കൊച്ചി: കരിപ്പൂര്‍ വിമാനത്താവളം വഴി 1.20 കോടി രൂപയുടെ സ്വര്‍ണം കടത്തിയ കേസില്‍ പ്രതികളായ ദമ്പതികളില്‍ ഭാര്യയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള് ജാമ്യവും വ്യവസ്ഥ ചെയ്താണ് കോഴിക്കോട് കൊടുവള്ളി സ്വദേശി ഷമീനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇവരുടെ ഭര്‍ത്താവ് ഷറഫുദ്ദീന് ജാമ്യം നിഷേധിച്ചു.
മെയ് 18 നാണ് സ്വര്‍ണക്കടത്ത് കേസില്‍ ഷറഫുദ്ദീനെയും ഷമീനയെയും കസ്റ്റംസ് പിടികൂടിയത്. ഷറഫുദ്ദീന്റെ മലദ്വാരത്തില്‍ നിന്ന് നാലു ക്യാപ്സൂളുകളിലായി 950 ഗ്രാം സ്വര്‍ണവും ഷമീനയുടെ അടിവസ്ത്രത്തില്‍ നിന്ന് 1198 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. കുടുംബാംഗങ്ങളെയടക്കം ഉപയോഗിച്ച് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തുന്നത് അംജദ് മിഹ്രാന്‍ എന്ന വ്യക്തിയാണെന്നും ഇയാളുടെ നിര്‍ദേശ പ്രകാരമാണ് ബന്ധുക്കളായ ഷറഫുദ്ദീനും ഷമീനയും സ്വര്‍ണം കടത്തിയതെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.
അംജദ് മിഹ്രാനാണ് ഒന്നാം പ്രതി. നാലു കുട്ടികളുണ്ടെന്നും ഇളയ കുട്ടിക്ക് നാലു വയസുമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ദമ്പതികള്‍ കേസില്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രതികള്‍ക്ക് നാലു കുട്ടികളുണ്ടെന്ന വാദം കണക്കിലെടുത്താണ് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന് തോമസ്, ഷമീനയ്ക്ക് ജാമ്യം അനുവദിച്ചത്. കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത്, തെളിവു നശിപ്പിക്കാനോ സാക്ഷികളോ സ്വാധീനിക്കാനോ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ വ്യവസ്ഥകളും ജാമ്യത്തിലുള്പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: