സങ്കല്പമില്ലാതെ നേരിട്ടിടുന്നത് ആതങ്കഹീനം സദാ കൈക്കൊണ്ടു നീ വാഴുക. ചിത്ത് സങ്കല്പനാശത്തില്‍ അചിത്യോന്മുഖതയെ പ്രാപിക്കുന്നു. നീ ബ്രഹ്മപദംപ്രാപിച്ച് സങ്കല്പമൊക്കെയും നീക്കി നന്നായി സുഷുപ്തമനോവൃത്തിയായി ‘സദാനന്ദനായി’ കേവലനായി വാണീടുക. ബുദ്ധിമാനായ ആ നന്ദനന്‍ മുനീന്ദ്രനെ വന്ദനം ചെയ്തുകൊണ്ട് ഇങ്ങനെ ചോദിച്ചു, ‘എങ്ങനെയുള്ളതാണ് ഈ സങ്കല്പം? എങ്ങനെ അത് ഉത്ഭവിച്ചീടുന്നു? എങ്ങനെ വൃദ്ധിയെ പ്രാപിച്ചിടുന്നു? എങ്ങനെ നശിച്ചുപോകുന്നു?’ എന്നതുകേട്ടു ദാശൂരമാമുനി, ‘നന്ദന! കേട്ടാലു’ മെന്നു പറഞ്ഞു. ‘സര്‍വത്തിലും അനുവൃത്തമായ സത്രാമാത്രരൂപമായി ശുദ്ധബുദ്ധേ! കേട്ടുകൊള്ളുക. ആത്മതത്ത്വമാകുന്ന ചിത്തിന്റെ മേലോട്ടുനോക്കുന്ന അവസ്ഥയിലെത്തുന്നു. സങ്കല്പമായതിന്റെ മുളയാണതെന്ന് ഹൃത്തില്‍ നന്നായി ധരിച്ചുകൊള്ളുക. സങ്കല്പാങ്കുരമായത് അല്പമൊന്നുള്ളതായി പതുക്കെ വന്നുവെന്ന് ഉള്പ്പൂവിലോര്ക്കുക. ഘനതയെ വല്ലാതെ കാര്‍മേഘംപോലെ പ്രാപിച്ചുകൊള്ളുന്നുവെന്നും നീ അറിയുക.
ചിത്ത് ദൃശ്യത്തിനെ തന്നില്നിന്നന്യമെന്നപോല് ഭാവനചെയ്ത് ബീജത്തില്‍ നിന്ന് അങ്കുരത്വമുണ്ടാകുന്നതുപോലെ സങ്കല്പതയെ ഗമിക്കുന്നു. സങ്കല്പനംതന്നെ ആവുകകൊണ്ട് താനേതന്നെ സങ്കല്പമുണ്ടായിടുന്നു. താനേ വര്‍ദ്ധിച്ചു കൊള്ളുന്നു, ഇതുകൊണ്ട് നിത്യവും ദുഃഖമല്ലാതെ ഒരു സുഖവുമില്ല. നീ ഒരു നേരവും സങ്കല്പമെന്നതു ചെയ്യാതെകണ്ടിരുന്നീടുക. ഉള്ളില്‍ ലോകസ്ഥിതിതന്നില് അല്പവും താല്പര്യമില്ലാതെ വാഴുക. ഇങ്ങനെ വാഴുകില്‍ തുംഗബൂദ്ധേ! നീ മോക്ഷത്തിനു നിശ്ചയമായും നല്ല യോഗ്യനാകും. സങ്കല്പനാശം വരുത്തുവാന്‍ വളരെ പ്രയാസമില്ല, കുമാരക! ഭാവനാഭാവമാത്രത്താല് ഇതു നാശമായിവരുമെന്നു ധരിച്ചുകൊള്ളുക. പിച്ചകപ്പൂവിനെ ഒന്നു മര്‍ദ്ദിക്കുവാന്‍ എത്രമാത്രം പ്രയാസമുണ്ടോ സുസാദ്ധ്യമായ ഇതിന്ന് അത്രപോലും പണിയില്ലെന്നറിയുക.
മനസാ മനസ്സിനെ സങ്കല്പമെന്നതുകൊണ്ട് സങ്കല്പത്തെയും തഥാ ഛേദിച്ച് നിന്നില്‍ നീ വാണുകൊണ്ടീടുക. ഇതു സാധിക്കുവാന്‍ പണിയുണ്ടോ? കുമാരക! ആകാശമെങ്ങനെ ശൂന്യമായീടുന്നു, ലോകവും അങ്ങനെ ശൂന്യമാകുന്നു. രണ്ടും അജ്ഞാനമായ വികല്പത്തില്നിന്ന് ഉണ്ടായിവന്നതാണെന്നറിയുക. സ്വാഭാവികമായ മലം, ഓര്‍ക്കുകില്‍, പൗരുഷംകൊണ്ടു പോക്കുന്നതെങ്ങനെ, എന്നുള്ള സന്ദേഹമല്പമെന്നാകിലും നന്ദന! നിന്റെ മനക്കാമ്പിലുണ്ടാകരുത്. അരിക്ക് ഉമിപോലെ ജീവന്നു മലം സഹജമാണെന്നിരിക്കിലും സന്ദേഹമില്ല അതു നീങ്ങീടും, ആയതുകൊണ്ട് നന്നായി നീ ഉദ്യമിച്ചീടണം. അര്‍ത്ഥം നമുക്ക് ധാരാളമുണ്ടെന്ന വിധം ഉള്ത്താരിലോര്ത്തു വൃഥാ നീ ഭ്രമിക്കേണ്ട. അര്‍ത്ഥവും നീയും സമസ്തവുമായി ആത്മതത്ത്വവിലാസമാണെന്ന് അറിഞ്ഞീടുക.
ഇക്ഷ്വാകുവംശമാകുന്ന അന്തരീക്ഷത്തിനു നക്ഷത്രനാഥനാകുന്ന രാമ! ഗുണാംബുധേ! ഇത്തരം അവര്‍ പറഞ്ഞതൊക്കെക്കേട്ടു സന്തോഷിച്ച് ഞാന്‍ അവിടെ ചെന്നു. ദാശൂരമാമുനി എന്നെ യഥാവിധി പൂജചെയ്ത് നല്ല ഇലകള്‍കൊണ്ടുള്ള പീഠത്തിലിരുത്തി. അന്യോന്യം ഓരോരോ കഥകള്‍ പറഞ്ഞുകൊണ്ട് അന്നത്തെ രാത്രി രസമായി കഴിച്ചു. കാമുകന്മാര്ക്കെന്നപോലെ ക്ഷണംകൊണ്ടു യാമിനി അന്നു ഞങ്ങള്‍ക്ക് കഴിഞ്ഞുപോയി. പിന്നീട് അവിടുന്നു യാത്രയും ചൊല്ലീട്ടു സ്നാനത്തിനായിട്ടു ഞാന്‍ പോയി. ഈ ലോകം അദ്ദേഹം പറഞ്ഞ കഥപോലെയാണെന്നു നീ ധരിക്ക രാഘവ!’
പ്രതികരിക്കാൻ ഇവിടെ എഴുതുക: