വാഷിങ്ടൺ ഡിസി; ഇന്ത്യ-യുഎസ് ഉന്നത സാങ്കേതിക സഹകരണസംഗമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ്എ പ്രസിഡന്റ് ജോസഫ് ആർ ബൈഡനും പങ്കെടുത്തു. വാഷിങ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിലായിരുന്നു പരിപാടി. യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുൻനിര ഇന്ത്യൻ-അമേരിക്കൻ ടെക് കമ്പനികളുടെയും സ്റ്റാർട്ടപ്പുകളുടെയും സിഇഒമാർ പങ്കെടുത്തു. ‘ഏവർക്കും എഐ (നിർമിതബുദ്ധി)’, ‘മാനവരാശിക്കായുള്ള നിർമാണം’ എന്നതായിരുന്നു ഈ വേദിയുടെ പ്രമേയം.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആഴത്തിലുള്ള സാങ്കേതിക സഹകരണം അവലോകനം ചെയ്യാനുള്ള അവസരമായിരുന്നു പരിപാടി. ഇരുരാജ്യങ്ങളിലെയും പൗരന്മാരുടെയും ലോകത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റാൻ നിർമിതബുദ്ധി അധിഷ്ഠിതമാക്കിയുള്ള സമഗ്ര സമ്പദ്‌വ്യവസ്ഥ സ്വീകരിക്കുന്നതിൽ ഇന്ത്യ-യുഎസ് സാങ്കേതിക പങ്കാളിത്തത്തിന്റെ പങ്കിനെയും സാധ്യതകളെയും കുറിച്ച് ചർച്ചകൾ നടന്നു. ആഗോള സഹകരണം കെട്ടിപ്പടുക്കുന്നതിനായി രണ്ട് സാങ്കേതിക ആവാസവ്യവസ്ഥകൾ, ഇന്ത്യയുടെ വൈദഗ്ധ്യമാർന്ന തൊഴിൽശക്തി, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളിൽ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങൾ എന്നിവ തമ്മിൽ നിലവിലുള്ള ബന്ധങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് സിഇഒമാർ ചർച്ച ചെയ്തു. തന്ത്രപരമായ സഹകരണം ആരംഭിക്കുന്നതിനും മാനദണ്ഡങ്ങളിൽ സഹകരിക്കുന്നതിനും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അതതു വ്യവസായങ്ങൾ തമ്മിൽ നിരന്തരം ഇടപഴകുന്നതിനും അവർ ആഹ്വാനം ചെയ്തു.
സാമൂഹിക-സാമ്പത്തിക വളർച്ചയ്‌ക്കായി ഇന്ത്യ-യുഎസ് സാങ്കേതിക സഹകരണം പ്രയോജനപ്പെടുത്തുന്നതിനുള്ള അനന്തമായ സാധ്യതകളെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. നവീകരണ സംസ്കാരം വളർത്തിയെടുക്കുന്നതിൽ ഇന്ത്യയിലെ പ്രതിഭാധനരായ യുവാക്കളുടെ സംഭാവനയെയും അദ്ദേഹം അഭിനന്ദിച്ചു. ബയോടെക്നോളജി, ക്വാണ്ടം എന്നിവയുൾപ്പെടെയുള്ള പുതിയ മേഖലകളിലേക്ക് ഇന്ത്യ-യുഎസ് സാങ്കേതിക പങ്കാളിത്തം വിപുലീകരിക്കുന്നതിനു സഹായമേകണമെന്നു പ്രസിഡന്റ് ബൈഡൻ സിഇഒമാരോട് ആവശ്യപ്പെട്ടു. നമ്മുടെ ജനങ്ങൾക്കും ലോകത്തിനും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യ-യുഎസ് പങ്കാളിത്തം നിർണായക പങ്ക് വഹിക്കുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി.
ചടങ്ങിൽ പങ്കെടുത്ത വ്യവസായ പ്രമുഖർ ഇവരാണ്:
യുഎസ്എയിൽ നിന്ന്:
1. രേവതി അദ്വൈതി, സിഇഒ, ഫ്ലെക്സ്
2. സാം ആൾട്ട്മാൻ, സിഇഒ, ഓപ്പൺഎഐ
3. മാർക്ക് ഡഗ്ലസ്, പ്രസിഡന്റ് & സിഇഒ, എഫ്എംസി കോർപ്പറേഷൻ
4. ലിസ സു, സിഇഒ, എഎംഡി
5. വിൽ മാർഷൽ, സിഇഒ, പ്ലാനറ്റ് ലാബ്സ്
6. സത്യ നദെല്ല, സിഇഒ, മൈക്രോസോഫ്റ്റ്
7. സുന്ദർ പിച്ചൈ, സിഇഒ, ഗൂഗിൾ
8. ഹേമന്ത് തനേജ, സിഇഒ & മാനേജിങ് ഡയറക്ടർ, ജനറൽ കാറ്റലിസ്റ്റ്
9. തോമസ് ടുൾ, സ്ഥാപകൻ, ടുൾകോ എൽഎൽസി
10. സുനിത വില്യംസ്, നാസ ബഹിരാകാശ സഞ്ചാരി
ഇന്ത്യയിൽ നിന്ന്:
1. ആനന്ദ് മഹീന്ദ്ര, മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ
2. മുകേഷ് അംബാനി, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ & എംഡി
3. നിഖിൽ കാമത്ത്, സെരോദ & ട്രൂ ബീക്കൺ സഹസ്ഥാപകൻ
4. വൃന്ദ കപൂർ, 3rdiടെക് സഹസ്ഥാപക
പ്രതികരിക്കാൻ ഇവിടെ എഴുതുക: