ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ് ബിജെപിയിലേക്കെത്തുമോ? ആകാംക്ഷയോടെയാണ് തമിഴ്നാട് ഈ ചോദ്യത്തിനുള്ള ഉത്തരം കാത്തിരിക്കുന്നത്. തമിഴ്നാട് രാഷ്‌ട്രീയത്തിലേക്ക് വിജയിനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ സ്വാഗതം ചെയ്തിരുന്നു . വിജയിനെപ്പോലുള്ളവര്‍ ഉടന്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങണമെന്നും താനും ബിജെപിയും അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അണ്ണാമലൈ.
വിജയിന്റെ രാഷ്‌ട്രീയ പ്രവേശം ഏറ്റവും അധികം തമിഴ്നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇക്കഴിഞ്ഞ ദിവസം 49ാം പിറന്നാളിനോടനുബന്ധിച്ച് വിജയ് ഉടന്‍ രാഷ്‌ട്രീയപ്രവേശനം നടത്തുമെന്ന് സ്ഥിരീകരിച്ച് തമിഴ്നാട്ടില്‍ ഉടനീളം പോസ്റ്ററുകള്‍ ഉയര്‍ന്നിരുന്നു. വിജയിക്ക് 49-ാം പിറന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളിലാണ് രാഷ്‌ട്രീയ പ്രവേശനം നിറഞ്ഞിരിക്കുന്നത്. വിജയ് തമിഴ്നാടിന്റെ ഭാവി മുഖ്യമന്ത്രിയാണെന്നാണ് വിശേഷിപ്പിക്കുന്നതായിരുന്നു പോസ്റ്ററുകള്‍. പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉന്നതവിജയം നേടിയ തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലെയും വിദ്യാര്‍ഥികളെ കഴിഞ്ഞ ആഴ്ച നടന്ന ചടങ്ങില്‍ വിജയ് ആദരിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും വിജയ് രാഷ്‌ട്രീയത്തില്‍ ഇറങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. വോട്ടിനായി പണം വാങ്ങരുതെന്ന് മാതാപിതാക്കളോടും യുവാക്കളോടും അന്ന് വിജയം ആഹ്വാനം ചെയ്തിരുന്നു. വിജയിയുടെ ഈ ഉപദേശത്തെ ബിജെപി സ്വാഗതം ചെയ്യുന്നുവെന്ന് അണ്ണാമലൈ അഭിപ്രായപ്പെട്ടു. .
“വിജയിനെപ്പോലെ മനസ്സാക്ഷിയുള്ളവര്‍ രാഷ്‌ട്രീയത്തില്‍ വന്നാല്‍ തമിഴ്‌നാട്ടില്‍ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ ഇതിലൂടെ കഴിയും. നടന്‍ വിജയിനെപ്പോലുള്ളവര്‍ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുന്നത് ഡിഎംകെ ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍ ആഗ്രഹിക്കുന്നില്ല.”- അണ്ണാമലൈ പറയുന്നു. .
നിരവധി പേരാണ് വിജയ് ആരാധകരായി തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും ഉള്ളത്. തമിഴ്‌നാട്ടില്‍ വിജയിനെ പോലുള്ളവരെ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കാന്‍ വന്‍ശക്തികള്‍ അനുവദിക്കില്ല. വിജയിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും രാഷ്‌ട്രീയത്തില്‍ ചേരണം. ഡിഎംകെ പോലുള്ള പാര്‍ട്ടികള്‍ തന്നെപ്പോലുള്ളവരെ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ പരമാവധി ശ്രമിച്ചുവെന്നും അണ്ണാമലൈ പറഞ്ഞു.
കേന്ദ്രത്തിലെ ബി.ജെ.പി. സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിനടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് തിരിക്കുകയാണ് അണ്ണാമലൈ. അതിന് തൊട്ടു മുമ്പാണ് അണ്ണാമലൈ വിജയിനെ രാഷ്‌ട്രീയത്തിലേക്ക് ക്ഷണിച്ചത്. ചെന്നൈയില്‍നിന്ന് ദുബായിലേക്കും അവിടെനിന്ന് ലണ്ടനിലേക്കും പോകുന്ന അണ്ണാമലൈ ആറുദിവസത്തിനുശേഷം തിരിച്ചെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: