അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമുള്ള (1975 ജൂണ്‍ 25 അര്‍ദ്ധരാത്രി) ആദ്യ പുലരിയുടെ ആണ്ടുദിനമാണിന്ന്; നാല്പ്പത്തിയെട്ടാമാണ്ട് തികഞ്ഞ ദിനം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് ഭരണകാലത്ത്, അധികാരം തലയ്ക്ക്പിടിച്ച് കോണ്‍ഗ്രസ് നേതാവ് ഇന്ദിരാഗാന്ധിയാണ്. പിറ്റേന്നാണ് അവര്‍ക്ക് മനസ്സിലായത്, ആ പ്രവൃത്തി ‘നിന്ദ്യ’വും ‘വിമര്‍ശനാത്മക’വുമാണെന്ന്. അതുകൊണ്ട്, പിന്നാലേതന്നെ പത്രമാരണ നിയമവും കൊണ്ടുവന്നു. മാധ്യമസ്വാതന്ത്ര്യം നിയന്ത്രിച്ചു. അതായത് ഭരണഘടന പ്രകാരമുള്ള ജനാധിപത്യം ഇല്ലാതാക്കി, ഭരണഘടന പ്രകാരമുള്ള മാധ്യമ പ്രവര്‍ത്തന സ്വാതന്ത്ര്യവും ഇല്ലാതാക്കി.
ഇന്നിപ്പോള്‍ കേരള സര്‍ക്കാരിന്റെ മാധ്യമവിരുദ്ധ നിലപാടിനെതിരേ മാധ്യമങ്ങള്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുമ്പോള്‍ അടിയന്തരാവസ്ഥക്കാലത്തെ മാധ്യമങ്ങള്‍ അനുഭവിച്ച പീഡനകാലം അനുസ്മരിച്ചുപോകും. ഒരുവ്യത്യാസമുണ്ട്, ഇപ്പോള്‍ കേരളത്തില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്.
ഭരണഘടനയുടെ അനുച്ഛേദം 19(1)(എ) ആവിഷ്കരിക്കാനും പറയാനും ഇന്ത്യന്‍ പൗരന്മാര്ക്കും മാധ്യമങ്ങള്‍ക്കും പരമാവധി സ്വാതന്ത്ര്യം നല്കുന്നു. അനുച്ഛേദം 19 ന്റെ രണ്ടാം ഭാഗം ഈ സ്വാതന്ത്ര്യത്തിന്റെ നിയന്ത്രണങ്ങള്‍ എണ്ണിയെണ്ണിപ്പറയുന്നുണ്ട്. അതിലെ ‘രാജ്യത്തിന്റെ സുരക്ഷ’ ‘വിദ്വേഷത്തിന്റെ പ്രചാരണം’ എന്നിവ ആരോപിച്ചാണ് ഇന്ദിരാഗാന്ധി ഭരണഘടനയുടെ അനുച്ഛേദം 19 (2) വിനിയോഗിച്ച് മാധ്യമങ്ങളെ നിയന്ത്രിച്ചത്. പത്രങ്ങള്‍ മാത്രമല്ല, റേഡിയോ, ടെലിവിഷന്‍ തരംഗങ്ങളെപ്പോലും അവര്‍ നിയന്ത്രിച്ച് സര്‍ക്കാരിന്റെ അധീനതയിലാക്കി. ഏഴ് വിദേശ മാധ്യമപ്രവര്‍ത്തകരെ രാജ്യത്തിന് പുറത്താക്കി. 29 മാധ്യമ പ്രതിനിധികളെ ഇന്ത്യയില്‍ കടക്കുന്നത് തടഞ്ഞു. 46 റിപ്പോര്‍ട്ടര്‍മാര്‍ക്ക് അക്രഡിറ്റേഷന് പിന്‍വലിച്ചു. തലസ്ഥാനമായ ദല്‍ഹിയില്‍മാത്രം രണ്ട് കാര്ട്ടുണിസ്റ്റുകളേയും ആറ് ഫോട്ടോഗ്രാഫര്‍മാരേയും 258 മാധ്യമപ്രവര്‍ത്തകരേയും അറസറ്റ് ചെയ്തു.
അത് അന്നത്തെ ചരിത്രം. ഇന്ന് കേരളത്തില്‍ നടക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ കാലത്തെ അനുഭവങ്ങള്‍ക്ക് സമാനത അന്നത്തെ സംഭവങ്ങളില്‍ കാണാം. എന്നാല്‍, അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി നിരോധിച്ച ആര്‍എസ്എസ് പ്രസ്ഥാനം, എങ്ങനെ ആ സംഘടനയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും സമാന്തര പ്രവര്‍ത്തന സംവിധാനമുണ്ടാക്കി എന്നത് വലിയൊരു ചരിത്രമാണ്. ഒരുപക്ഷേ ലോകത്ത് ഒരു സംഘടനയും ഇതുവരെ ചെയ്തിട്ടില്ലാത്തപ്രവര്ത്തനം. ആര്‍എസ്എസ് എല്ലാ തലത്തിലും സമാന്തരമായി പ്രവര്‍ത്തിച്ചു. ഇക്കാര്യങ്ങള്‍, അന്ന് ആര്‍എസ്എസ് രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം നല്കിയവരില് പ്രമുഖനായ ആര്. ഹരി അടുത്തിടെ വിശ്വസംവാദ കേന്ദ്രത്തിന്റെ ഓണ്‍ലൈന്‍ മാധ്യമ സംവിധാനംവഴി വളരെ ചുരുക്കി വിവരിക്കുന്നുണ്ട്. അന്ന് എങ്ങനെ ‘കുരുക്ഷേത്രം’ പോലുള്ള അച്ചടി മാധ്യമം, കേരളത്തില്‍ അടിയന്തരാവസ്ഥക്കെതിരേ നില്‍ക്കുമെന്ന് പലരും കരുതിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ ‘ദേശാഭിമാനി’ക്ക് പോലും കഴിയാത്ത രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് വിശദീകരിക്കുന്നുണ്ട്. സഖാവ് എകെജി, അടിയന്തരാവസ്ഥയെ എതിര്‍ത്ത് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം വായിക്കാന്‍ സഖാക്കളും കമ്യൂണിസ്റ്റ് നേതാക്കളും കുരുക്ഷേത്രത്തെ ആശ്രയിച്ച കാര്യവും. അതേപോലെ ഗൗരവതരമാണ്, തുടക്കത്തില്‍ ഇന്ദിരയെ എതിര്‍ത്ത കമ്യൂണിസ്റ്റുകളില്‍ സിപിഐ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായതും സിപിഎം നിര്‍വീര്യരായി സമരരംഗത്തുനിന്ന് ഒളിച്ചുനടന്നതും സംബന്ധിച്ച അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. എം.എം. ലോറന്‍സിനെപ്പോലെ അന്നും ഇന്നും സഖാവായ കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്ന ആര്. ഹരി പറയുന്നു: ‘ഇഎംഎസ്സും ഇന്ദിരയും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയും കരാറുമുണ്ടായിരിക്കാന് ഇടയുണ്ടെന്ന് ഞാന്‍ കരുതുന്നു.’ ഇഎംഎസ് അറസ്റ്റ് ചെയ്യപ്പെടാഞ്ഞതും ലോറന്‍സും മറ്റും അറസ്റ്റിലായതും ചില സൂചനകളല്ലേ എന്നും അദ്ദേഹം സംശയം പ്രകടിപ്പിക്കുന്നു. ശരിയായ ഗവേഷണം നടക്കേണ്ട മേഖലയാണ്.
മാധ്യമപ്രവര്‍ത്തകരെ ജനപ്രതിനിധികള്‍ പരസ്യമായി വെല്ലുവിളിക്കുന്നത് (പി.വി.അന്‍വര്‍, കെ.ടി. ജലീല്‍ തുടങ്ങിയവര്‍), വീട് തല്ലിപ്പൊളിച്ച് പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടു പോകുന്നത്, റെയ്ഡ് നടത്തുന്നത്, നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്, വ്യാപകമായി കേസെടുക്കുന്നത്, മാധ്യമ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നത് എല്ലാം അപ്രഖ്യാപിത അടിയന്തരാവസ്ഥക്കാലത്തെ കേരള നടപടികളാണ്. എന്നാല്‍ ഇനിയുള്ള കാലം കൂടുതല്‍ ഭയക്കണം; കാരണം അടിയന്തരാവസ്ഥക്കാലത്ത് മാധ്യമപ്രവര്‍ത്തകരെ, പത്രാധിപരെ കിടക്കപ്പായയില്‍നിന്ന് മേല്‍വസ്ത്രം ധരിക്കാന്‍ സമ്മതിക്കാതെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയിട്ടുണ്ട്, പോലീസ്. മാധ്യമപ്രവര്‍ത്തകരുടെ ഭാര്യമാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരുടെ വീടും സ്വത്തും വില്‍പ്പിച്ച് വഴിയാധാരമാക്കിയിട്ടുണ്ട്. നാളെ അതുമൊക്കെ ഇവിടെ നടന്നേക്കാം.
അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങളില്‍ ചിലതിന് ഏല്‍ക്കേണ്ടിവന്ന പീഡനത്തിന്റെ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പക്ഷേ, അടിയന്തരാവസ്ഥയെക്കുറിച്ച് ഘോരഘോരം പ്രസംഗിച്ച് അതിനെ മറ്റെന്തോ ചരിത്രമായി ഇല്ലാക്കഥ മെനയുന്നവര്‍ ഒരിക്കലും പറയാത്ത ആ ചരിത്രത്തിലേക്കുകൂടി കടന്ന് നിര്‍ത്താം. അടിയന്തരാവസ്ഥയുടെ അന്തര്‍ധാരകള്‍ എന്ന് പുസ്തകത്തില്‍ (23 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ചത്) അടിയന്തരാവസ്ഥയെ എതിര്‍ത്ത രഷ്ട്രീയശക്തിയുടെ തലപ്പത്തുണ്ടായിരുന്ന അന്നത്തെ ജസസംഘം നേതാവ് കെ. രാമന്‍പിള്ള നല്കുന്ന വിവരണം ചുരുക്കിപ്പറയാം:
തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ഹോം ഗാര്‍ഡ്’ അടിയന്തരാവസ്ഥയ്ക്കെതിരായ ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന് 3-7-75 ല്‍ പത്രാധിപര്‍ ബാലന് ഗോപിയെ അറസ്റ്റ് ചെയ്തു. മര്‍ദ്ദിച്ചു. ഗോപിയുടെ ഭാര്യയേയും മൂന്നുദിവസം തടവില്‍ വച്ചു. പത്രം അച്ചടിച്ചിരുന്ന പ്രസ്സുടമയെ അറസ്റ്റുചെയ്തു. പ്രസ്സിന്റെ ഉപകരണങ്ങള്‍ ബലമായി എടുത്തുകൊണ്ടുപോയി.
ചേര്‍ത്തലയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ക്രോസ്സ്ബെല്റ്റി’ന്റെ പത്രാധിപര്‍ ജി.എന്‍. നായരെ 29-6-76ല്‍ അറസ്റ്റു ചെയ്തു 4-7-76 വരെ ലോക്കപ്പില്‍ വച്ച് മര്‍ദ്ദിച്ചു. ആലുവയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘സോഷ്യലിസ്റ്റ് നാദ’ ത്തിന്റെ പത്രാധിപര്‍ എന്‍.റ്റി. ആന്റണിയെ യൂത്ത് കോണ്‍ഗ സ്റ്റുകാര്‍ പോലീസ് സാന്നിദ്ധ്യത്തില്‍ മര്‍ദ്ദിച്ചു. എറണാകുളത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന ‘സൗരയൂഥ’ ത്തിന്റെ ആഫീസ് കെട്ടിടം ഒഴിപ്പിച്ച് പൂട്ടിച്ചു. എറണാകുളത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘രാഷ്ട്രവാര്‍ത്ത’ സായാഹ്ന പത്രം നിര്‍ത്തിച്ചു.
റ്റി.യു. തോമസ് എന്ന ‘വീക്ഷണ’ത്തിന്റെ പ്രത്യേക ലേഖകനെ കോണ്‍ഗ്രസ്സ് നേതാവിന് ഹിതകരമല്ലാത്ത ലേഖനം അയച്ചതിന്റെ പേരില്‍ അങ്കമാലി പോലീസ് 17-5-76 മുതല്‍ 22-7-76 വരെ രണ്ടുമാസം ഏഴുദിവസം നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വയ്ക്കുകയും, മര്‍ദ്ദിക്കുകയും, അദ്ദേഹത്തിന്റെ വീടും പറമ്പും ഭാര്യയെകൊണ്ട് വില്പിക്കുകയും, ഒരു വലിയ സംഖ്യ ‘വീക്ഷണം’ ഫണ്ടിലേയ്ക്കടപ്പിക്കുകയും ചെയ്തു. ‘എക്സ്പ്രസ്സ്’ മലയാളം പത്രത്തിന്റെ മലപ്പുറം ലേഖകന്‍ അലവിക്കുട്ടിയെ കളക്ടറും ഡിഐജിയും വിരട്ടി. ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ കൊച്ചി എഡിഷനിലെ പ്രൂഫ് വിഭാഗത്തില്‍ അന്ന് ജോലി ചെയ്തിരുന്ന എം. രാജശേഖരപ്പണിക്കരെ അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ചു.
കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ജന്മഭൂമി’യുടെ പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയെ 2-7-75ല്‍ കണ്ണുകെട്ടി അര്‍ദ്ധരാത്രിക്ക് കിടക്കപ്പായയില്‍നിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോയി. പത്രത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിച്ചു. ‘ജന്മഭൂമി’യുടെ പബ്ലിഷറായിരുന്ന പി. നാരയണനേയും (നാരായണ്‍ജി) 2-7-75ല്‍ അറസ്റ്റുചെയ്ത് കള്ളക്കേസില്‍ പ്രതിയാക്കി. ‘ജന്മഭൂമി’യുടെ സബ്എഡിറ്ററായ കെ. രാമചന്ദ്രനെ (കക്കട്ടില്‍ രാമചന്ദ്രന്) 3-7-78ല്‍ അറസ്റ്റുചെയ്ത് കള്ളക്കേസില്‍ കുടുക്കി. ‘ജന്മഭൂമി”രാഷ്ട്രവാര്‍ത്താ’ പ്രസിദ്ധീകരണങ്ങളുടെ ഉടമയായ മാതൃകാ പ്രചരണാലയത്തിന്റെ മാനേജിങ്ങ് ഡയറക്ടറായ യു. ദത്താത്രയ റാവുവിനെ അറസ്റ്റ് ചെയ്ത് മൃഗീയമായി മര്‍ദ്ദിച്ച് മിസ തടവുകാരനാക്കി. ‘കേസരി’ വാരികയുടെ ഓഫിസ് 2-7-75ല്‍ പോലീസ് കുത്തിതുറന്ന് പൂട്ടിച്ചു. ആറാഴ്ച മുടക്കി. പ്രതാധിപരായിരുന്ന എം.എ. കൃഷ്ണന് (എം.എ. സാര്‍) ഒളിവില്‍ കഴിയേണ്ടി വന്നു. ‘കേസരി’ സഹപത്രാധിപര്‍ വി.എന്‍. രാജശേഖരനെ 2-7-75ല്‍ അറസ്റ്റ് ചെയ്ത് ക്രൂരമായി മര്‍ദ്ദിച്ചു.
ആലുവയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘ഇന്ത്യന്‍ പൗരന്’ നിര്‍ത്തിച്ചു. പ്രീ സെന്‍സറിംഗ് നടപ്പിലാക്കിയതോടെ എറണാകുളത്തുനിന്നുള്ള ‘നിര്‍ണ്ണയ’ത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നു. അടിയന്തരാവസ്ഥയ്ക്കെതിരായി ഒരു ലേഖനം പ്രസിദ്ധീകരിച്ചതിന് പ്രതാധിപരായ എം.എ. ജോണ്‍, ലേഖകന്‍ പി. രാജന്, പ്രസാധകര് പി.ടി. ദേവസ്സിക്കുട്ടി, വി. രാമചന്ദ്രന് എന്നിവരെ 21-7-75ല്‍ അറസ്റ്റുചെയ്ത് ജയിലിലാക്കി. എറണാകുളത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘വിശ്വഹിന്ദു പരിഷത്ത് പ്രതിക’ യുടെ പ്രതാധിപര്‍ വി.പി. ജനാര്ദ്ദനന്, മാനേജിംഗ് എഡിറ്റര്‍ ഇരവി രവി നമ്പൂതിരിപ്പാട് എന്നിവരെ 4-7-75ല്‍ അറസ്റ്റു ചെയ്തു ജയിലിലാക്കി. കോഴിക്കോട്ടുനിന്നുള്ള ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രം പ്രബോധനം നിര്‍ത്തിച്ചു.
‘ജനസംഘം പ്രതിക’ എന്ന ദൈ്വവാരിക പൂട്ടിച്ചു. മാനേജര്‍ വി.കെ. രാധാകൃഷ്ണന് ഒളിവില്‍ പോകേണ്ടിവന്നു. കോഴിക്കോട്ടെ ‘പ്രസക്തി’ പത്രാധിപര്‍ ശാന്താലയം ദാസ്സിനെ അറസ്റ്റു ചെയ്ത് പ്രസിദ്ധീകരണം മുടക്കി.
അതായത്, ജനാധിപത്യത്തിന് വിലകല്പ്പിക്കാത്തവര്ക്ക് അടിയന്തരാവസ്ഥയൊന്നും വേണ്ട, അവരുടെ വേട്ട നടത്താന്‍. അവര്‍ക്ക് മുന്നില്‍ ഇനിയും ധാരാളം വഴികള്‍ തുറക്കുന്നതാണ് മുന്‍കാല സംഭവങ്ങള്‍. കീഴ്വഴക്കമുണ്ടെങ്കില്‍ എളുപ്പമാകുമല്ലോ. മാധ്യമ പ്രവര്‍ത്തകരേ, ഇന്നു നടത്തുന്ന പ്രതിഷേധ മാര്‍ച്ചോടെ എല്ലാം കഴിയാനിടയില്ല. പുതിയ വഴികള്‍ അവര്‍ തുറക്കും. നമുക്ക് പോരാടാം, ജനാധിപത്യത്തിന്റെ സംരക്ഷണത്തിനായി. നമുക്ക് മികച്ച മാതൃകയുണ്ട്…
പിന്കുറിപ്പ്:
ഭരിക്കുന്ന കമ്യൂണിസ്റ്റുകള്‍ക്ക് കോണ്‍ഗ്രസ് ബാധിച്ചാല്‍, ചങ്ങലയ്ക്ക് ഭ്രാന്തു പിടിക്കുന്നതിനേക്കാള്‍ അപകടമാകും. ‘കള്ളുകുടിച്ച കുരങ്ങന്റെ വാലില്‍ തേളും കുത്തിയാലത്തെ സ്ഥിതി…’
പ്രതികരിക്കാൻ ഇവിടെ എഴുതുക: