ന്യൂദല്‍ഹി: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് അന്വേഷണ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് രണ്ട് പേര്‍ക്കെതിരെ ദല്‍ഹി പോലീസ് കേസെടുത്തതായി അഡീഷണല്‍ കമ്മീഷണര്‍ (കസ്റ്റംസ്) എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. ദല്‍ഹി ഐജിഐ എയര്‍പോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ അഡീഷണല്‍ കമ്മീഷണര്‍ (കസ്റ്റംസ്) ആണ് പരാതി നല്‍കിയത്.
അമന്‍ ഭാനുശാലി രോഹിത് കപൂര്‍ എന്ന രണ്ടു യാത്രക്കാര്‍ക്കെതിരെ ഐജിഐ എയര്‍പോര്‍ട്ട് കസ്റ്റംസ് സ്വര്‍ണക്കടത്തിന് കേസെടുത്തിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ മുംബൈ സ്വദേശി കൃഷ്ണ പാട്ടീല്‍, സോനിപത് സ്വദേശി പ്രവീണ്‍ എന്നിവരാണെന്ന് കണ്ടെത്തി.
ജൂണ്‍ 22ന് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ വഡോദരയില്‍ നിന്ന് ന്യൂദല്‍ഹിയിലെ ഐജിഐ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ രണ്ടില്‍ ഇരുവരും എത്തിയതായി എഫ്‌ഐആര്‍ പറയുന്നു. സംശയത്തെ തുടര്‍ന്ന് ഇവരില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍ നിന്ന് സ്വര്‍ണം കണ്ടെടുകയായരുന്നു. പിടിച്ചെടുത്തു സ്വര്‍ണം സോനിപത്ത് സ്വദേശിയായ വിശാല്‍ മാലിക് എന്ന വ്യക്തിയുടേതാണെന്നും യാത്ര ചെയ്യാനുള്ള എല്ലാ വ്യാജ തിരിച്ചറിയല്‍ രേഖകളും ഇവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മനസിലായി.
വ്യാജ ഐഡന്റിറ്റി വച്ചുപുലര്‍ത്തിയതിന് മുകളില്‍ സൂചിപ്പിച്ച മൂന്ന് പേര്‍ക്കെതിരെയും അന്വേഷണം തുടര്‍ന്നു. ജൂണ്‍ 22 മുതല്‍ വിശാല്‍ മാലിക് ഈ കേസിന്റെ ഐഒയെ മൊബൈല്‍ വഴി നിരന്തരം ഭീഷണിപ്പെടുത്തുകയും കേസിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുകയും ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.
അതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിരന്തരം ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിന് വിശാല്‍ മാലിക്കിനെതിരെ കേസെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നതായി എഫ്‌ഐആര്‍ വ്യക്തമാക്കി. ഐജിഐ എയര്‍പോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ ഐപിസി 420/468/471/474/506 വകുപ്പുകള്‍ പ്രകാരം ദല്‍ഹി പൊലീസ് കേസെടുത്തു, കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: