പാലക്കാട്: നെല്ല് സംഭരണത്തുക വേഗത്തില്‍ ലഭ്യമാക്കുന്നതിന് ബാങ്കുകളിലെ കാലതാമസം ഒഴിവാക്കാന്‍ ലീഡ് ബാങ്ക് മാനേജറോട് അജണ്ട തയ്യാറാക്കണമെന്ന് കളക്ടര്‍ ഡോ. എസ്. ചിത്രയുടെ നിര്‍ദേശം. ജില്ലാ വികസന സമിതി യോഗത്തില്‍ കെ. ബാബു, കെ. ശാന്തകുമാരി എംഎല്‍എ എന്നിവര്‍ ഉന്നയിച്ച ആവശ്യത്തിലാണ് നിര്‍ദേശം. നെല്ല് സംഭരണ തുക സഹകരണ ബാങ്കുകള്‍ മുഖേന വിതരണം ചെയ്യണമെന്ന നിര്‍ദേശവും യോഗത്തില്‍ ഉയര്‍ന്നു. കൂടാതെ ജില്ലയില്‍ 17 കേന്ദ്രങ്ങള്‍ മുഖേന പച്ചത്തേങ്ങ സംഭരണം ഉടന്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
ജലജീവന്‍ മിഷന് പ്രവൃത്തികള്‍ക്കിടെ പൈപ്പ് പൊട്ടിയാല്‍ നന്നാക്കാന്‍ കരാറുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണമെന്ന് കളക്ടര്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്കി. പ്രവൃത്തികള്‍ക്കിടെ കുടിവെള്ളം പാഴാകുന്നതും റോഡ് തകരുന്നതും പരിഹരിക്കാന്‍ നടപടിയുണ്ടാകണമെന്ന മുഹമ്മദ് മുഹ്സിന് എംഎല്‍എയുടെ ആവശ്യത്തിലാണ് നിര്‍ദേശം. ഇത് സംബന്ധിച്ച് അടുത്തദിവസം തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നും കളക്ടര്‍ ബന്ധപ്പെട്ട് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
റോഡരികുകളില്‍ അപകടകരമായി നില്ക്കുന്ന മരങ്ങള്‍-മരക്കൊമ്പുകള്‍ എത്രയും പെട്ടെന്ന് മുറിച്ചുമാറ്റണമെന്ന് കെ. ശാന്തകുമാരി എംഎല്‍എ ആവശ്യപ്പെട്ട സാഹചര്യത്തില്‍ അടിയന്തിരമായി മുറിച്ചുനീക്കേണ്ട മരങ്ങളുടെ പട്ടിക ശേഖരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ലേലം വിളിച്ചിട്ടും ആരും മരം മുറിക്കാന്‍ തയ്യാറായില്ലെങ്കില്‍ മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള പൊതുതീരുമാനം എടുക്കണമെന്ന് എംഎല്‍എമാര്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നു. ലേലം നടത്തുന്നതിന് മരങ്ങളുടെ വില നിര്‍ണയത്തില്‍ പരിശോധന നടത്തണമെന്നും ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ബജറ്റില്‍ അനുവദിച്ചിട്ടുള്ള തുക ഉപയോഗിച്ച് കനാല്‍ നവീകരണ പ്രവൃത്തികള്‍ കൃത്യമായി നടത്തണമെന്ന് ഇറിഗേഷന്‍ വകുപ്പ് അധികൃതരോട് യോഗം ആവശ്യപ്പെട്ടു. കനാല്‍ നവീകരണം സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ജില്ലാ വികസന സമിതി യോഗം സര്‍ക്കറിനോട് അഭ്യര്‍ത്ഥിക്കണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. റോഡ് പ്രവൃത്തികള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാത്ത കരാറുകാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ഇത്തരക്കാര്‍ മറ്റ് പ്രവൃത്തികള്‍ ഏറ്റെടുക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കെ. ബാബു എംഎല്‍എ ആവശ്യപ്പെട്ടു.
കോതക്കുറിശ്ശി 110 കെ.വി. സബ് സ്റ്റേഷന് സ്ഥലം കൈമാറുന്നതിന് ലാന്‍ഡ് റവന്യു കമ്മിഷണറില്‍നിന്ന് അനുമതി കിട്ടിയിട്ടില്ലെന്ന വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കണമെന്ന് പി.മമ്മിക്കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു. ഒഴലപ്പതി റോഡില്‍ അമിതഭാരം കയറ്റിയ വാഹനങ്ങളുടെ സഞ്ചാരം തടയാന്‍ സ്പെഷ്യല്‍ സ്ക്വാഡ് കൃത്യമായ പരിശോധന നടത്തുന്നുണ്ടെന്ന് ആര്‍ടിഒ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ഈ മാസം മാത്രം 27 വാഹനങ്ങളില്‍നിന്നായി 9,88,000 രൂപ പിഴയീടാക്കിയിട്ടുണ്ടെന്നും ജെ.ആര്.ടി.ഒ അറിയിച്ചു.
കരിങ്കരപ്പുള്ളി പാലം അറ്റകുറ്റപ്പണിക്ക് 17 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നല്‍കിയിട്ടുണ്ടെന്ന് പിഡബ്ല്യുഡി പാലം വിഭാഗം അറിയിച്ചു. മുതലമടയില്‍ അഞ്ചേക്കറില്‍ മാംഗോ ഹബ്ബിന് അനുമതി ലഭിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും കെ. ബാബു എംഎല്‍എ യോഗത്തില്‍ അറിയിച്ചു. അട്ടപ്പാടിയില്‍ സിക്കിള്‍സെല്‍ അനീമിയ ബാധിതര്‍ക്ക് തുടര്‍ചികിത്സക്കായി പ്രത്യേക പാക്കേജിനുളള സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ടെന്ന് കളക്ടര്‍ കെ. ശാന്തകുമാരി എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കളക്ടര്‍ ഡോ. എസ്. ചിത്ര അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ കെ. ബാബു, കെ. ശാന്തകുമാരി, എ. പ്രഭാകരന്, മുഹമ്മദ് മുഹ്സിന്, പി. മമ്മിക്കുട്ടി, പി.പി. സുമോദ്, മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, രമ്യ ഹരിദാസ് എംപിയുടെ പ്രതിനിധി പി. മാധവന്, എഡിഎം: കെ. മണികണ്ഠന്, ആര്‍ഡിഒ: ഡി. അമൃതവല്ലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: