എം. എന്‍. വിനോദ്
അദ്ധ്യാപകനായ ഡോ.സംഗീത് രവീന്ദ്രന്റെ അഞ്ചാമത്തെ പുസ്തകമായ ‘ആ ശംഖ് നീ ആര്‍ക്ക് നല്കി’ എന്ന 93 കവിതകളുടെ സമാഹാരം വായനക്കപ്പുറത്തേക്ക് നമ്മെ കൈപിടിച്ച് കൊണ്ടുപോകുന്നു. കവിതയുടെ ആശയം ആസ്വാദകരില്‍ എത്തുന്നത് കവി ഉദ്ദേശിക്കുന്ന വികാര പ്രകടനത്തിലോ ആശയത്തിലോ ആവില്ല. വായനയ്ക്കപ്പുറത്ത് വ്യത്യസ്ത തലങ്ങളിലൂടെ അത് പാറി നടന്നേക്കാം.
ഈ കവിതാ സമാഹാരത്തിന്റെ പ്രകാശനം തന്നെ ചരിത്രത്തില്‍ ഇടം കണ്ടെത്തി എന്നതാണ് സത്യം. ആര്‍ദ്ര മനസ്സിന്റെ കാറ്റുപോലെ ഒരു കാലഘട്ടത്തിന്റെ വേദനയുടെ കണ്ണീര് സാക്ഷ്യമായി ഈ കവിതാ സമാഹാരം സ്വന്തം പിതാവിനാണ് സമര്‍പ്പിച്ചിരിക്കുന്നത്. എഴുത്തിനോടും വായനയോടും അഭിനിവേശം ഉണ്ടായിരുന്ന അച്ഛന് അലിഞ്ഞു ചേര്‍ന്ന നിളാ നദിയില്‍ അക്ഷരങ്ങള്‍കൊണ്ട് തര്‍പ്പണം ചെയ്തുകൊണ്ടായിരുന്നു പ്രകാശനം. നിളയ്ക്കും അത് പകരം വയ്ക്കാനില്ലാത്ത അനുഭവമായിരിക്കാം.
ഹിന്ദു പുരാണങ്ങളില്‍ പാപമുക്തിക്കും യുദ്ധകാഹളത്തിനുമായും ബുദ്ധമതത്തിന്റെ ശുഭസൂചകമായും ഉപയോഗിക്കുന്ന ശംഖ് ആത്മാവ് നഷ്ടപ്പെട്ട ശരീരത്തിന്റെ ഇരമ്പലാണ്. കവിതകളില്‍ അത് സ്നേഹത്തിന്റേയും പ്രണയത്തിന്റെയും കലഹത്തിന്റേയും വിരഹത്തിന്റേയുമൊക്കെ ഇരമ്പലായി നമുക്ക് വായിച്ചനുഭവിക്കാന്‍ കഴിയുന്നു.
‘ജനുവരി ഇഴയുമ്പോള്‍’ എന്ന കവിത മുതല്‍ ‘ജീവിതത്തിലുണ്ടായിരുന്നുവോ’ വരെ വായനക്കാരുടെ ഹൃദയത്തില്‍ ചേര്‍ന്ന് നില്ക്കുന്ന അക്ഷരങ്ങളും വാക്കുകളുമാണുള്ളത്. ഇതിലെ കവിതകളെ ല്ലാം താന്‍ അനുഭവിച്ചതും അനുഭവിക്കുന്നതുമായ വൈകാരികതയാണന്ന് കവി മുഖമൊഴിയില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
‘സ്നേഹം കൊണ്ട് മിനുക്കണം’ എന്ന കവിതയില്‍ ‘അപൂര്‍ണ്ണതകളെ സ്നേഹംകൊണ്ട് മിനുക്കണം’ എന്നും അപ്പൂപ്പന് താടിയുടെ നേര്‍ത്ത നാരുകള്‍ പോലെ നമുക്ക് ഇനിയും പറക്കാം എന്നും ആഗ്രഹിക്കുന്നു.
‘പരീക്ഷയ്ക്കിരിക്കുമ്പോള്‍’ എന്ന കവിതയില്‍ ഗുരു+ദക്ഷിണ പിരിച്ചെഴുതുമ്പോള്‍ വിരലിന്റെ ചിത്രവും വരയ്ക്കാന്‍ മറക്കരുത് എന്ന പറച്ചില് ഗുരുദക്ഷിണയുടെ കാണാപ്പുറങ്ങളിലേക്ക് നമ്മെ കയറൂരി വിടുന്നു. കാടിനെക്കുറിച്ചുള്ള ചോദ്യത്തിന്റെ ശരിയായ ഉത്തരം എന്നത് മണലാരണ്യത്തില്‍ ഒട്ടകം നില്ക്കുന്ന ചിത്രമാണന്നുള്ള ബോധ്യത്തിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു.
വളരെ കുറഞ്ഞ വരികളില്‍ കോറിയിട്ടിരിക്കുന്ന കവിതകളാണ് മിക്കവയും. പക്ഷേ അവ കോരിയിടുന്ന ആശയങ്ങള്‍ വരമ്പുകള്‍ക്കുമപ്പുറത്തേക്ക് നീളുന്നു. രുചിക്കൂട്ട്, മുയല്‍ക്കാട് എന്നീ കവിതകള്‍ അത്തരത്തിലൂള്ളതാണ്.
പല കവിതകളിലും മരണത്തിന്റെ അദൃശ്യ സാന്നിദ്ധ്യം തെളിയാതെ തെളിഞ്ഞുകിടക്കുന്നതും കാണാന്‍ കഴിയും.
കാക്കകള്‍
കൈകൊട്ടി വിളിയ്ക്കുന്നു
പുലര്‍കാല സ്വപ്നങ്ങളെന്നെ കൊത്തിപ്പറിക്കുന്നു. എന്നും,
ജീവിതം വാടിയ
അവസാന ചെടി ഞാനായിരുന്നു
എന്നുമുള്ള വരികള്‍ കനലുപോലെ മനസ്സില്‍ കിടക്കുന്ന കവിയുടെ അച്ഛന്റെ ഓര്‍മകളുടെ വിങ്ങലുകളാവാം.
‘സ്കൂള്‍ വീണതില്‍ പിന്നെ’ എന്ന കവിത അക്ഷരം പഠിച്ച കഌസ് മുറിയില്‍ ചമ്രം പടിഞ്ഞിരിക്കുന്നതിന്റെ ഓര്‍മ്മകളാണ്.
പനനാരില്‍ നീ കോര്‍ത്തെടുത്തു തന്ന
ഇലഞ്ഞിപ്പൂ ഇപ്പോഴും
എന്നില്‍ മണക്കുന്നുണ്ട്.
കുരുന്നുകളില്ലാത്ത സ്കൂള്‍ പൊളിച്ചു മാറ്റുന്നത് പോലെ ഓര്‍മ്മ മേഞ്ഞ സ്വപ്നങ്ങളും നീ പൊളിച്ചു മാറ്റുമോ എന്ന ആശങ്കയിലാണ് ആ കവിത അവസാനിക്കുന്നത്. വൈവിധ്യമാര്‍ന്ന ആശയങ്ങളും ഉള്ളുപൊള്ളിക്കുന്ന വേദനകളും ആര്‍ദ്രതയുടെ നനവും ഈ കവിതകള്‍ നമുക്ക് പ്രദാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: