തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എന്നാല്‍ ചൊവ്വാഴ്ചത്തെ അത്രയും മഴയ്ക്ക് സാധ്യതയില്ലെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദവും തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദപ്പാത്തി നിലനില്‍ക്കുന്നതിനാലും കേരളത്തില്‍ കാലവര്‍ഷം വരും ദിവസങ്ങളില്‍ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറഞ്ഞിരുന്നത്.
അഞ്ച് ദിവസത്തേയ്ക്ക് ശക്തമായ മഴയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറഞ്ഞിരുന്നത്. ബുധനാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ലഭിക്കുമെന്നാണ് ഇന്നത്തെ നിര്‍ദ്ദേശത്തില്‍ പറയുന്നത്. ഒരുജില്ലയിലും പ്രത്യേകമായി മുന്നറിയിപ്പും നല്‍കിയിട്ടില്ല. ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. അതിനാല്‍ മത്സ്യബന്ധത്തിന് പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ കണ്ണൂര്‍ ജില്ലയുടെ പല ഭാഗത്തും വെള്ളം കയറി. മട്ടന്നൂരില്‍ വിമാനത്താവള പരിസരത്ത് നാല് വീടുകളില്‍ വെള്ളം കയറി. ഒന്നാം ഗേറ്റിനു സമീപം കല്ലേരിക്കരയിലെ വീടുകളിലാണ് വെള്ളം കയറിയത്. വിമാനത്താവളത്തിലെ കനാല്‍ വഴി പുറത്തേക്ക് ഒഴുക്കിയ വെള്ളമാണ് വീടുകളിലേക്ക് കയറിയത്. വിമാനത്താവള പരിസരത്ത് വൈകിട്ട് 4 മണി മുതല്‍ കനത്ത മഴ പെയ്തിരുന്നു. ഇത് രാത്രി ഏഴ് മണിക്ക് ശേഷവും തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: