കെയ്റോ:: പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക സന്ദര്‍ശന വേളയില്‍ ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തി ഹിസ് എമിനന്‍സ് ഡോ. ഷോക്കി ഇബ്രാഹിം അല്ലാമുമായി കൂടിക്കാഴ്ച നടത്തി.തന്റെ സമീപകാല ഇന്ത്യാ സന്ദര്‍ശനത്തെ ഗ്രാന്‍ഡ് മുഫ്തി സ്നേഹപൂര്‍വ്വം അനുസ്മരിക്കുകയും ഇന്ത്യയും ഈജിപ്തും തമ്മിലുള്ള ശക്തമായ സാംസ്കാരികവും ജനങ്ങളുമായുള്ള ബന്ധവും എടുത്തുകാട്ടുകയും ചെയ്തു. സമഗ്രതയും ബഹുസ്വരതയും വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തെയും ഗ്രാന്‍ഡ് മുഫ്തി അഭിനന്ദിച്ചു.
സമൂഹത്തിലെ സാമൂഹികവും മതപരവുമായ സൗഹാര്‍ദ്ദം വളര്‍ത്തുന്നതിന് കുറിച്ചും , തീവ്രവാദത്തെയും, മൗലികവാദത്തെയും പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഈജിപ്തിലെ സാമൂഹ്യനീതി മന്ത്രാലയത്തിന് കീഴിലുള്ള ദാര്അല്ഇഫ്തയില് ഇന്ത്യ വിവരസാങ്കേതിക വിദ്യയുടെ മികവിന്റെ ഒരു കേന്ദ്രം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
നരേന്ദ്ര മോദി, പ്രശസ്ത ഈജിപ്ഷ്യന്‍ എഴുത്തുകാരനും പെട്രോളിയം തന്ത്രജ്ഞനുമായ തരെക് ഹെഗ്ഗിയുമായും കൂടിക്കാഴ്ച നടത്തി.ആഗോള ഭൗമരാഷ്ട്രീയം, ഊര്‍ജ സുരക്ഷ, സമൂലപരിഷ്ക്കാരവാദം, ലിംഗസമത്വം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു ഇരുവരും തമ്മിലുള്ള ചര്‍ച്ചകള്‍.
പ്രമുഖ യുവ യോഗ പരിശീലകരായ മിസ്. റീം ജബാക്ക്, മിസ്. നാദ അഡെല്‍ എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തി.യോഗയോടുള്ള അവരുടെ പ്രതിബദ്ധതയെ പ്രധാനമന്ത്രി പ്രശംസിക്കുകയും ഇന്ത്യ സന്ദര്‍ശിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈജിപ്തില്‍ യോഗയോടുള്ള വലിയ ആവേശം അവര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.
പശ്ചിമേഷ്യ , വടക്കന്‍ ആഫ്രിക്കന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഈജിപ്ഷ്യന്‍ കമ്പനികളിലൊന്നായ ഹസ്സന് അല്ലാം ഹോള്‍ഡിംഗ് കമ്പനിയുടെ സിഇഒ ഹസ്സന് അല്ലാമുമായി നരേന്ദ്ര മോദി് കൂടിക്കാഴ്ച നടത്തി.പുനരുപയോഗ ഊര്‍ജം, ഹരിത ഹൈഡ്രജന്‍, അടിസ്ഥാന സൗകര്യ , നിര്‍മാണ മേഖലകളില്‍ ഇന്ത്യന്‍ കമ്പനികളുമായി ഉറ്റ സഹകരണം ഉണ്ടാക്കുന്നതിനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്തു.
ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങളുമായി സംവദിച്ചു.ഇന്ത്യ-ഈജിപ്ത് ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യന്‍ സമൂഹം നല്കിയ സംഭാവനകളെ അവരുമായുള്ള ആശയവിനിമയത്തില്‍ പ്രധാനമന്ത്രി അഭിനന്ദിച്ചു.
വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളും ബിസിനസുകാരും ഉള്‍പ്പെടുന്ന 300ലധികം ഇന്ത്യന്‍ പ്രവാസികള്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: