രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്ന് രാജ്യത്തെയാകെ നടുക്കിയ പൈശാചികമായ ഒരു കൊലപാതകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ഒരു വര്‍ഷം തികയുന്ന ദിവസമാണ് ജൂണ്‍ 28. ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മയെ സോഷ്യല്‍ മീഡിയയില്‍ പിന്തുണച്ചു എന്ന കുറ്റത്തിന് കനയ്യലാല്‍ എന്ന ഹിന്ദു തയ്യല്‍ക്കടക്കാരനെ ജിഹാദികള്‍ പട്ടാപ്പകല്‍ തലയറുത്ത് കൊല്ലുകയായിരുന്നു. മുഹമ്മദ് റിയാസ്, മുഹമ്മദ് ഗൗസ് എന്നിവരായിരുന്നു ആ പൈശാചിക കൃത്യം നിര്‍വ്വഹിച്ചത്. പ്രവാചകന് മുഹമ്മദിന്റെ ജീവിതത്തിലെ ഒരു സംഭവം പരാമര്‍ശിച്ചതിനെ ചൊല്ലി നൂപുര്‍ ശര്‍മ്മയ്ക്കെതിരെ ഇസ്ലാമിസ്റ്റുകള്‍ രാജ്യമെങ്ങും അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തിരുന്നു.
ഉദയ്പൂര്‍ നഗരത്തിലെ മല്‍ദാസ് തെരുവില്‍ സുപ്രീം ടെയിലെര്സ് എന്ന പേരില്‍ സ്വന്തമായി തയ്യല്‍ക്കട നടത്തിയിരുന്ന വ്യക്തിയായിരുന്നു കനയ്യലാല്‍. കസ്റ്റമേര്‍സ് എന്ന നാട്യത്തില്‍ കടയിലെത്തിയ ജിഹാദികള്‍ അളവെടുക്കുകയായിരുന്ന കനയ്യലാലിനെ പിന്നില്‍ നിന്നും കടന്നു പിടിച്ച് മൃഗീയമായി കഴുത്തറുക്കുകയും 26 തവണ കുത്തുകയും ചെയ്തു. ഇതെല്ലാം വീഡിയോ റെക്കോഡ് ചെയ്തിരുന്നു. തുടര്‍ന്ന് കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിയ്ക്കാനും അവര്‍ മറന്നില്ല. ബൈക്കില്‍ രക്ഷപ്പെട്ട കൊലയാളികളെ താമസിയാതെ പോലീസ് പിടികൂടി. കൊലപാതകവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രസിദ്ധമായ അജ്മീര്‍ മൊയിനുദ്ദീന്‍ ചിസ്തി ദര്‍ഗ്ഗയിലെ മേല്നോട്ടക്കാരന് ഗൗഹര്‍ ചിസ്തി ഒളിവില്‍ പോയെങ്കിലും പിന്നീട് അറസ്റ്റിലായി.
ഒരു വര്‍ഷം പിന്നിട്ടിട്ടും മല്‍ദാസ് സ്ട്രീറ്റിലെ വ്യാപാരികള്‍ ഭയന്ന് ജീവിയ്ക്കുന്നതാണ് സംഭവസ്ഥലം സന്ദര്‍ശിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് കാണാന്‍ കഴിഞ്ഞത്. കച്ചവടക്കാരില്‍ ചിലര്‍ ഭയന്ന് സ്ഥലം വിട്ടു പോവുകയും ചെയ്തിരിയ്ക്കുന്നു.
മല്‍ദാസ് മാര്‍ക്കറ്റ് ഏരിയയില്‍ ഏതാണ്ട് മുന്നൂറോളം കടകളും കച്ചവട സ്ഥാപനങ്ങളും ആണുള്ളത്. അവിടെ ഒരു തെരുവിലായിരുന്നു കനയ്യലാലിന്റെ സുപ്രീം ടെയിലെര്സ്. വസ്ത്ര വ്യാപാരകേന്ദ്രം എന്ന നിലയില്‍ പേരു കേട്ട സ്ഥലമാണ് മല്‍ദാസ് സ്ട്രീറ്റ്. തുണി വ്യാപാരവുമായി ബന്ധപ്പെട്ട് ദുന്കാര്‍പൂര്‍, ചിറ്റോര്‍ഗഡ്, രാജ്സംനാദ്, ബന്‍സ്വര, ഭില്‍വാര, പ്രതാപ്ഗഡ് തുടങ്ങിയ സമീപ പ്രദേശങ്ങളില്‍ നിന്ന് ധാരാളം ആളുകള്‍ സന്ദര്‍ശിയ്ക്കുന്ന ഇടമാണ്. എന്നാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ കാണുന്നത് മൗനത്തില്‍ ആണ്ടു കിടക്കുന്ന മല്‍ദാസ് സ്ട്രീറ്റ് ആണ്. ഭീതിയോടെയാണ് വ്യാപാരികള്‍ ഇപ്പോള്‍ കച്ചവടം ചെയ്യുന്നത്.
കനയ്യലാലിന്റെ തയ്യല്‍ക്കട നിലനിന്നിരുന്ന തെരുവില്‍ 15 – 20 കടകള്‍ വേറെയുമുണ്ട്. അവയില്‍ രണ്ടെണ്ണം മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിയ്ക്കുന്നുള്ളൂ. വ്യാപാരികള്‍ ആരും മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കാന്‍ തയ്യാറാകുന്നില്ല. ഈ വിഷയം സംസാരിയ്ക്കുന്നതിന്റെ പേരില്‍ തങ്ങളും ഇസ്ലാമിസ്റ്റുകളാല്‍ അക്രമിയ്ക്കപ്പെടും എന്നവര്‍ ഭയക്കുന്നു.
ജനങ്ങള്‍ ഇപ്പോഴും ഭയത്തോടെയാണ് ജീവിയ്ക്കുന്നത് എന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിയ്ക്കാത്ത ഒരു കച്ചവടക്കാരന് പറഞ്ഞത്. “കുറേപ്പേര് സ്ഥലം വിട്ടു പോയി. ബാക്കിയുള്ളവര്‍ ഭയപ്പാടോടെ ജീവിയ്ക്കുന്നു. മുഴുവന്‍ സമയവും വീടുകള്‍ പുറത്തുനിന്ന് പൂട്ടിയിട്ടാണ് ആളുകള്‍ കഴിയുന്നത്. ഇവിടെ വ്യാപാരം ചെയ്യാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല” അദ്ദേഹം പറഞ്ഞു.
“എനിയ്ക്കും അവിടെ ഒരു തയ്യല്‍ക്കടയുണ്ട്. നേരത്തെ ഞാന്‍ രാത്രി ഒമ്പത് മണിവരെ ബിസിനസ് നടത്തുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മല്‍ദാസ് സ്ട്രീറ്റിലുള്ള ഞങ്ങളെല്ലാവരും ആറു മണിയോടെ അടയ്ക്കുകയാണ്. ആരെങ്കിലും വൈകിയാല്‍ നമ്മുടെ കുടുംബങ്ങളില്‍ നിന്ന് വിളി വരാന്‍ തുടങ്ങും. മല്‍ദാസ് തെരുവില്‍ ആണ് എന്റെ കട. അതില്‍ ഒരു പ്രതീക്ഷയും എനിക്കില്ല. ഞാനിപ്പോള്‍ നിയമ വിദ്യാര്‍ഥിയാണ്. ഭാവിയില്‍ നിയമം പ്രാക്ടീസ് ചെയ്യാനാണ് ആലോചിയ്ക്കുന്നത്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു
മറ്റുചില വ്യാപാരികളും ഇത് ശരി വയ്ക്കുന്നു. മല്‍ദാസ് സ്ട്രീറ്റിലേയ്ക്ക് കസ്റ്റമേര്‍സ് വരാന്‍ മടിയ്ക്കുന്നതു കൊണ്ട് സ്ഥാപനങ്ങള്‍ മാറ്റിയവരും ഉണ്ട്. “ആ സംഭവത്തിന് ശേഷം ഇപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞിരിയ്ക്കുന്നു. ജനങ്ങള്‍ ഭയത്തിലാണ്. എന്നാല്‍ ഇനി അതിനെക്കുറിച്ച് ചിന്തിയ്ക്കുന്നതില്‍ അര്‍ത്ഥമില്ല. വ്യാപാരം മുന്നോട്ട് പോണം” അവിടെ പരമാവധി പിടിച്ചു നില്ക്കാന് ശ്രമിയ്ക്കുന്ന ഒരു കച്ചവടക്കാരന് പറഞ്ഞു.
“നേരത്തേ, ദുന്ഗാപൂരില്‍ നിന്നും സഗ്വാദയില്‍ നിന്നുമൊക്കെ ആളുകള്‍ ഇവിടെ വരുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭയം കാരണം ആളുകള്‍ വരുന്നില്ല. മാര്‍ക്കറ്റിലെ വ്യാപാരം പകുതി കണ്ട് കുറഞ്ഞിരിയ്ക്കുന്നു. ആ കൊലപാതകത്തിലൂടെ ഇസ്ലാമിസ്റ്റുകള്‍ ഈ പ്രദേശത്തെ കുറിച്ചുള്ള ധാരണ ആകെ മാറ്റി മറിച്ചിരിയ്ക്കുന്നു. മുമ്പ് ഈ മാര്‍ക്കറ്റില്‍ എപ്പോഴും ജനത്തിരക്കായിരുന്നു. ഇപ്പോള്‍ ഇവിടം മൂകമാണ്”. കനയ്യലാലിന്റെ കടയ്ക്ക് 150 മീറ്റര്‍ അകലെ തയ്യല്‍ക്കട നടത്തുന്ന ദിനേശ് ദലാല്‍ പറയുന്നു. കഴിഞ്ഞ 27 വര്‍ഷങ്ങളായി ആ പ്രദേശത്ത് ബിസിനസ്സ് നടത്തുന്നയാളാണ് ദിനേശ്.
ജിഹാദി ഭീകരത ഒരു പ്രദേശത്തെയാകെ എങ്ങനെ സാമൂഹ്യമായും സാമ്പത്തികമായും തകര്‍ക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഉദയ്പൂരിലെ മല്‍ദാസ്. മൊയിനുദ്ദീന്‍ ചിസ്തിയുടെ പേരിലുള്ള അജ്മീറിലെ വിവാദ ദര്‍ഗ്ഗ കേന്ദ്രീകരിച്ച് 1992 ല്‍ നടന്ന ഭീകരമായ കൂട്ട ബലാല്‍സംഗങ്ങളുടെ കഥ വെളിച്ചത്തു കൊണ്ടുവരുന്ന ചിത്രമാണ് അടുത്ത മാസം പുറത്തിറങ്ങാനിരിയ്ക്കുന്ന അജ്മീര്‍ 92. ആ സിനിമ നിരോധിയ്ക്കണം എന്ന മുറവിളി ഇപ്പോഴേ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: