കിളിമാനൂർ ഗോവിന്ദ്
കിളിമാനൂർ: ചിത്രകലാ വൈഭവത്താൽ ലോകം കീഴടക്കിയ രാജാരവിവർമ്മയുടെ സ്മാരകം ജന്മദേശത്ത് കാടുകയറി നശിക്കുന്നു. കിളിമാനൂർ രാജാരവിവർമ്മ സ്‌കൂളുകൾക്ക് സമീപമുള്ള സാംസ്‌ക്കാരിക നിലയവും ആർട്ട് ഗ്യാലറിയുമാണ് ഭരണാധികാരികളുടെ അവഗണനയെത്തുടർന്ന് നാശോന്മുഖമായിക്കൊണ്ടിരിക്കുന്നത്. ഗ്യാലറിക്കുള്ളിലെ 46 അപൂർവചിത്രങ്ങൾ മഴവെള്ളം വീണ് നശിക്കാതിരിക്കാൻ മൂലയിലേക്ക് കൂട്ടിയിട്ടിരിക്കുകയാണ്.
രാജാരവിവർമ്മയ്‌ക്ക് ഉചിതമായ സ്മാരകത്തിനുവേണ്ടി കിളിമാനൂർ രാജകുടുംബാംഗം പഞ്ചായത്തിനു വിട്ടുകൊടുത്ത ഒരേക്കർ അറുപത് സെന്റ് സ്ഥലത്താണ് സാംസ്‌ക്കാരിക നിലയം സ്ഥിതിചെയ്യുന്നത്. ആർട്ട് ഗ്യാലറി ചോർന്നൊലിച്ചും കാടുപിടിച്ചും പൂട്ടിയിട്ടിരിക്കുന്നു. പ്രതിമകളിൽ വള്ളി പടർപ്പുകളും പടർന്ന് കയറിക്കഴിഞ്ഞു. ആർട്ട് ഗ്യാലറിയിൽ ആരെയും പ്രവേശിപ്പിക്കരുതെന്ന കർശന നിർദ്ദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്.
രാജാരവിവർമ്മ അന്തരിച്ച് ഒൻപതു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടാണ് ജന്മദേശത്ത് ഒരു സ്മാരകം സർക്കാർ തലത്തിൽ ആരംഭിച്ചത്.
2014 നവംബറിൽ സാംസ്‌ക്കാരിക മന്ത്രിയായിരുന്ന കെ.സി.ജോസഫ് ആണ് ഉദ്ഘാടനം ചെയ്തത്. തൃശൂർ ലളിതകലാ അക്കാദമിക്കാണ് സാംസ്‌ക്കാരിക നിലയത്തിന്റെ ചുമതല. ഒരു കാവൽക്കാരനുൾപ്പെടെ രണ്ട് ജീവനക്കാരാണിവിടെയുള്ളത്. ഭരണകർത്താക്കൾക്ക് രാജാരവിവർമ്മയേയും ഈ സാംസ്‌ക്കാരിക നിലയെത്തയും ആർട്ട് ഗ്യാലറിയേയും ഓർക്കണമെങ്കിൽ ഇനിയൊരു ജന്മദിനമോ ചരമ ദിനമോ വരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: