മുംബൈ: ട്രെയിൻമാൻ എന്ന ഓൺലൈൻ ട്രെയിൻ ടിക്കറ്റ് വിൽപന നടത്തുന്ന കമ്പനിയെ വിലയ്‌ക്കെടുത്ത് അദാനി ഗ്രൂപ്പ് ഈ രംഗത്തേക്ക് കടന്നുവരുന്നത് വിവാദമാക്കേണ്ടതില്ലെന്ന് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (ഐആർസിടിസി). അദാനിഗ്രൂപ്പിന്റെ കടന്നുവരവ് ഐആർസിടിസിയെ തകര്‍ക്കുമെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഐആർസിടിസി പറഞ്ഞു.
ജയറാം രമേശിന്റെ വാദം പൊളിയ്‌ക്കുന്ന ഐആർസിടിസിയുടെ ട്വീറ്റ്:
“ആദ്യം ഐആര്‍സിടിസിയുമായി മത്സരിക്കും…പിന്നെ ഐആര്‍സിടിസിയെ വിലയ്‌ക്കെടുക്കും”- ഇതായിരുന്നു. ട്രെയിന്‍മാനെ അദാനി ഏറ്റെടുത്തതായുള്ള വാര്‍ത്തയോടുള്ള ജയറാം രമേശിന്റെ പ്രതികരണം. എന്നാല്‍ ഈ പ്രസ്താവനയ്‌ക്ക് യാതൊരു അടിസ്ഥാനവുമില്ല. കാരണം ഐആർസിടിസിയുടെ 32 ബി2സി (ബിസിനസ് ടു കണ്‍സ്യൂമര്‍) പങ്കാളികളിൽ ഒരാള്‍ മാത്രമാണ് ട്രെയിൻമാൻ. ഇന്ത്യൻ റെയിൽവേയിൽ പ്രതിദിനം 14.5 ലക്ഷം റിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെടുന്നുണ്ടെന്നും അതിൽ 81 ശതമാനം ഇ-ടിക്കറ്റുകളും ഐആർസിടിസി വഴിയാണ് ബുക്ക് ചെയ്യുന്നതെന്നും ഐആർസിടിസി വ്യക്തമാക്കി. മൊത്തം റിസർവ് ചെയ്ത ടിക്കറ്റിംഗിന്റെ 0.13 ശതമാനം മാത്രമാണ് ട്രെയിന്‍മാന്‍ സംഭാവന ചെയ്യുന്നതെന്നും ഐആർസിടിസി കൂട്ടിച്ചേർത്തു. അതുകൊണ്ട് ട്രെയിന്‍മാന് ടിക്കറ്റ് ബുക്കിംഗ് കാര്യത്തില്‍ ഐആർസിടിസി എന്ന കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളസ്ഥാപനത്തിന് ഒരിയ്‌ക്കലും മത്സരിക്കാന്‍ കഴിയില്ല. അതുകൊണ്ട് ട്രെയിന്‍മാന്‍ ഒരിയ്‌ക്കലും ഐആർസിടിസിയ്‌ക്ക് തലവേദനയാകില്ലെന്നും ഐആർസിടിസി പറയുന്നു.
ജയറാം രമേശിന്‍റേത് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണെന്നും ട്രെയിൻമാൻ ഓഹരി മാറ്റൽ പ്രശ്നമാകില്ലെന്നും, ട്രെയിൻമാൻ പങ്കാളികളിൽ ഒരാൾ മാത്രമായതിനാൽ, മറ്റേതെങ്കിലും ഏജൻസി അത് ഏറ്റെടുക്കുന്നത് തങ്ങളെ ബാധിക്കില്ലെന്നും എല്ലാ സംയോജന പ്രവർത്തനങ്ങളും ഐആർസിടിസി വഴി തുടരുമെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു.. ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്ഫോം ആയ ‘ട്രെയിൻമാനെ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത് ദുസ്സൂചനയാണെന്ന് പറഞ്ഞുള്ള കോൺഗ്രസ് പ്രതികരണത്തിന് പിന്നാലെയാണ് ഐആർസിടിസി വിശദീകരണം.
കഴിഞ്ഞ ദിവസമാണ് അദാനി എന്‍റർപ്രൈസസിന്റെ ഉടമസ്ഥതയിലുള്ള അദാനി ഡിജിറ്റൽ ലാബ് പ്രൈവറ്റ് ലിമിറ്റഡ് ട്രെയിന്‍മാനെ വാങ്ങിയത്. സ്റ്റാർക്ക് എന്‍റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ട്രെയിൻമാന്റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നതായി അദാനി എന്‍റർപ്രൈസസ് വ്യക്തമാക്കിയിരുന്നു..
ഐആർസിടിസി അംഗീകൃത ഓൺലൈൻ ട്രെയിൻ ബുക്കിംഗ്, ഇൻഫർമേഷൻ പ്ലാറ്റ്ഫോമായ ട്രെയിൻമാൻ സ്വന്തമാക്കുന്നതിലൂടെ ടിക്കറ്റ് ബുക്കിംഗ് രംഗത്തെ ഐആർസിടിസി കുത്തക തകർക്കുകയാണ് അദാനിഗ്രൂപ്പിന്റെ ലക്ഷ്യമെന്ന തരത്തിലുള്ള കോണ്‍ഗ്രസ് പ്രചാരണത്തില്‍ കഴമ്പില്ല. അതുകൊണ്ട് ട്രെയിൻമാനെ അദാനി എന്‍റർപ്രൈസസ് ഏറ്റെടുക്കുന്നത് ഐആർസിടിസിയെ ബാധിക്കില്ലെന്നാണ് ഫാക്ട് ചെക്കില്‍ മനസ്സിലാകുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ ട്വീറ്റ് തെറ്റിദ്ധരിപ്പിക്കലാണെന്നും ഫാക്ട് ലി എന്ന വാര്‍ത്തകളിലെ വസ്തുതകള്‍ പരിശോധിക്കുന്ന ഫാക്ട് ചെക്കിംഗ് വെബ്സൈറ്റും അവകാശപ്പെടുന്നു.
നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോഴും അദാനി ഗ്രൂപ്പിനെതിരെ ജയറാം രമേശ് ആഞ്ഞടിച്ചിരുന്നു. എന്നാല്‍ നിശ്ശബ്ദമായി ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങള്‍ ശരിയല്ലെന്ന് അദാനി ഗ്രൂപ്പ് തെളിയിച്ചതോടെ അദാനി ഓഹരികള്‍ കുതിച്ചുയര്‍ന്നതോടെ ജയറാം രമേശ് ഈ വിവാദത്തില്‍ നിന്നും തലയൂരിയിരുന്നു. ഇപ്പോള്‍ ട്രെയിന്‍മാന്‍ അദാനി ഏറ്റെടുത്തതോടെയാണ് പുതിയ വിവാദവുമായി ചാടിവീണിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: