കാഞ്ഞാണി (തൃശ്ശൂര്‍): കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് സംസ്ഥാന വ്യാപകമായി കോടികള്‍ തട്ടിയ മുംബൈ സ്വദേശികളായ രണ്ടു പേരെ ദല്‍ഹിയില്‍ നിന്ന് അന്തിക്കാട് പോലീസ് പിടികൂടി. ആറു മുതല്‍ 12 ലക്ഷം വരെയാണ് ഇവര്‍ ഓരോ വ്യക്തികളില്‍ നിന്ന് വാങ്ങി തട്ടിപ്പ് നടത്തിയത്. ദല്‍ഹി പോലീസിന്റെ സഹായത്തോടെയാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.
മുംബൈയിലെ താനെ ജില്ലയില്‍ ഉല്ലാസ് നഗറില്‍ കാവാരം ചൗക്ക് ബാരക്കില്‍ താമസിച്ചിരുന്ന ജോജോ വില്‍ഫ്രഡ് ക്രൂയിസ് (46), സഹോദരന് ജൂലിയസ് വില്‍ഫ്രഡ് ക്രൂയിസ് (38) എന്നിവരാണ് പിടിയിലായത്. കാനഡയിലേക്ക് വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ഓരോരുത്തരുടെ കൈയില്‍ നിന്ന് ഇവര്‍ ആറ് ലക്ഷം മുതല്‍ 12 ലക്ഷം വരെ വാങ്ങി. തൃശ്ശൂര്‍, എറണകുളം ജില്ലകളില്‍ നിന്നടക്കം സംസ്ഥാനത്തിനകത്ത് 18 പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. പണം പോയവരില്‍ കൂടുതലും തൃശ്ശൂര്‍ ജില്ലക്കാരാണ്.
2021ല്‍ തൃശ്ശൂര്‍ കുന്നത്തങ്ങാടി സ്വദേശിനി ബിജി പ്രൊവിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്തിക്കാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രതികള്‍ വിസ നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ആളുകളെ ദല്‍ഹിയിലും തുടര്‍ന്ന് ഉസ്ബക്കിസ്ഥാനിലും കൊണ്ടുപോയി. അവിടെ വച്ച് പണം കൈക്കലാക്കി മുങ്ങുകയായിരുന്നു. നിയമ വിരുദ്ധമായി ട്രാവല്‍ ഏജന്‍സി നടത്തി തട്ടിപ്പു നടത്തിയിരുന്ന സഹോദരന്മാരെ പിടികൂടാന്‍ അന്തിക്കാട് എസ്എച്ച്ഒ പി.കെ. ദാസിന്റെ നിര്‍ദേശപ്രകാരം എഎസ്ഐ എം.കെ. അസീസും സിപിഒ റിന്‍സണും കൂടി മുംബൈയില്‍ എത്തിയെങ്കിലും പ്രതികള്‍ അവിടെയുണ്ടായിരുന്നില്ല. പ്രദേശത്തു നടത്തിയ അന്വേഷണത്തിലാണ് ജോജോയും ജൂലിയസും ദല്‍ഹിയിലെ നിസാമുദീനില്‍ ഉണ്ടെന്ന് വിവരം കിട്ടുന്നത്. തുടര്‍ന്ന് അവിടെയെത്തി ദല്‍ഹി പോലീസിന്റെ സഹായത്തോടെ തട്ടിപ്പു സംഘങ്ങള്‍ വിഹരിക്കുന്ന ചേരിയില്‍ നിന്ന് പ്രതികളെ അതിസാഹസികമായാണ് പിടികൂടുന്നത്. തൃശ്ശൂര്‍ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സൈബര്‍ സെല്ലിന്റെ സഹായവും പ്രതികളെ കണ്ടെത്താന്‍ സഹായിച്ചു. പ്രതികള്‍ക്കെതിരെ മൂന്ന് സ്റ്റേഷനുകളില്‍ കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: