Categories: Kerala

വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മുന്‍ എസ്എഫ്‌ഐ നേതാവ് അബിന്‍ സി. രാജ്; കേസില്‍ പ്രതി ചേര്‍ക്കും, വിദേശത്തു നിന്നും ഇയാളെ നാട്ടിലെത്തിക്കാനും ശ്രമം

മുന്‍ എസ്എഫ്‌ഐ നേതാവ് കൂടിയായ അബിന് രണ്ട് ലക്ഷം രൂപ നല്‍കിയാണ് നിഖില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്. അബിന്‍ നിലവില്‍ മാലിദ്വീപില്‍ അധ്യാപകനാണ്

Published by

കോട്ടയം : വ്യാജ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയത് എസ്എഫ്‌ഐ മുന്‍ കായംകുളം ഏരിയാ പ്രസിഡന്റ് അബിന്‍ സി. രാജാണെന്ന് നിഖില്‍ തോമസിന്റെ വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിലാണ് നിഖില്‍ ഇക്കാര്യം അറിയിച്ചത്. ഇതോടെ അബിനും കേസില്‍ പ്രതിയാകും. നിലവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് പുറത്തുവന്നതോടെ സിപിഎം നിഖിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. അബിന്‍ മാലിദ്വീപിലാണുള്ളത്.  

കേസ് പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍ പോയ നിഖിലിനെ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കോട്ടയത്ത് കെഎസ്ആര്‍ടിസി ബസില്‍ വെച്ചാണ് പിടികൂടിയത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് വിദേശത്തുള്ള സുഹൃത്താണെന്നാണ് നിഖില്‍ ആദ്യം പ്രതികരിച്ചത്. കലിംഗ സര്‍വകലാശാലയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റാണെന്നും കേരള സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്താല്‍ പ്രശ്‌നമില്ല. മുന്‍ എസ്എഫ്‌ഐ നേതാവായ സുഹൃത്ത് കായംകുളത്ത് വിദ്യാഭ്യാസ ഏജന്‍സി നടത്തിയിരുന്നുവെന്നും നിഖില്‍ പറഞ്ഞു.  

മുന്‍ എസ്എഫ്‌ഐ നേതാവ് കൂടിയായ അബിന് രണ്ട് ലക്ഷം രൂപ നല്‍കിയാണ് നിഖില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്. അബിന്‍ നിലവില്‍ മാലിദ്വീപില്‍ അധ്യാപകനാണ്. 2020 ല്‍ നിഖിലിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി കണ്ടെത്തിയിട്ടുമുണ്ട്. അബിന്‍ നേരത്തേ വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ഏജന്‍സിയും നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇയാള്‍ ഇതിന് മുമ്പ് പലര്‍ക്കും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സംഘടിപ്പിച്ചു നല്‍കിയതായും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.  

കൊച്ചിയിലെ വിദേശ മാന്‍പവര്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സിയാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയത്. അബിന്‍ സി രാജാണ് ഏജന്‍സിയെ പരിചയപ്പെടുത്തി നല്‍കിയതെന്നാണ് നിഖില്‍ പറയുന്നത്. സര്‍ട്ടിഫിക്കറ്റിനായി സ്വകാര്യ ഏജന്‍സിക്ക് നല്‍കിയ പണം അബിന്റേതാണ്. അബിന്‍ സി. രാജിനെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളും പോലീസ് തുടങ്ങിയതായും ഡിവൈഎസ്പി പറഞ്ഞു.  ബസ്സിനുള്ളില്‍ വച്ചാണ് നിഖിലിനെ പിടികൂടിയതെന്നും കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്നു. കൊട്ടാരക്കരയ്‌ക്ക് എന്തിന് ടിക്കറ്റ് എടുത്തു എന്നുള്ളതും  അന്വേഷിക്കുമെന്നും ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷാഫി പറഞ്ഞു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by