കാറ്റലോണിയ: ഏഴ് വര്‍ഷത്തെ മാഞ്ചസ്റ്റര്‍ സിറ്റി സഹവാസം അവസാനിപ്പിച്ച് മദ്ധ്യനിരതാരം ഇല്‍ക്കായ് ഗുണ്ടോഗന് എഫ്സി ബാഴ്സിലോണയില്‍ സ്ഥാനമുറപ്പിച്ചു. ഫ്രീ ട്രാന്‍സ്ഫറിലാണ് താരത്തെ ഇന്നലെ ബാഴ്സ സ്വന്തമാക്കിയത്. ഇക്കഴിഞ്ഞ സീസണില്‍ സിറ്റി നേടിയ ചരിത്ര വിജയങ്ങളില്‍ നിര്‍ണായക പ്രകടനം കാഴ്ചവച്ച ഈ ജര്‍മന്‍ താരം വീരോചിതമായാണ് ക്ലബ്ബ് മാറുന്നത്.
എഫ് എ കപ്പ് ഫൈനലില്‍ ഗുന്ഡോഗന് നേടിയ ഇരട്ടഗോളിന്റെ ബലത്തിലാണ് മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നേടിയത്. സിറ്റി നായകന് കൂടിയായ ഗുണ്ടോഗനാണ് സീസണില്‍ മൂന്ന് കിരീടങ്ങളും(പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, ചാമ്പ്യന്‍സ് ലീഗ്) ഏറ്റുവാങ്ങിയത്. ബാഴ്സ ഗുണ്ടോഗനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നതാണ്. ഇന്നലെയാണ് കരാര്‍ പ്രാവര്‍ത്തികമായത്. 32 കാരനായ താരവുമായി ബാഴ്സ രണ്ട് വര്‍ഷ കരാറിലാണെത്തിയിരിക്കുന്നത്.
ലയണല്‍ മെസി ബാഴ്സയിലേക്ക് തിരികെയെത്തിക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശക്തമായിരുന്നുവെങ്കിലും അതുണ്ടായില്ല. എന്നാല്‍ ബാഴ്സ ക്ലബ്ബ് മെസിയെക്കാള്‍ ഗൗരവത്തോടെ നോക്കിയിരുന്നത് ഗുണ്ടോഗന്റെ വരവ് തന്നെയായിരുന്നു. ദീര്‍ഘ കാലം ക്ലബ്ബിന്റെ നിറ സാന്നിധ്യമായിരുന്ന സ്പാനിഷ് മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ ബുസ്ക്വെറ്റ്സ് കഴിഞ്ഞ സീസണോടെ ടീം വിട്ടുപോയി. മദ്ധ്യനിരയില്‍ ഈ വിടവ് നികത്താന്‍ പോന്ന താരമായാണ് ഗുന്‍ഡോഗനെ ബാഴ്സ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: