കൊച്ചി : എസ്ഫ്‌ഐ നേതാവ് നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ മുന്‍ നേതാവ് കൂടിയായ അബിന്‍ സി രാജിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. അബിന്‍ രാജിന്റെ വര്‍ക് പെര്‍മിറ്റും സിമ്മും മാലി ഭരണകൂടം റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കായംകുളം എസ്എഫ്‌ഐ മുന്‍ ഏരിയ പ്രസിഡന്റും ജില്ലാ സെക്രട്ടറിയേറ്റ് അംഗാവുമായിരുന്നു നിഖില്‍ തോമസ്. ഇയാള്‍ക്ക് കായംകുളത്ത് സ്വകാര്യ ഏജന്‍സിയുണ്ടായിരുന്നു. മാലിദ്വീപില്‍ അധ്യാപകനായി ജോലിചെയ്ത് വരികയായിരുന്നു ഇയാള്‍. അതിനിടയിലാണ് നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പിടിയിലാകുന്നതും അബിന്റെ പേര് പുറത്തുവിടുന്നതും.
കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഉച്ചയ്‌ക്ക് 12 മണിക്കാണ് അബിന്‍ മാലിദ്വീപില്‍ നിന്ന് വിമാനം കയറിയത്. ചെന്നൈയില്‍ ഇറങ്ങിയ ശേഷം കൊച്ചിയിലക്ക് വരികയായിരുന്നു. അബിനാണ് വ്യാജ ഡിഗ്രി നിര്‍മിച്ച് നല്‍കിയതെന്ന് നിഖില്‍ തോമസ് മൊഴി നല്‍കിയിരുന്നു.
മുന്‍ എസ്എഫ്ഐ നേതാവായ അബിന്‍ സി. രാജ് കൊച്ചിയിലെ ഒറിയോണ്‍ ഏജന്‍സി വഴി രണ്ടു ലക്ഷം രൂപയ്ക്ക് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയെന്നാണ് നിഖിലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അബിനെ കേസില്‍ രണ്ടാം പ്രതിയാക്കിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. വ്യാജരേഖ ചമച്ച കൊച്ചിയിലെ സ്വകാര്യ റിക്രൂട്ട്മെന്റ് ഏജന്‍സിയായ ഓറിയോണ്‍ ഏജന്‍സിയിലടക്കം പോലീസ് വരും ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തും. മറ്റാര്‍ക്കെങ്കിലും വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയിരുന്നോയെന്നും അന്വേഷിക്കും.
അതിനിടെ നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് തിങ്കളാഴ്ച കണ്ടെടുത്തു. നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ കണ്ടെത്തിയത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്. കേസ് പുറത്തുവന്നതിന് പിന്നാലെ നിഖില്‍ ഒളിവില്‍ പോയതിനാല്‍ സര്‍ട്ടിഫിക്കറ്റ് ഒളിപ്പിക്കാന്‍ സാധിച്ചിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: