കൊല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച ബാക്കി നില്‍ക്കെ ബംഗാളില്‍ വ്യാപക അക്രമം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാലത്ത് നടന്നതിന് സമാനമായ അതിക്രമങ്ങളാണ് സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും അരങ്ങേറുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അസ്വാരസ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഭണ്ഡാര്‍, കാനിങ്, മാള്‍ഡ. കുച്ച്ബിഹാര്‍ തുടങ്ങിയ മേഖലകളില്‍ നിന്ന് നിരവധി സംഘട്ടന വാര്‍ത്തകളാണ് പുറത്തുവരുന്നത് വിവിധ ജില്ലകളില്‍ നിന്ന് നിരവധി ബോംബുകള്‍ കണ്ടെടുത്തു. സംസ്ഥാനത്ത് ഇതുവരെ ആറ് പേര് മരിച്ചതായി സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിഷന് അറിയിച്ചു. തിങ്കളാഴ്ച കുച്ച് ബിഹാറില്‍ നടന്ന വെടിവയ്പില്‍ ഒരാള്‍ മരിച്ചു. അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗ്ലാദേശില്‍ നിന്ന് കടന്നുവന്ന അക്രമികളെ ഉപയോഗിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസും സര്‍ക്കാരും സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചതെന്ന് ബിജെപി നേതാവ് അജയ് റോയ് ആരോപിച്ചു.
അതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളുടെ ഭീഷണി മൂലം പ്രചാരണത്തിനിറങ്ങാനാവുന്നില്ലെന്ന് പരാതിയുമായി പതിനേഴ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ എട്ടിന് നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാള്‍ഡ ജില്ലിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ഥികളാണ് പരാതിക്കാര്‍.
തെരഞ്ഞെടുപ്പ് ഫലം വരെയെങ്കിലും തങ്ങളുടെ ജീവന് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് രാജശേഖര്‍ മന്തയുടെ ബെഞ്ചിലാണ് കേസ് ഫയല്‍ ചെയ്യാന്‍ ഇവര്‍ അനുമതി തേടിയത്.
മാള്‍ഡയിലെ മണിച്ചക്ക് ബ്ലോക്കിലെ 15 ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥികളും രണ്ട് പഞ്ചായത്ത് സമിതി ഭാരവാഹികളുമാണ് അഡ്വ. കൗസ്തുഭ് ബാഗ്ചി മുഖാന്തിരം ഹൈക്കോടതിയില്‍ എത്തിയത്.
തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് മുതല്‍ തുടര്‍ച്ചയായ ഭീഷണിയാണ് നേരിടുന്നതെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ആരോപിച്ചു. പ്രചാരണത്തിന് ഇറങ്ങാന്‍പോലും കഴിയാത്തവിധം ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: