പാലക്കാട്: വിഭാഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ പി.കെ. ശശി ഉള്‍പ്പെടെ മൂന്ന് നേതാക്കളെ തരംതാഴ്ത്തി സിപിഎം. പി.കെ. ശശി, മുന്‍ എംഎല്‍എ വി.കെ. ചന്ദ്രന് എന്നിവരെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്കും, ജില്ലാ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സി.കെ. ചാമുണ്ണിയെ വടക്കഞ്ചേരി ഏരിയ കമ്മിറ്റിയിലേക്കുമാണ് തരംതാഴ്ത്തിയത്. പി.കെ. ശശി കെടിഡിസി ചെയര്‍മാനും സിഐടിയു ജില്ലാ പ്രസിഡന്റുമാണ്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ തീരുമാനം. അഞ്ച് വര്‍ഷത്തിനിടെ രണ്ടാംതവണയാണ് ശശിക്കെതിരെ അച്ചടക്ക നടപടിയുണ്ടാവുന്നത്. ജില്ലയില്‍ വിഭാഗീയതക്ക് നേതൃത്വം നല്‍കിയത് ഇവര്‍ മൂന്നു പേരുമാണെന്ന് കണ്ടെത്തിയിരുന്നു.
ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന പുതുശ്ശേരി, എലപ്പുള്ളി, ചെര്‍പ്പുളശ്ശേരി, കൊല്ലങ്കോട് എന്നിവിടങ്ങളില്‍ ശക്തമായ വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് നടന്നത്. എലപ്പുള്ളിയിലും, പുതുശ്ശേരിയിലും കൈയ്യാങ്കളിയിലും, കസേരയേറിലും വരെ എത്തി. തുടര്‍ന്ന് ഏരിയാ കമ്മിറ്റികളുടെ യോഗം നിര്‍ത്തിവയ്ക്കുകയും ഉണ്ടായി. പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും പ്രമുഖര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു. അവരെ പിന്നീട് ഏരിയ കമ്മിറ്റികളിലേക്ക് ജില്ലാകമ്മിറ്റി തെരഞ്ഞെടുക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് വിഭാഗീയതയെക്കുറിച്ച് അന്വേഷിച്ച സംസ്ഥാന നേതാക്കളായ ആനാവൂര്‍ നാഗപ്പന്, കെ.കെ. ജയചന്ദ്രന് എന്നിവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ചെര്‍പ്പുളശ്ശേരി ഏരിയാ സമ്മേളനത്തില്‍ ഔദ്യോഗിക പാനലിനെ പി.കെ. ശശി വിഭാഗം വെട്ടിനിരത്തിയിരുന്നു. എന്നാല്‍ മത്സരിച്ചെത്തിയ 13 പേരില്‍ ഒന്‍പത് പേരെ ഒഴിവാക്കി കമ്മറ്റി പുന:സംഘടിപ്പിച്ചിരുന്നു.
ഇതിനു പുറമേ സിപിഎം ഭരണത്തിന് കീഴിലുള്ള മണ്ണാര്‍ക്കാട്ടെ സഹകരണബാങ്കുകളില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതായും, മണ്ണാര്‍ക്കാട് വിദ്യാഭ്യാസ സഹകരണ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സല്‍ കോളേജിന് വേണ്ടി ഫണ്ട് ദുര്‍വിനിയോഗം നടത്തി എന്നും പരാതിയുണ്ട്. ശശിക്കെതിരായ പാര്‍ട്ടി ഫണ്ട് തിരിമറി പരാതിയില്‍ പിന്നീട് നടപടി സ്വീകരിക്കും.
ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പി.കെ. ശശി ഉള്‍പ്പെടെ വിഭാഗീയത പ്രവര്‍ത്തനം നടത്തിയ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തപക്ഷം പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് ഭൂരിഭാഗം നേതാക്കളും ഉന്നയിച്ചിരുന്നു. ഇതിനെതിരെ ശശിയെ പിന്തുണച്ച നേതാക്കളൊഴിച്ച് ഭൂരിപക്ഷം പേരും നടപടി അംഗീകരിച്ചു. എന്നാല്‍ തരംതാഴ്ത്തിയ നടപടിയില്‍ പ്രതികരിക്കാന്‍ ശശി തയ്യാറായില്ല. എല്ലാം നേതാക്കളോട് ചോദിക്കൂ എന്ന് മാത്രമായിരുന്നു മറുപടി. കഴിഞ്ഞദിവസം കൊല്ലങ്കോട് ഏരിയ കമ്മിറ്റിയില്‍ നിന്ന് നാല് പേരെ ഒഴിവാക്കുകയും അഞ്ച്പേരെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: