മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുരുത്തിച്ചാല്‍ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള നടപടികള്‍ ഇപ്പോഴും കടലാസില്‍ മാത്രം. സൈലന്റ്വാലി പാത്രക്കടവിനു താഴെ കുന്തിപ്പുഴ കുരുത്തിച്ചാലിന്റെ ടൂറിസം സാധ്യത ഏറെയാണ്. ഇത് കണക്കിലെടുത്ത് 2020 സപ്തംബറില്‍ ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി കെ.ജി. അജേഷ് അടങ്ങുന്ന സംഘം ഇവിടം സന്ദര്‍ശിച്ചിരുന്നു. അന്നത്തെ ഒറ്റപ്പാലം സബ് കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ പ്രത്യേകതാല്പര്യം കണക്കിലെടുത്തായിരുന്നു സന്ദര്‍ശനം.
കുരുത്തിച്ചാലിലേക്കുള്ള സന്ദര്‍ശകരുടെ നിലക്കാത്ത പ്രവാഹവും, ഇവിടെ കാണാനെത്തിയവര്‍ ഒഴുക്കില്‍പ്പെട്ട് മരണമടയുകയും ചെയ്തത് കണക്കിലെടുത്ത് അന്നത്തെ സബ് കളക്ടര്‍ സ്ഥലത്തെക്കുറിച്ചും മറ്റും വിശദമായ പഠന റിപ്പോര്‍ട്ട് അന്ന് തഹസില്‍ദാറായിരുന്ന ആര്. ബാബുരാജനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 2020 സപ്തംബര്‍ 14ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പ്രസ്തുത സ്ഥലം വനം വകുപ്പിന്റെതാണോ റവന്യൂ വകുപ്പിന്റെതാണോ എന്ന് അന്നത്തെ വകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയതാണ്.
ഒരു സ്വകാര്യ വ്യക്തിയില്‍ നിന്ന് മിച്ചഭൂമിയായി റവന്യൂ വകുപ്പ് ഏറ്റെടുത്തതാണ് സര്‍വെ നമ്പര്‍ 1/1അയില്പ്പെട്ട 1.58 ഏക്കര്‍ സ്ഥലം. ഇത് ഡിടിപിസിക്കു കൈമാറിയിരുന്നു. ഈ സ്ഥലത്തിന് ലാന്റ് റവന്യൂ കമ്മീഷന്റെ എന്‍ഒസിക്കു വേണ്ടി എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. ഇത് ലഭിച്ച് ടൂറിസം ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുകയും പിന്നീട് ഭരണാനുമതി ലഭിക്കുകയും ചെയ്താല്‍ മാത്രമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാവൂ. ഇതിനുവേണ്ടി ഡിപിആര്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും അത് ലഭിക്കുന്ന മുറക്ക് നിര്‍ദ്ദിഷ്ട കുരുത്തിച്ചാല്‍ ടൂറിസം മേഖലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ഡിടിപിസി സെക്രട്ടറി ഡോ. സില്‍ബര്‍ട്ട് ജോസ് ‘ജന്മഭൂമി’യോടു പറഞ്ഞു.
മണ്ണാര്‍ക്കാട് റവന്യൂ വകുപ്പില്‍ നിന്ന് ഇതിനുവേണ്ട രേഖകളും നല്‍കിയിട്ടുണ്ടെന്ന് റവന്യൂ വകുപ്പും പറയുന്നു. ഇതു സംബന്ധിച്ച് 2021 ഫെബ്രവരി 15ന് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയിലാണ് കുരുത്തിച്ചാല്‍ ടൂറിസം മേഖല വിഭാവനം ചെയ്യുന്നത്. കുന്തിപ്പുഴയില്‍ ഇത്തരം ഒരു ടൂറിസം മേഖല വരുന്നതിനെ നാട്ടുകാര്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
എന്നാല്‍ രണ്ടരവര്‍ഷം പിന്നിട്ടിട്ടും ഇതിന്റെ പ്രാരംഭനടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. അതിമനോഹരമായ കുന്തിപ്പുഴ കുരുത്തിച്ചാലില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 12 സന്ദര്‍ശകര്‍ക്കാണ് ഒഴുക്കില്‍പ്പെട്ട് ജീവഹാനി സംഭവിച്ചത്. സഞ്ചാരികള്‍ക്ക് സംരക്ഷണം ഒരുക്കണമെന്ന് പ്രദേശവാസികള്‍ പലവട്ടം പഞ്ചായത്തിനോട് ആവശ്യമുന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് അന്നത്തെ സബ് കളക്ടര്‍ അര്ജുന് പാണ്ഡ്യന്റെ നിര്‍ദ്ദേശപ്രകാരം ഈ സ്ഥലത്തിനു ചുറ്റും കമ്പിവേലി ഇടുന്നതിനും താല്കാലിക ചെക്ക്പോസ്റ്റ് സ്ഥാപിക്കുന്നതിനും നിര്‍ദ്ദേശം നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ 2020 സപ്തംബറില്‍ താല്കാലിക ചെക്ക്പോസ്റ്റ് സ്ഥാപിക്കുകയും ചെയ്തു. കുറച്ചുകാലം ടൂറിസ്റ്റുകളെ നിയന്ത്രിക്കുന്നതിന് ചെക്ക്പോസ്റ്റില്‍ പോലീസിനെ നിര്‍ത്തിയിരുന്നെങ്കിലും പിന്നീട് അതും നിര്‍ത്തലാക്കി.
രണ്ടാഴ്ച മുമ്പ് ഇവിടെ സന്ദര്‍ശിക്കാനെത്തിയ അഞ്ചുപേര്‍ പെട്ടന്നുള്ള മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കുരുത്തിച്ചാല്‍ ടൂറിസം കേന്ദ്രമായി വരുന്നതോടുകൂടി താലൂക്കിലെ തന്നെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നും സര്‍ക്കാറിന് വലിയ വരുമാനമമുണ്ടാകുമെന്നും പ്രദേശവാസികളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: