ഹരാരെ: ലോകകപ്പ് ക്രിക്കറ്റ് യോഗ്യതാ മത്സരത്തില്‍ അമേരിക്കയെ 304 റണ്‍സിന് തോല്‍പ്പിച്ച് സിംബാബ്വേ. ഏകദിനത്തിലെ ഏറ്റവും വലിയ മാര്‍ജിനിലുള്ള രണ്ടാമത്തെ വിജയമാണിത്. ഇതോടെ സിംബാബ്വേ ലോകകപ്പ് യോഗ്യതയുടെ ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും സൂപ്പര്‍ സിക്സിലേക്ക് കടന്നു. ഇക്കൊല്ലം ജനുവരിയില്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ ശ്രീലങ്കയ്ക്കെതിരെ നേടിയ 317 റണ്‍സിന്റെ വിജയമാണ് ഏകദിനത്തിലെ ഏറ്റവും വലിയ വിജയം.
സിംബാബ്വേ നായകന് സിയാന് വില്ല്യംസ് തന്റെ കരിയര്‍ ടോപ് സ്കോറായ 174 റണ്‍സ് നേടിയത് ടീമിന് വമ്പന്‍ ടോട്ടല്‍ കണ്ടെത്താന്‍ എളുപ്പമായി. 21 ബൗണ്ടറികളും അഞ്ച് സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോയ്ലോഡ് ഗംബിള്സി(78)ന്റെ പ്രകടനവും റയാന് ബള്സിന്റെ വെടിക്കെട്ടും(16 പന്തില്‍ 47) സിംബാബ്വേയ്ക്ക് മുതല്‍ക്കൂട്ടായി. നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 408 റണ്‍സാണ് സിംബാബ്വേ നേടിയത്. അമേരിക്കന്‍ ഇന്നിങ്സ് 25.1 ഓവറില്‍ 104 റണ്‍സില്‍ അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: