വിഴിഞ്ഞം: പോർട്ടിന് ഇൻ്റർനാഷണൽ ഷിപ്പിംഗ് ആൻ്റ് പോർട്ട് സെക്യൂരിറ്റി കോഡ് (ഐഎസ്പിഎസ്) ലഭിച്ചു.ഇക്കഴിഞ്ഞ 23ന് കോഡ് അനുവദിച്ച് ഉത്തരവായതെങ്കിലും ഇത് സംബന്ധിച്ച കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള മിനിസ്ട്രി ഓഫ് ഷിപ്പിംഗ് ആൻ്റ് പോർട്ടിന്റെ കീഴിലുള്ള മറൈൻ മർച്ചൻ്റ് ഡിപ്പാർട്ട് മെന്റ് ഡോക്യുമെൻ്റ് ഓഫ് കംപ്ലയിൻ്റ് തിങ്കളാഴ്ചയാണ് വിഴിഞ്ഞം പാേർട്ട് അധികൃതൃർക്ക് ലഭിച്ചത്.
അന്താരാഷ്ട്ര കപ്പലുകൾക്ക് വിഴിഞ്ഞത്ത് അടുപ്പിക്കാനും വിവിധ സേവനങ്ങൾ ഉപയോഗിക്കാനും ഐഎസ്പിഎസ് കോഡ് അംഗീകാരം നിർബന്ധമായിരുന്നു. കേരളത്തിലെ പ്രധാന തുറമുഖങ്ങളിലൊന്നായിട്ടും കഴിഞ്ഞ 13 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വിഴിഞ്ഞത്തിന് ഇപ്പോൾ കോഡ് ലഭ്യമായത്. ഇതുവരെ ഐഎസ്പിഎസ് കോഡ് ലഭിക്കാത്തത് കാരണം അന്താരാഷ്ട്ര ജലപാതയോട് ഏറെ അടുത്തു കിടക്കുന്ന വിഴിഞ്ഞത്തിന് നേരത്തെ ഇവിടെ നിന്നും മാലിയിലേക്കും മറ്റിടങ്ങലിലേക്കും നടത്തി വന്ന ചരക്ക് കയറ്റിറക്കും കോവിഡ് കാലത്ത് പ്രവർത്തനം ആരംഭിച്ച ക്രൂചെയ്ഞ്ചിംഗ് സെന്ററിന്റെ പ്രവർത്തനവും നിലച്ചതോടെ വൻ വികസന സാധ്യതകളാണ് നഷ്ടമായത്.
പോർട്ടിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, ചുറ്റുമതിൽ, നിരീക്ഷണ കാമറകൾ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലാത്തതായിരുന്നു തിരിച്ചടി.മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതിനെ തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രണ്ടാഴ്ച മുമ്പ് വിഴിഞ്ഞത്തെത്തി പരിശോധന നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ആറുമാസത്തേക്ക് വിഴിഞ്ഞം പോർട്ടിന് ഐഎസ്പിഎസ് കോഡ് അനുവദിച്ച് നൽകിയത്. ആറുമാസത്തിന് ശേഷം നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാകും തുടർന്നും ഐഎസ്പിഎസ് കോഡ് ലഭിക്കുക. കോഡ് ലഭ്യമായതോടെ നേരത്തെ മാരിടൈം ബോർഡിന്റെ ഖജനാവിൽ കോടികൾ എത്തിച്ച ക്രൂചെയ്ഞ്ചിംഗും ചരക്ക് കയറ്റിറക്കും വീണ്ടും ഇവിടെ നിന്ന് പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വിഴിഞ്ഞം പോർട്ട് അധികൃതർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: