തൊടുപുഴ: പലയിടങ്ങളിലും രണ്ടു ദിവസമായി മഴയുണ്ടെങ്കിലും സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി സംഭരണിയില്‍ അവശേഷിക്കുന്നത് 13.68 ശതമാനം വെള്ളം മാത്രം. കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്നതിനാല്‍ ഇവിടെ നിന്നുള്ള ഉത്പാദനം പരമാവധി കുറച്ച് പുറംവൈദ്യുതിയെ ആശ്രയിക്കുകയാണ് കെഎസ്ഇബി ഇപ്പോള്‍.
ശരാശരി തോതില്‍ വൈദ്യുതി ഉത്പാദിപ്പിച്ചാല്‍, ഈ വെള്ളം രണ്ടാഴ്ച കൊണ്ട് തീരും. പരമാവധി ഉത്പാദിപ്പിച്ചാല്‍, വെള്ളം ഒരാഴ്ചത്തേക്കു മാത്രം. ഇന്നലെ രാവിലെ രേഖപ്പെടുത്തിയതനുസരിച്ച് 2305.3 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 2338.61 അടി. 33 അടിയുടെ കുറവ്. 5.463 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് തിങ്കളാഴ്ച
സംഭരണിയിലേക്ക് ഒഴുകിയെത്തിയത്. 1.868 മില്യണ്‍ യൂണിറ്റായിരുന്നു ഈ സമയത്തെ മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉത്പാദനം.
ഉത്പാദനം ഗണ്യമായി കുറച്ചതിനാല്‍ ജലനിരപ്പ് ചെറിയ തോതില്‍ (0.26 അടി) കൂടിയിട്ടുണ്ട്. ഒരാഴ്ചയായി നാല് ദശലക്ഷം യൂണിറ്റില്‍ താഴെയായിരുന്നു ഉത്പാദനം. ഇത് ഘട്ടം ഘട്ടമായി കുറച്ചാണ് രണ്ടില്‍ താഴെ എത്തിയത്. ശരാശരി അഞ്ച് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇപ്പോള്‍ കെഎസ്ഇബി അധികമായി പുറത്തുനിന്ന് വാങ്ങുന്നത്. എന്നാല്‍ ഇതിന്റെ വില പുറത്തുവിട്ടിട്ടില്ല. സാധാരണ ഈ സമയത്ത് കെഎസ്ഇബി വൈദ്യുതി വില്‍ക്കുകയാണ് പതിവ്.
വൈദ്യുതി ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്തുള്ള പമ്പ, കക്കി സംഭരണികളിലാകെ 10 ശതമാനം വെള്ളമേയുള്ളു. മാട്ടുപ്പെട്ടി-35, കുണ്ടള-53, ഇടമലയാര്‍-18, ഷോളയാര്‍-45, കുറ്റിയാടി-35, തരിയോട്-7, ആനയിറങ്കല്‍-10, പൊന്മുടി-9, പെരിങ്ങല്‍ക്കുത്ത്-28 ശതമാനം വീതമാണ് ജലനിരപ്പ്. മഴ ശക്തമാകാന്‍ ജൂലൈ രണ്ടാം വാരം വരെ കാത്തിരിക്കേണ്ടി വരും.
684.216 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ശരാശരി ജൂണില്‍ ഇതുവരെ അണക്കെട്ടുകളിലേക്ക് എത്തേണ്ടതായിരുന്നു. എന്നാല്‍, കാലവര്‍ഷം 64 ശതമാനം കുറഞ്ഞത് മൂലം 176.164 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് എത്തിയത്. പ്രതീക്ഷിച്ചതിന്റെ നാലിലൊന്ന് വെള്ളം മാത്രം.
ജൂണില്‍ മഴ കുറയുന്നത് കെഎസ്ഇബിക്ക് വലിയ തലവേദനയും ജനങ്ങള്‍ക്ക് സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക