് സമത ശേഷിച്ചിടുന്നു. സര്വഭാഗങ്ങളിലുള്ള സമത സത്യപരാസ്ഥിതിയാണ്. ചേതസ്സ് അതിങ്കല്‍ അവസ്ഥിതമാണെങ്കില് പിന്നീട് ജന്മമനുഭവിക്കുന്നവനാകില്ല. അല്ലെങ്കില്‍ സര്‍വകര്‍ത്തൃത്വവും അതുപോലെ അകര്ത്തൃത്വമായതും എല്ലാം അകലെക്കളഞ്ഞു മനസ്സിനെ നിസംശയം നാശമാക്കീട്ടു എങ്ങനെയാകുന്നു അത് അങ്ങനെതന്നെ നീ സ്ഥിരനായി ഭവിച്ചാലും. ഞാനിവനാകുന്നു, ഞാനിവനല്ല, ഇങ്ങ് ഞാനിതു ചെയ്യുന്നു, ചെയ്യുന്നതില്ല ഇങ്ങനെ ഭേദഭാവാനുസന്ധാനാത്മികയാകുന്ന ഈ ദൃഷ്ടി തുഷ്ടിക്കുതകുന്നതല്ല. കാകുല്സ്ഥമൗലേ! ദേഹമാകുന്നു ഞാനായതെന്നുള്ള ബുദ്ധിയെ കാലസൂത്രാദിയായീടുന്ന നരകജാലമാണെന്നു വിദ്വജ്ജനം പറയുന്നു. സര്‍വനാശം വന്നടുത്താലും ആയത് സര്വപ്രയത്നംകൊണ്ട് ദൂരെ നീക്കീടണം. ശിഷ്ടനായുള്ളവന് തന്നാല്‍ ഒരിക്കലും ചോദ്യംചെയ്യപ്പെടുന്നവയല്ലാ എന്നു നീ അറിഞ്ഞീടുക. കണ്ട മാംസങ്ങളെയെല്ലാം തിന്നുന്ന ചണ്ഡാളന് പട്ടിയുടെ മാംസം കഴിക്കയില്ല. അതുപോലെ ഈ ദേഹം അഹം എന്നതു നീ അകറ്റീടുക വേണം രഘുപതേ! ഞാന്‍ ഈ ശരീരമാണെന്നുള്ള ബുദ്ധി നല്ല ജ്ഞാനദൃഷ്ടിക്കുള്ള പടല(മൂടുന്ന പാട)മാകുന്നു. മായമല്ല, ആയതു നീങ്ങിയെന്നാകില് കാര്‍മേഘം നീങ്ങി നിലാവുണ്ടായതുപോലെ ഒട്ടും മങ്ങല്‍ കൂടാതെ പരമയാകുന്ന ദൃഷ്ടി നന്നായി വിളങ്ങും. നേരോടെ അതു വിളങ്ങീടുകില് സംസാരവാരാന്നിധിയെ ക്ഷണത്തില്‍ കടന്നിടും. കര്‍ത്താവു ഞാനല്ല, ഞാനല്ലിതൊന്നുമെന്നു ഉള്ളില്‍ നിനയ്ക്കുക, അല്ലെങ്കില്‍ നീ കര്‍ത്താവു ഞാന്‍തന്നെ, സര്‍വവും ഞാന്‍തന്നെ എന്നു ഉളളില്‍ ഇപ്രകാരം നിരൂപിച്ചുകൊള്ളുക. രണ്ടിലേതെങ്കിലുമൊന്നിനെ കൈക്കൊണ്ടു സ്വപദത്തില്‍ നീ വാണീടുക. സര്വോത്തമമാകും ആ മായയില്‍ സര്വമറിഞ്ഞുള്ള സാധുക്കള്‍ സര്‍വദാ വാഴുന്നു. വാസനാബന്ധമാകുന്നു ബന്ധം, രാമ! വാസനാനാശമായീടുന്നു മോക്ഷം. വാസനയെ നീ കളയുക. അതോടെ മോക്ഷാര്ത്തത്വമായതും നീക്കേണം. തുംഗബുദ്ധേ! വിഷയത്തില്‍
പാരം പഴക്കമാര്ന്നീടുന്ന ചിത്തത്തിലുള്ളൊരു വാസനാസഞ്ചയം അത്രയും ഒന്നായിക്കളഞ്ഞു നീ മൈത്രാദികളാകുന്ന നല്ല വാസനകളെ സ്വീകരിച്ചീടുക. പിന്നെ മൈത്രാദികളോടു വ്യവഹാരമാര്ന്നീടിലും അവയോട് ഉള്‍ച്ചേരാതെ സന്മതേ! സ്വല്പവും ഇച്ഛകൂടാതെ നീ ചിന്മാത്രവാസനയുള്ളവനായി ഭവിക്കുക.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: