കാസർകോട് : കരിന്തളം കോളേജിൽ വ്യാജ പ്രവൃത്തിപരിചയ രേഖ ഉപയോഗിച്ച് ജോലി നേടിയ കേസിൽ ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് വിദ്യയ്ക്ക് നോട്ടീസ് നൽകി നീലേശ്വരം പൊലീസ്. കരിന്തളം കോളേജ് പ്രിൻസിപ്പല്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വ്യാജ പ്രവൃത്തി പരിചയ രേഖാ കേസിൽ അഗളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിദ്യയ്ക്ക് ശനിയാഴ്ച ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. 50,000 രൂപയുടെ രണ്ട് പേരുടെ ആൾജാമ്യത്തിലാണ് കോടതി വിട്ടയച്ചത്. കേരളം വിട്ട് പോകരുത്, പാസ്പോർട്ട് ഹാജരാക്കണം, കുറ്റം ആവർത്തിക്കരുത് എന്നിങ്ങനെ കർശന ഉപാധികളോടെയാണ് ജാമ്യം.
രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. രണ്ടാമത്തെ കേസിൽ വിദ്യയെ നീലേശ്വരം പൊലീസിന് കസ്റ്റഡിയിലെടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യലിനെത്താൻ നോട്ടീസ് നൽകിയത്.
രണ്ടു വര്‍ഷം മഹാരാജാസില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റാണ് വിദ്യ ഉണ്ടാക്കിയത്. ഇതുപയോഗിച്ച് 2022 ജൂണ്‍ മുതല്‍ 2023 മാര്‍ച്ച് വരെ വിദ്യ കരിന്തളം ഗവ കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു.
കരിന്തളം കോളേജിൽ സമർപ്പിച്ച അതേ വ്യാജ സർട്ടിഫിക്കറ്റ് തന്നെയാണ് അട്ടപ്പടിയിലും നൽകിയതെന്നും പിടിക്കെപ്പെടുമെന്ന് ഉറപ്പായപ്പോൾ രേഖകൾ നശിച്ചുവെന്നും പ്രതി മൊഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: