ജമ്മു (ജമ്മു കശ്മീര്‍): പാകിസ്ഥാന് അധിനിവേശ കശ്മീര്‍ (പിഒകെ) ഇന്ത്യയുടെ ഭാഗമാണ്, അത് അന്നും, ഇന്നും, എന്നും അങ്ങനെതന്നെ നിലനില്ക്കും. പാക് അധീന കശ്മീര്‍ ആവര്‍ത്തിച്ച് അവകാശവാദമുന്നയിച്ച് പാകിസ്ഥാന് സര്‍ക്കാര്‍ ഒന്നും നേടില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ജമ്മുവില്‍ പറഞ്ഞു. പാക് അധിനിവേശ കശ്മീരിലെ അനധികൃത അധിനിവേശം പാകിസ്ഥാന്റെ സ്ഥാനം നിലനിര്‍ത്തില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പിഒകെ ഇന്ത്യയുടെ ഭാഗമാണെന്ന് പാര്‍ലമെന്റില്‍ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിട്ടുണ്ട്. ഒന്നല്ല, മൂന്ന് നിര്‍ദ്ദേശങ്ങളെങ്കിലും ഇപ്പോള്‍ പാര്‍ലമെന്റില്‍ പാസാക്കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിന്റെ ആന്തരികവും ബാഹ്യവുമായ മാനങ്ങളെക്കുറിച്ച് ജമ്മു സര്‍വകലാശാലയില്‍ സംഘടിപ്പിച്ച സുരക്ഷാ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
ജമ്മു കശ്മീരിന്റെ വലിയൊരു ഭാഗം പാകിസ്ഥാന് അധിനിവേശത്തിന് കീഴിലാണ്. ജെകെയില്‍ ആളുകള്‍ സമാധാനപരമായി ജീവിക്കുന്നത് മറുവശത്തുള്ള ആളുകള്‍ കാണുന്നു. പിഒകെയില്‍ താമസിക്കുന്ന ആളുകള്‍ വളരെയധികം കഷ്ടപ്പാടുകളിലൂടെയാണ് കടന്നുപോകുന്നത്. അവര്‍ ഇന്ത്യയ്ക്കൊപ്പം പോകാനുള്ള ആവശ്യം ഉന്നയിക്കുമെന്നും സിംഗ് പറഞ്ഞു.
ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മുവിലെ ജനങ്ങളോട് സര്‍ക്കാര്‍ നീതി പുലര്‍ത്തി. ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ കാരണം, ജമ്മു കശ്മീരിലെ സാധാരണക്കാരെ രാജ്യത്തിന്റെ മുഖ്യധാരയില്‍ നിന്ന് വളരെക്കാലമായി അകറ്റി നിര്‍ത്തിരുന്നു. ഏതെങ്കിലും ദേശവിരുദ്ധ ശക്തിക്കെതിരെ നടപടിയെടുക്കുന്നതിന് ഇത് തടസ്സമായിരുന്നു. ഇന്ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തില്‍ പൊതുജനങ്ങള്‍ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്വേഷത്തിന്റെയും വിഘടനവാദത്തിന്റെയും പിന്തുടര്ച്ചകാര് മാത്രമാണ് ഇന്ന് അസ്വസ്തര്‍. ഭീകരവാദത്തിനുള്ള ധനസഹായം നിര്‍ത്താനും ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും വിതരണം നിര്‍ത്താനും തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്നതിനൊപ്പം ഇവിടെ പ്രവര്‍ത്തിക്കുന്ന ഭീകര ശൃംഖല തകര്‍ക്കാനുള്ള പ്രവര്‍ത്തനവും നടക്കുന്നുണ്ടെന്നും പ്രതിരോധമന്ത്രി വ്യക്തമാക്കി.
തീവ്രവാദ വിഷയത്തില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള ലോകത്തിന്റെ മുഴുവന്‍ ചിന്താഗതിയും ഇന്ത്യ മാറ്റിമറിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി മോദി പുറത്തിറക്കിയ സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. ഭീകരതയെ ഒരു ഭരണകൂട നയമായി ഉപയോഗിക്കുന്ന രാജ്യങ്ങള്‍ ഈ കളി അധികകാലം നിലനില്‍ക്കില്ലെന്ന് നന്നായി മനസ്സിലാക്കണം. ഇന്ന് ലോകത്തിലെ മിക്ക വലിയ രാജ്യങ്ങളും തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി നില്ക്കുന്നു. ചൈനയുമായി ധാരണാ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും, അതിര്‍ത്തികളില്‍ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങള്‍ പട്രോളിംഗ് നടത്തുന്ന ചില കരാറുകളും പ്രോട്ടോക്കോളുകളും ഉണ്ടെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ മറ്റൊരു അയല്‍ രാജ്യം ചൈനയാണ്. ചൈനയുമായി പോലും ചില വിഷയങ്ങളില്‍ പലപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. ചൈനയുമായുള്ള അതിര്‍ത്തി സംബന്ധിച്ച് വളരെക്കാലമായി ധാരണ വ്യത്യാസമുണ്ടെന്നത് ശരിയാണ്. ഇതൊക്കെയാണെങ്കിലും, ചില കരാറുകളും പ്രോട്ടോക്കോളുകളും പിന്തുടരുന്നു. നരസിംഹറാവുവിന്റെയും എബി വാജ്പെയുടെ കാലത്തും ഡോ. മന്മോഹന് സിംഗിന്റെ കാലത്തും ഇരുരാജ്യങ്ങളുടെയും സമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങളുടെയും സൈന്യങ്ങള്‍ പട്രോളിങ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
2020ല്‍ കിഴക്കന്‍ ലഡാക്കില്‍ ഉടലെടുത്ത തര്‍ക്കത്തിന്റെ കാരണം ചൈനീസ് സൈന്യം അംഗീകരിച്ച പ്രോട്ടോക്കോളുകള്‍ അവഗണിച്ചതാണ്. ചൈനീസ് ആര്‍മി പിഎല്‍എ ഏകപക്ഷീയമായ രീതിയില്‍ എല്‍എസിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ചു, അത് ഇന്ത്യന്‍ സൈനികര്‍ തടഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭീകരതയ്ക്കെതിരെ ഫലപ്രദമായ നടപടി ആരംഭിച്ചെന്നും ഭീകരതയ്ക്കെതിരായ സീറോ ടോളറന്‍സ് എന്നതിന്റെ അര്‍ത്ഥമെന്താണെന്ന് രാജ്യം മാത്രമല്ല, ലോകവും ആദ്യമായി മനസ്സിലാക്കിയെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: