കായംകുളം: എസ് എഫ് ഐ മുൻ നേതാവ് നിഖിൽ തോമസ് സംഘടിപ്പിച്ച വ്യാജസര്‍ട്ടിഫിക്കറ്റിലുള്ള കലിംഗ സർവകലാശാലയില്‍ നിന്നും മുന്‍പ് ബിരുദം നേടിയ പലരെക്കുറിച്ചും സംശയം ഉയരുന്നു. ഇവരില്‍ പലരും വിദേശങ്ങളില്‍ പോലും ജോലി ചെയ്യുന്നവരായുണ്ട്.
ഛത്തീസ്ഗഡിലുള്ള കലിംഗ സര്‍വ്വകലാശായില്‍ നിന്നും ബിരുദമെടുത്തവരെക്കുറിച്ചുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നതോടെയാണ് ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന അഭിപ്രായം ശക്തമാവുന്നത്. എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ അറസ്റ്റിന് പിന്നാലെ കായംകുളത്തെ മറ്റുചില നേതാക്കളെക്കുറിച്ചും ആക്ഷേപം ഉയരുകയാണ്. സിപിഎം സൈബര്‍ ഗ്രൂപ്പുകളില്‍ കലിംഗ സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്തവരെക്കുറിച്ചുള്ള സൂചനകള്‍ പുറത്തുവരുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ സിപിഎമ്മിലെ ഗ്രൂപ്പുവഴക്കും ഈ വിവാദത്തിന് വളമാവുന്നുണ്ട്. വിവിധ ഗ്രൂപ്പുകളില്‍ പെട്ടവര്‍ എതിര്‍ഗ്രൂപ്പുകാര്‍ക്കെതിരെ കലിംഗ ബിരുദമെന്ന ആക്ഷേപം ഉന്നയിക്കുകയാണ്. കായംകുളത്തും പരിസരത്തുമുള്ള നിരവധിപേര്‍ ബിരുദസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചിട്ടുണ്ടെന്ന് സിപിഎമ്മിന്റെ പ്രാദേശിക സൈബര്‍ ഗ്രൂപ്പുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പറയുന്നു. നിഖില്‍ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച കാലത്ത് തന്നെയാണ് ഇവര്‍ പലരും കലിംഗ സര്‍വകലാശാലയില്‍നിന്ന് ബിരുദമെടുത്തത്.
മേഖലയിലെ ഇടത് നേതാക്കളിൽ പലരും തങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ എഡിറ്റ് ചെയ്യുകയാണ്. കലിംഗ സര്‍വ്വകലാശാല എന്ന പേരെല്ലാം അവര്‍ മായ്ച്ചുകഴിഞ്ഞു. എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് കലിംഗ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം സ്വന്തമാക്കിയ കാലത്തു തന്നെയാണ് ഇവരില്‍ പലരും എല്‍എല്‍ബിയും ഡിഗ്രിയും ബിരുദാനന്തരബിരുദവും സ്വന്തമാക്കിയത്.
ചിലര്‍ കലിംഗ സര്‍ട്ടിഫിക്കറ്റുകളുടെ ബലത്തില്‍ സഹകരണ ബാങ്കുകള്‍ അടക്കമുള്ളവയില്‍ ജോലിയും നേടിയതായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. നിഖിലിന് വ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുന്‍ എസ്എഫ്ഐ നേതാവ് മാലിയിൽ അദ്ധ്യാപകനായ അബിന്‍ സി രാജ് മുഖേനയാണോ പലരും കലിംഗയില്‍ നിന്നും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയത് എന്നും സംശയമുണ്ട്. അബിന്‍ സി രാജിനെ ചോദ്യം ചെയ്താല്‍ ആര്‍ക്കൊക്കെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി എന്ന കാര്യം വ്യക്തമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: