നോട്ടിങ്ഹാം: ആഷ്ലി ഗാര്‍ഡ്നറുടെ എട്ട് വിക്കറ്റ് മികവില്‍ വനിതാ ആഷസ് ഓസ്ട്രേലിയ നേടി. രണ്ടാം ഇന്നിങ്സില്‍ 267 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് സ്കോര്‍ 178 റണ്‍സില്‍ അവസാനിച്ചു. 89 റണ്‍സിനാണ് ഓസീസ് വിജയം.
സ്കോര്‍: ഓസ്ട്രേലിയ- 473, 257; ഇംഗ്ലണ്ട്- 463, 178.
ഓസ്ട്രേലിയന്‍ ഓഫ് സ്പിന്നര്‍ ആഷ്ലീ ഗാര്‍ഡ്നര്‍ ഇംഗ്ലണ്ടിന്റെ എട്ട് വിക്കറ്റുകള്‍ നേടിയതാണ് ഓസീസ് ജയം എളുപ്പമാക്കിയത്. അഞ്ചാം ദിവസം ഉച്ചയ്ക്ക് മുമ്പേ മത്സരം തീര്‍ക്കാന്‍ ഓസ്ട്രേലിയക്ക് സാധിച്ചു. 20 ഓവര്‍ എറിഞ്ഞ ആഷ്ലി 66 റണ്‍സ് വഴങ്ങിയാണ് എട്ട് വിക്കറ്റ് നേടിയത്.
ഇംഗ്ലണ്ടിനായി ഡാനിയേല്‍ വ്യാട്ട് നടത്തിയ അര്‍ദ്ധസെഞ്ച്വറി പ്രകടനമാണ്(88 പന്തില്‍ 54) ഏക ചെറുത്തുനില്‍പ്പ്. ബാക്കിയാരും തന്നെ കാര്യമായൊന്നും ചെയ്തില്ല. ഓപ്പണര്‍ എമ്മാ ലാംബ്(28), ആദ്യ ഇന്നിങ്സിലെ ഇരട്ടസെഞ്ച്വറിക്കാരി ടാമി ബീമൗണ്ട്(22) എന്നിവര്‍ മാത്രമാണ് മറ്റ് താരങ്ങളില്‍ 20 റണ്‍സിന് മേല്‍ സ്കോര്‍ ചെയ്ത രണ്ടേ രണ്ട് പേര്. അഞ്ച് ബാറ്റര്‍മാര്‍ ഒറ്റയക്കത്തില്‍ പുറത്തായി.
രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയക്കായി കിം ഗാര്‍ത്തും ടഹ്ലിയ മക്ഗ്രാത്തും ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സില്‍ ഗാര്‍ഡ്നര്‍ നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു. രണ്ട് ഇന്നിങ്സുകളിലുമായി 12 വിക്കറ്റ് നേടിയ ഗാര്‍ഡ്നര്‍ ആണ് കളിയിലെ താരം.
ഇതിന് മുമ്പ് 28 വര്‍ഷത്തിന് മുമ്പാണ് വനിതാ ടെസ്റ്റില്‍ ഒരിന്നിങ്സില്‍ എട്ട് വിക്കറ്റ് നേടിയത്. അന്നും ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ നീതു ഡേവിഡ് നേടിയ എട്ട് വിക്കറ്റ് നേട്ടമാണ് വനിതാ ടെസ്റ്റിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം അന്ന് 53 റണ്‍സ് വഴങ്ങിയാണ് നീതു എട്ട് വിക്കറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: