തിരുവനന്തപുരം: ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ മാത്രമായി നാലോ അഞ്ചോ കളികള്‍ അനുവദിക്കരുതായിരുന്നു എന്ന് ട്വീറ്റ് ചെയ്ത ശശി തരൂര്‍ എംപിയ്ക്കെതിരെ പ്രതികരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ജയേഷ് ജോര്‍ജ്ജ്.
“അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിന് കൂടുതല്‍ കാണികളെ ഉള്‍ക്കൊള്ളാനുള്ള കഴിവുണ്ട്. അഹമ്മദാബാദില്‍ നരേന്ദ്രമോദി സ്റ്റേഡിയം വരുന്നതിന് മുന്‍പ് ഈ പേര് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനായിരുന്നു. അവിടെ 60,000 മുതല്‍ 70,000 വരെ കാണികളെ ഉള്‍ക്കൊള്ളാനുള്ള കഴിവ് ആ സ്റ്റേഡിയത്തിനുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ് മികച്ച സൗകര്യങ്ങള്‍ ഉള്ളത്. ലോകത്തിലെ തന്നെ വലിയ സ്റ്റേഡിയമായതിനാല്‍ തീര്‍ച്ചയായും ഒട്ടേറെ മാച്ചുകള്‍ ഇവിടേക്ക് പോകുക തന്നെ ചെയ്യും. ശശി തരൂരിന്റെ ട്വീറ്റ് വസ്തുതകള്‍ കണക്കിലെടുക്കാതെയുള്ളതാണ്.” – ജയേഷ് ജോര്‍ജ്ജ് പറയുന്നു.
തിരുവനന്തപുരം, മൊഹാലി, റാഞ്ചി സ്റ്റേഡിയങ്ങള്‍ക്കും ലോകകപ്പ് മത്സരത്തില്‍ അവസരം നല്‍കണമായിരുന്നു എന്നും ഒരു സ്റ്റേഡിയത്തിന് (അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം) മാത്രം നാല്-അഞ്ച് മാച്ചുകള്‍ അനുവദിച്ചത് അനാവശ്യമാണെന്നും ഇത് ബിസിസിഐ വരുത്തിയ വലിയ പിഴവാണെന്നുമായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
അതുപോലെ പാകിസ്ഥാന് ടീമും നേരത്തെ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ മത്സരിക്കാന്‍ ആദ്യം വിസമ്മതം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ബിസിസിഐയും ഐസിസിയും ശക്തമായ നിലപാടെടുത്തതോടെ ഇന്ത്യാ-പാകിസ്ഥാന് മത്സരം നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കും. ഒക്ടോബര്‍ 15നാണ് ആവേശമുണര്‍ത്തുന്ന ഈ മത്സരം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: