ഡോ. രാജാ വാര്യര്‍
സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് സംവിധാന കലയില്‍ ബിരുദം നേടിയ ശേഷം കേരളത്തിലെ നാടകപ്രസ്ഥാനത്തില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് തന്റേതായ ഇടം അടയാളപ്പെടുത്തിയ സംവിധായകനും, തപസ്യ കലാസാഹിത്യവേദിയുടെ രംഗകലാവിഭാഗം സംസ്ഥാന അദ്ധ്യക്ഷനും, സംസ്കാര്‍ ഭാരതിയുടെ കേരള പ്രാന്ത നാട്യ സംയോജകനുമായ ശശിനാരായണനുമായി നടത്തിയ അഭിമുഖം.
ഇതര കലകളില്‍ നിന്ന് നാട്യകല വ്യത്യസ്തമാകുന്നത് ഏതേതെല്ലാം തലങ്ങളിലാണ്?
നാടകം ഒരു സംഘകലയാണെന്നതും, അതിന് സാഹിത്യരൂപം, രംഗരൂപം എന്നിങ്ങനെ രണ്ടു രൂപങ്ങളുണ്ടെന്നതും ആണ് മറ്റുകലകളില്‍ നിന്ന് നാടകത്തിനുള്ള ആദ്യ വ്യത്യാസം. മറ്റൊന്ന് നടന്റെ മാധ്യമം താന്‍ തന്നെയാണെന്നതാണ്. മറ്റു കലാകാരന്മാരുടെ മാധ്യമം അവരില്‍ നിന്നന്യമായ വസ്തുക്കളാണെന്നിരിക്കെ നടന് അത് തന്റെ തന്നെ ശരീരവും ശാരീരവും മനസ്സും ആണ്. അതിനാല്‍ തന്നെ നാട്യം ഒരു ജൈവകലയും ആകുന്നു.
സാമൂഹ്യ പരിവര്‍ത്തനത്തിനോ സാംസ്കാരിക ശുദ്ധീകരണത്തിനോ നാടകമെന്ന ശക്തമായ കലാരൂപത്തെ ഉപാധിയാക്കാവുന്നതാണ്. എന്താണ് കാഴ്ചപ്പാട്?
മാനവ ചരിത്രത്തെ സാമൂഹികവും, സാംസ്കാരികവുമായി മുന്നോട്ടു നയിക്കുന്നതില്‍ നാടകം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അത് മനുഷ്യരെ കലാപകാരികളാക്കി വിപ്ലവം നടത്തിക്കൊണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല. അതേസമയം കല മനുഷ്യന്റെ അവബോധത്തില്‍ മാറ്റം വരുത്തി സാംസ്കാരിക വികാസം കൈവരിക്കാന്‍ സഹായിക്കും. അതായിരിക്കും കൂടുതല്‍ ആന്തരികമായ പരിവര്‍ത്തന ക്രിയ. കാളിദാസ കൃതികള്‍ പഠിച്ചിട്ടുള്ളവര്‍ വളരെ ഉയര്‍ന്ന സഹജീവി സ്നേഹവും പാരിസ്ഥിതിക ബോധം ഉള്ളവരും ആയിരിക്കും. ഭാരതീയ ലാവണ്യ ശാസ്ത്രത്തിന്റെയും നാടകത്തിന്റെയും രാസപ്രവര്‍ത്തനം മനുഷ്യബോധത്തിന്റെ ആന്തരികമായ ആഴങ്ങളിലാണ്. ആ ഒരു സംസ്കൃതിയില്‍ വളര്‍ന്നവര്‍ ഒരിയ്ക്കലും ഹിംസാലുക്കള്‍ ആവില്ല. അവര്‍ ഒരിയ്ക്കലും ആനത്താരയില്‍ പാവം വനവാസികളെ കൊണ്ടുപോയി പാര്‍പ്പിക്കില്ല. അരിക്കൊമ്പനെ ഇങ്ങനെ വേട്ടയാടില്ല.
സംസ്കാരം എന്നത് വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന ഒന്നല്ല. കേരളത്തിലെ സാമൂഹിക നവോത്ഥാനം ആരംഭിച്ചത് ശ്രീനാരായണ ഗുരു സ്വാമികളും, ചട്ടമ്പി സ്വാമികളും മറ്റും ആണെങ്കിലും അതു വളര്‍ന്നു വന്നത് വി.ടിയും കെ.ടിയും ചെറുകാടും പ്രേംജിയുമെല്ലാം നിസ്വാര്‍ത്ഥരായി വെട്ടിത്തെളിച്ച വഴികളിലൂടെയാണ്. അത് നാടകപ്പാതയാണ്. ഇന്നിപ്പോള്‍ സത്യാസത്യങ്ങള്‍ കൂടിക്കുഴഞ്ഞ് സമൂഹത്തെ അന്ധമാക്കുന്ന ഒരവസ്ഥയാണുള്ളത്. ഇനിയുണ്ടാകേണ്ട സാമൂഹിക പരിവര്‍ത്തനം എന്നത് ഇന്നലെവരെ ഉണ്ടായിരുന്ന പരിവര്ത്തനചിന്തകളുടെ വെളിച്ചത്തില്‍ മറികടക്കാന്‍ കഴിയുന്ന ഒന്നാണെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ നമ്മുടെ പുരാതന നാട്യസംസ്കൃതി പ്രകൃതി സഹജ ദര്‍ശനങ്ങളാല്‍ സമ്പന്നമാണ്. ആ പാരമ്പര്യത്തില്‍ വേരുകളാഴ്ത്തുമ്പോഴേ പ്രകൃതി വിരുദ്ധത മുഖമുദ്രയായ ഈ കോവിഡ് സംസ്കാരത്തെ പ്രതിരോധിയ്ക്കാന്‍ കഴിയൂ.
ഭാരതീയ നാട്യസംസ്കൃതിയും, നവീന രംഗാവതരണങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഒരു പ്രത്യേക ഭൂപ്രദേശത്തെ സംസ്കാരത്തിന്റെ പ്രതിഫലനമല്ലേ അരങ്ങില്‍ ഉണരേണ്ടത്?
അത്തരത്തിലുള്ള അന്വേഷണങ്ങളുടെ സര്ഗഫലങ്ങള് ആയിരുന്നുവല്ലോ കാവാലം നാരായണ പണിയ്ക്കരുടെയും ബി.വി. കാരന്തിന്റേയും രത്തന്‍ തെയ്യത്തിന്റെയും ഹബീബ് തന്‍വീറിന്റെയും നാടകങ്ങള്‍. അവ വര്‍ത്തമാനകാലത്തോട് സംവദിയ്ക്കുന്നവയും ആകുന്നു. ജി. ശങ്കരപ്പിള്ളയുടെയും. സിഎന്നിന്റെയും വയലായുടെയും നാടകങ്ങളും നമ്മുടെ പാരമ്പര്യത്തില്‍ അടിയുറച്ചവയാണ്. നമ്മുടെ പുരാതന നാട്യ പാരമ്പര്യത്തില്‍ നിന്ന് ഉരുത്തിരിഞ്ഞു വരേണ്ടുന്ന ഒരു നാടക വേദിക്കു വേണ്ടിയുള്ള അന്വേഷണം ഇപ്പോഴും തുടരാവുന്നതാണ്, തുടരേണ്ടതുണ്ട്. അത് പുതിയ രചനകളിലൂടെയോ, ക്ലാസിക്കുകളുടെ ആധുനിക വ്യാഖ്യാനസാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടോ ആകാവുന്നതാണ്. നമ്മുടെ പ്രാദേശിക പാരമ്പര്യത്തില്‍ വേരുകളാഴ്ത്തിയുള്ള രംഗരൂപാന്വേഷണങ്ങള് ഫലപ്രാപ്തി നേടുമ്പോള്‍ മാത്രമേ, നാം നമ്മളെ ലോകനാടക ചരിത്രത്തില്‍ അടയാളപ്പെടുത്തി എന്ന് പറയാനാവുകയുള്ളു. പ്രാദേശിക സംസ്കൃതി തന്നെയാണ് ലോക സംസ്കൃതിയായി പരിണമിക്കുന്നത്. നാടകവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളെല്ലാം പ്രായോഗികതയിലധിഷ്ഠിതമായിരിക്കണം.
കച്ചവട ലോകത്തില്‍ നാടകം വഴിവിട്ട് സഞ്ചരിയ്ക്കുകയാണെന്നും, നഗരകേന്ദ്രിത കെട്ടുകാഴ്ചകളുടെ ഉത്സവങ്ങളില്‍ യഥാര്‍ത്ഥ കല നാശോന്മുഖമാകുന്നുവെന്നും തോന്നുന്നുണ്ടോ?
സത്യത്തില്‍ കച്ചവട നാടകങ്ങളോ സിനിമകളോ ഒന്നുമല്ല ഗൗരവപൂര്‍ണ്ണമായ നാടകവേദിയെ വഴിതെറ്റിക്കുന്നത്. അത് രംഗകലാരൂപമെന്ന നിലയ്ക്ക് ഉള്ള പലരുടെയും കാഴ്ചപ്പാടിലുള്ള ദാരിദ്ര്യമാണ്. ഇവിടെ ഒരു പ്രത്യേക രാഷ്ട്രീയ കാഴ്ചപ്പാടുള്ളവര്‍ നാടകവേദിയെ ഭരിക്കുകയാണ്.
അരങ്ങിലും അവതരണത്തിലും കാതലായ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അത് ആധുനിക രംഗ സങ്കേതങ്ങളെ പ്രൊഫഷണല്‍ നാടകവേദിക്ക് പരിചയപ്പെടുത്തുക എന്ന കൃത്യമായ ലക്ഷ്യത്തോടെ ചെയ്തതായിരുന്നു. അത്തരത്തില്‍ ഒരു വലിയ ചലനം മുഖ്യധാരാ നാടക വേദിയിലുണ്ടാക്കാന് എനിക്ക് കഴിഞ്ഞിട്ടുണ്ട്. മള്‍ട്ടി മീഡിയ സ്ഫോടനങ്ങളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഒക്കെ പുതിയ കാലത്തെ ഭരിക്കുമെങ്കിലും, ഈ നിര്‍മ്മല പ്രകൃതിയില്‍ മാനവ സ്നേഹത്തിന്റെയും കരുണയുടെയും കുളിര്‍തെന്നലാവാന്‍ തിയ്യേറ്ററിനു മാത്രമെ കഴിയൂ എന്ന് ഞാന്‍ കരുതുന്നു. വൈദ്യുതി നിലച്ചുപോയാല്‍, വീണ്ടും മഹാമാരികള്‍ വന്നാല്‍ ഇക്കാണുന്ന എല്ലാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും തകിടം മറിയും. എന്നാല്‍ അപ്പോഴും മനുഷ്യ ഭാവനയും ഈ പ്രകൃതിയും നിലനില്ക്കുമെങ്കില് സംശുദ്ധ രംഗകലയായ നാടകവും നിലനില്ക്കും. അതിന് മറ്റൊന്നും തടസ്സമാണെന്ന് ഞാന്‍ കരുതുന്നില്ല.
നാടകത്തെ മനുഷ്യജീവിതത്തിന് അര്‍ത്ഥവത്തായി വിനിയോഗിക്കാന്‍ വര്‍ത്തമാനകാലത്ത് എന്തൊക്കെ കരുതലുകളാണ് വേണ്ടത്?
കൂട്ടായ്മയാണ് നാടകത്തിന്റെ പിറവിക്ക് കാരണമാകുന്നത്. കൂട്ടായ്മകളുടെ അഭാവത്തില്‍ നാടകങ്ങള്‍ ഉണ്ടാവുക പ്രയാസമാണ്. ഇവിടെ ഇപ്പോള്‍ എല്ലാം ഒരു പ്രത്യേക രാഷ്ട്രീയ കൂട്ടായ്മക്ക് കീഴിലാണ്. മനുഷ്യ സ്വാതന്ത്ര്യം ഇത്രയധികം ദുരുപയോഗം ചെയ്യുന്ന ഒരു സമൂഹം ലോകത്ത് വേറെ ഉണ്ടോ എന്ന് സംശയം. ഭാരതീയ പാരമ്പര്യത്തിനെതിരെ പറഞ്ഞാല്‍ ആ കൂട്ടായ്മയില്‍ പ്രവേശനം കിട്ടും. എന്നാല്‍ ഇന്നും അവസരവാദവും ധനമോഹവും കുതന്ത്രങ്ങളും ഇല്ലാത്ത നല്ല കൂട്ടായ്മകള്‍ ഉണ്ടാകുമ്പോള്‍ സമൂഹത്തില്‍ നല്ല നാടകങ്ങള്‍ ഉണ്ടാകും. തപസ്യ രംഗകലാവേദി അത്തരം കൂട്ടായ്മയ്ക്കു വേണ്ടി നിലകൊള്ളുന്ന ഒരു നാടക സംഘമാണ്. അതിന്റെ ആദ്യത്തെ നാടകം ‘ആരണ്യപര്വ്വം’ വേദികളില്‍ അവതരിപ്പിച്ചു തുടങ്ങി.
നാടകം ഔപചാരികമായി പഠിയ്ക്കുകയും, അരങ്ങില്‍ ധീരമായി പരീക്ഷിച്ച് വിജയം കൈവരിയ്ക്കുകയും ചെയ്ത ആളാണ് താങ്കള്‍. സൃഷ്ടി പ്രവര്‍ത്തനത്തിന് ഭൗതികമായ എന്തൊക്കെ തടസ്സങ്ങളാണ് ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്?
ഞാന്‍ നാടകം തുടങ്ങിയത് എന്റെ കുട്ടിക്കാലത്താണ്. ഏറനാട്ടിലെ എളയൂര്‍ എന്ന ഗ്രാമത്തിലെ മഹാവിഷ്ണു ക്ഷേത്രപ്പറമ്പിലെ മഠത്തിന്റെ മുറ്റത്തും, എന്റെ തന്നെ വീടിന്റെ മുറ്റത്തും പൂമുഖത്തും ഒക്കെ ആ രംഗ കലാബോധം പിച്ചവെച്ചു വളര്‍ന്നുവന്നു. എന്റെ ആത്മീയന്വേഷണങ്ങളുടെയും ദര്‍ശനങ്ങളുടെയും ഭാഗമാണ് എനിക്ക് നാടകവേദി. അതെന്റെ ജീവിതം തന്നെയാണ്. തപസ്യ 1982-ല്‍ നടത്തിയ ഒരു നാടകക്കളരിയില്വച്ചാണ് ഞാന്‍ ശങ്കരപ്പിള്ള സാറിനെ പരിചയപ്പെടുന്നതും, സ്കൂള്‍ ഓഫ് ഡ്രാമയില്‍ ചേരാന്‍ തീരുമാനിച്ചതും. എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടായാലും എനിക്ക് നാടകം ചെയ്യാതിരിക്കാനാവില്ല. നേരത്തെ പറഞ്ഞ കൂട്ടായ്മ തന്നെയാണ് നല്ല നാടകം ഉണ്ടാകാന്‍ അടിസ്ഥാനപരമായി വേണ്ടത്. കക്ഷി രാഷ്ട്രീയ ഭേദമെന്യേ ഭാരതീയ പാരമ്പര്യത്തിലടിയുറച്ചവരുടെ കൂട്ടായ്മകളില്‍ നിന്നേ നല്ല നാടകങ്ങളും പിറവി എടുക്കൂ. അതിനായുള്ള അരങ്ങാണ് തപസ്യ കേരളത്തിലൊരുക്കുന്നത്. ഒരു നിയോഗം പോലെ ആ കൂട്ടായ്മയുടെ ഉത്തരവാദിത്വം തപസ്യയിലൂടെ എന്നെത്തേടി എത്തി. വര്‍ത്തമാനകാലത്തെ പ്രയാസങ്ങളെ തപസ്യയുടെ കൂട്ടായ്മയിലൂടെ ഞങ്ങള്‍ അതിജീവിയ്ക്കും. നിരന്തരം നാടകങ്ങള്‍ ചെയ്യും.
നാടകവുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് മനസ്സില്‍ സൂക്ഷിയ്ക്കുന്നത്. എന്റെ സ്വപ്നം ‘കൂത്തുമാടമാണ്.’ നിരന്തരനാടകപരിശീലനം നടത്താനും, ഭാരതീയ രംഗകലാ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ നൂതന രംഗരൂപങ്ങള്ക്കായി പ്രായോഗിക അന്വേഷണം നടത്താനും നാടകാവതരണങ്ങള്ക്കുമുള്ള ഒരു കേന്ദ്രം, അതാണ് കൂത്തുമാടം. ‘പ്ലേ ഹട്ട്’ എന്ന് ഇംഗ്ലീഷില്‍ പറയാം.
സംവിധാനം ചെയ്തവയില് ഏറ്റവും പ്രധാനം എന്നുതോന്നുന്ന നാടകങ്ങള്‍ ഏതെല്ലാമാണ്?
ഊരുഭംഗം, നിധിദ്വീപ്, വസന്തസേന, ശാരദ, ഓടയില്‍ നിന്ന്, ആന്റിഗണി, പൂന്താനം, ആരണ്യപര്വ്വം…. എന്നിങ്ങനെ അതു തുടരും… കൊവിഡ് കാലത്ത് ഊരുഭംഗം, സ്വപ്ന വാസവദത്തം, ആഷാഢത്തില്‍ ഒരു ദിവസം, മേക്ബത്ത്, പൂ
ന്താനം എന്നീ നാടകങ്ങള്‍ക്ക് രംഗപാഠം തയ്യാറാക്കി. ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനും, ആത്മീയ അന്വേഷകനും ആയിരുന്ന റവഃ പോള്‍ ബ്രണ്ണന്‍ എഴുതിയ “A search in secret India” എന്ന സഞ്ചാര സാഹിത്യകൃതി ‘നിഗൂഢ ഭാരതത്തില്‍ ഒരന്വേഷണം’ എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: