പാലക്കാട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസില്‍ ചേരിപ്പോര് രൂക്ഷം. സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പാലക്കാട് മണ്ഡലം പ്രസിഡന്റ്. എ, ഐ വിഭാഗങ്ങളുടെ പരസ്യപോരില്‍ ഇടപെടാതെ നേതൃത്വം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് യൂത്ത്കോണ്‍ഗ്രസില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം മറനീക്കി പുറത്തുവന്നത്. പാലക്കാട് മണ്ഡലം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സദാംഹുസൈന്റെ നാമനിര്‍ദ്ദേശ പത്രിക ഷാഫി പറമ്പില്‍ ഇടപെട്ട് തള്ളിയതോടെയാണ് ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നം രൂക്ഷമാക്കിയത്. സമൂഹമാധ്യമങ്ങളിലടക്കം പരസ്പരം ഏറ്റുമുട്ടല്‍ തുടങ്ങി. ആരോടും ചോദിക്കാതെ സമരം നടത്തി, ഷാഫിപറമ്പിലിനെ വിമര്‍ശിച്ച്, ക്രിമിനല്‍ കേസടക്കമുണ്ടെന്ന് പറഞ്ഞാണ് തന്റെ നോമിനേഷന്‍ തള്ളിയതെന്ന് സദാം പത്രസമ്മേളനത്തില്‍ പറഞ്ഞു.
അഖിലേന്ത്യാതലത്തില്‍ തനിക്കെതിരെ ഇല്ലാത്ത കുറ്റം ചുമത്തി പരാതി നല്‍കിയതാണ് നോമിനേഷന്‍ തള്ളാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യപരമായി മത്സരിച്ച് ജയിക്കാനുള്ള ഭയമാണ് ഷാഫിക്കും സംഘത്തിനുമുള്ളത്. ശത്രുക്കള്‍ മറ്റുപാര്‍ട്ടികളില്ല സ്വന്തം പാര്‍ട്ടിയിലാണെന്നും സദാം പറഞ്ഞു.
ഇതിനെതിരെ എഐസിസി നേതൃത്വത്തിനും, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിനും കെപിസിസിക്കും പരാതി നല്‍കുന്നതിന് പുറമെ നിയമ നടപടിയും സ്വീകരിക്കും. ഫാന്‍സ് അസോസിയേഷനല്ല പാര്‍ട്ടി നയിക്കേണ്ടത്. ഐ ഗ്രൂപ്പിന് സ്വാധീനമുള്ള പാലക്കാട് മണ്ഡലം പിടിക്കാനുള്ള എ ഗ്രൂപ്പിന്റെ ശ്രമം നടക്കില്ലെന്നും, തരംതാണ രാഷ്‌ട്രീയം കളിക്കുന്ന ഷാഫിപറമ്പിലിന്റെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട തെളിവുകള്‍ പുറത്തുവിടുമെന്നും സദാം ഹുസൈന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് എം. അരുണ്‍പ്രസാദ്, മണ്ഡലം വൈസ് പ്രസിഡന്റ് എം. അരുണ്‍, എ. മൊയ്തീന്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: