ലഖ്നൗ:ഉത്തര്‍പ്രദേശില്‍ എല്ലാ വീടുകളിലും വൈദ്യുതി നല്‍കുമെന്ന വാഗ്ദാനം പൂര്‍ത്തിയാക്കാന്‍ ഇപ്പോള്‍ പൊലീസ് സ്റ്റേഷനുകളെപ്പോലും ജനസേവനത്തിനായി ഉപയോഗിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം ബുലന്ദ് ശഹര് പൊലീസ് 70വയസ്സായ നൂര്ജ്ജഹാന്റെ വീട്ടില്‍ വൈദ്യുതി എത്തിച്ച സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.
ബുലന്ദ് ശഹര് പൊലീസ് മിഷന് ശക്തി പദ്ധതിയുടെ ഭാഗമായി ഗ്രാമത്തിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനിടയിലാണ് അവിടുത്തെ വിധവയായ നൂര്ജഹാന് തന്റെ വീട്ടില്‍ വൈദ്യുതിയില്ലെന്നും അതിലൂടെ വെളിച്ചം വീട്ടിലെത്തണമെന്നത് വലിയ മോഹമാണെന്ന് അറിയിക്കുകയും ചെയ്തത്. എഎസ് പി അനുകൃതി ശര്‍മ്മയും എസ് പി സുരേന്ദ്രനാഥ് തിവാരിയും ചേര്‍ന്ന് ഒരാഴ്ചയ്ക്കകം നൂര്‍ജഹാന്റെ മോഹം നടപ്പാക്കുമെന്ന് ഉറപ്പ് കൊടുത്തു.
യുപി പൊലീസ് വിധവയായ 70കാരി നൂര്‍ജഹാന്റെ ഒരേയൊരു അഭിലാഷമായ വൈദ്യുതി വെളിച്ചം വീട്ടിലേക്കെത്തിക്കുന്നതിന്റെ വീഡിയോ കാണാം:
ഒരാഴ്ചയ്ക്കകം നൂര്‍ജഹാന്റെ വീട്ടില്‍ വൈദ്യുതി എത്തി. ഇപ്പോള്‍ നൂര്‍ജഹാന്റെ വീട്ടില്‍ വൈദ്യുതി എത്തുന്നതും എഎസ് പി അനുകൃതി ശര്‍മ്മ ഒരു ഫാന്‍ പ്രവര്‍ത്തിപ്പിച്ച് കാണിക്കുകയും നൂര്‍ജഹാന്റെ മുഖം സന്തോഷത്താല്‍ നിറയുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ദിവസം യുഎസ് സന്ദര്‍ശനം നടത്തിക്കൊണ്ടിരുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണമില്ലെന്ന രീതിയില്‍ മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ വിമര്‍ശിച്ചിരുന്നു. എന്നാല്‍ യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം യുപി പൊലീസ് നടത്തുന്ന ദൗത്യത്തെക്കുറിച്ച് ബരാക് ഒബാമ കേട്ടിരുന്നെങ്കില്‍ ഇങ്ങിനെ പറയില്ലായിരുന്നു. യുപി പൊലീസ് തന്നെ വൈദ്യുതി ഇല്ലാത്ത വീടുകളില്‍ വൈദ്യുതി എത്തിച്ച് കൊടുക്കുകയാണ്. യോഗിയുടെ വാഗ്ദാനമായ എല്ലാ വീടുകളിലും വൈദ്യുതി എന്ന ദൗത്യം പൂര്‍ത്തിയാക്കുക മാത്രമാണ് യുപി പൊലീസിന്റെ ലക്ഷ്യം. യോഗി ആദിത്യനാഥ് നല്കുന്ന പല വാഗ്ദനങ്ങളില്‍ ഒന്ന് മാത്രമാണ് വൈദ്യുതി എല്ലാ വീടുകളിലും എത്തിക്കല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: